മുംബൈ: ലിംഗ വിവേചനപരമായ പ്രസ്താവന നടത്തി വിവാദത്തിലായി മഹാരാഷ്ട്ര ഭരണകക്ഷിയായ എൻ.സി.പി അംഗവും മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയുമായ ദിലീപ് വാൻസ പാട്ടേൽ. പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ പരാമർശം.
മികച്ച ദാമ്പത്യ ബന്ധത്തിനായി പുരുഷന്മാർ വീടിന് പുറത്തു ജോലി ചെയ്യണമെന്നും സ്ത്രീകൾ വീടിനകത്ത് ജോലികളും ചെയ്യണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
നേരത്തെ ബി.ജെ.പി അധ്യക്ഷൻ ചന്ദ്രകാന്ത് നടത്തിയ ലിംഗവിവേചന പരാമർശങ്ങൾ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പട്ടേലിന്റെ പരാമർശം.
എൻ.സി.പി നേതാവ് സുപ്രിയ സുലെയോടായിരുന്നു ചന്ദ്രകാന്ത് വിവേചന പരാമർശം നടത്തിയത്. രാഷ്ട്രീയം എന്താണെന്ന് മനസ്സിലാകുന്നില്ലെങ്കിൽ വീട്ടിൽ പോയി പാചകം ചെയ്യുവെന്നായിരുന്നു ചന്ദ്രകാന്ത് സുപ്രിയ സുലെയെ പരാമർശിച്ചുകൊണ്ട് പറഞ്ഞത്. മഹാരാഷ്ട്രയിലെ ഒ.ബി.സിക്ക് സംവരണം നൽകുന്നതിനെച്ചൊല്ലി ഇരു പാർട്ടികളും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു ചന്ദ്രകാന്തിന്റെ വിവാദ പരാമർശം.
എൻ.സി.പി നേതാവിന്റെ പരാമർശത്തിൽ പ്രതിഷേധവുമായി ആന്ധ്രപ്രദേശ് ബി.ജെ.പി നേതാവ് വിഷ്ണു വർധൻ രംഗത്തെത്തിയിരുന്നു. ആഭ്യന്തര മന്ത്രിയുടെ സഹപ്രവർത്തകയായ പ്രിയങ്ക ചതുർവേദിയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. പട്ടേലിന്റെ പരാമർശത്തിന്റെ ക്രെഡിറ്റ് പ്രിയങ്ക ഏറ്റെടുക്കുന്നത് കാണാൻ കാത്തിരിക്കുകയാണെന്നായിരുന്നു വിഷ്ണു വർധൻ ട്വീറ്റിൽ കുറിച്ചത്.
അതേസമയം വിമർശനങ്ങളോട് പട്ടേൽ പ്രതികരിച്ചിട്ടില്ല.
Content Highlight: sexist comment of NCP leader goes viral