| Wednesday, 4th July 2018, 10:38 am

ഓര്‍ത്തഡോക്‌സ് സഭ വൈദികനെതിരെ റാന്നിയിലെ ഭദ്രാസനത്തിലും പീഡന പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: ഓര്‍ത്തഡോക്‌സ് സഭ വൈദികനെതിരെ റാന്നിയിലെ ഭദ്രാസനത്തിലും ലൈംഗിക പീഡന പരാതി. സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പരാതിക്കാരന്‍ പീഡന പരാതി പിന്‍വലിച്ചതായാണ് ആരോപണം. ജൂണ്‍ നാലിനാണ് വൈദികനെതിരെ പരാതി നല്‍കിയത്. നടപടിയെടുക്കാതെ പരാതി പിന്‍വലിക്കുകയായിരുന്നു. പരാതി പിന്‍വലിപ്പിച്ചതില്‍ സഭാ വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.

വീട്ടമ്മയായ യുവതിയുടെ ഭര്‍ത്താവാണ് വൈദികനെതിരെ പരാതി നല്‍കിയത്. സംഭവം പുറത്തറിഞ്ഞതോടെ യുവതി മാനസികമായി സമ്മര്‍ദ്ദത്തിലായെന്നും തുടര്‍ന്ന് ചികിത്സ തേടിയെന്നും ഭര്‍ത്താവ് പറയുന്നു. പരാതിയെ തുടര്‍ന്ന് ആരോപണം ഉയര്‍ന്ന വൈദികനെ അവിടെ നിന്നും മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഈ പരാതി പിന്‍വലിക്കുന്ന സാഹചര്യമാണുണ്ടായത്. പരാതി പിന്‍വലിച്ചത് സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നാണ് സഭാ വിശ്വാസികള്‍ ആരോപിക്കുന്നത്.


Also Read:പാര്‍ട്ടി നല്‍കിയ പദവികള്‍ ദുരുപയോഗം ചെയ്തു; ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമിത് ഷാ


അതിനിടെ, കുമ്പസാര രഹസ്യം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവതി മജിസ്‌ട്രേറ്റിന് മുമ്പില്‍ രഹസ്യമൊഴി നല്‍കി. രഹസ്യമൊഴിയിലും യുവതി മുന്‍ നിലപാടില്‍  ഉറച്ചുനിന്നതോടെ വൈദികരെ അറസ്റ്റു ചെയ്യാനുള്ള നീക്കം ക്രൈംബ്രാഞ്ച് ആരംഭിച്ചിരിക്കുകയാണ്.

മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴിയില്‍ യുവതി ബലാത്സംഗ ആരോപണം ഉന്നയിച്ചിട്ടുണ്ട്.


Also Read:വൈദികര്‍ തന്നെ പീഡിപ്പിച്ചെന്ന കാര്യം ഉറപ്പിച്ച് യുവതിയുടെ രഹസ്യ മൊഴി; രണ്ട് വൈദികരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍


ഇന്നലെ വൈകുന്നേരം അഞ്ചര മുതല്‍ രണ്ട് മണിക്കൂറോളം സമയമെടുത്താണ് തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് ഇരയായ യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. 164ാം വകുപ്പുപ്രകാരം രേഖപ്പെടുത്തിയ മൊഴിയുടെ പകര്‍പ്പ് കിട്ടുന്നതോടെ തുടര്‍നടപടി സ്വീകരിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.

നേരത്തെ അന്വേഷണ സംഘം യുവതിയുടെ മൊഴിയെടുക്കുകയും തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തുകയും ചെയ്തിരുന്നു. ഓര്‍ത്തഡോക്‌സ് സഭയിലെ നാല് വൈദികര്‍ പീഡിപ്പിച്ചുവെന്നാണ് യുവതി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ബലാത്സംഗം, ഭീഷണി എന്നീ കുറ്റങ്ങള്‍ക്കെതിരായ വകുപ്പുകള്‍ പ്രകാരമാണ് വൈദികര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

We use cookies to give you the best possible experience. Learn more