| Friday, 21st June 2013, 12:19 am

കേരളത്തില്‍ 20000ത്തിലധികം ലൈംഗികത്തൊഴിലാളികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കണ്ണൂര്‍: കേരളത്തില്‍ ഏകദേശം 28000 പേര്‍ ജീവിതവൃത്തിക്കായി ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുന്നതായി കണക്ക്. എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ സര്‍വേ പ്രകാരം 27458 പേരാണ് ഈ തൊഴിലിലുള്ളത്.

എച്ച്.ഐ.വി.ബാധിതരെ കണ്ടെത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ 14 ജില്ലകളിലായി സൊസൈറ്റി നടത്തിയ സര്‍വേയിലാണ് ഇക്കാര്യം തെളിഞ്ഞത്. []

കണക്കില്‍പ്പെടാത്ത രണ്ടായിരത്തിലധികം പേരെങ്കിലും വേറെ കാണുമെന്ന് സൊസൈറ്റി പറയുന്നു. സ്വവര്‍ഗരതിക്കാരായ 20317 പുരുഷന്‍മാരും സംസ്ഥാനത്തുണ്ട്.

ലൈംഗികത്തൊഴിലാളികളില്‍ ഭൂരിപക്ഷം പേരും 35മുതല്‍ 50 വയസ്സുവരെ പ്രായമുള്ളവരാണ്. ആലപ്പുഴയില്‍ 25വയസ്സില്‍ താഴെയുള്ളവര്‍ ഈ തൊഴിലില്‍ ഏര്‍പ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഏറണാകുളം, മലപ്പുറം എന്നിവിടങ്ങളിലാണ് ലൈംഗികത്തൊഴിലാളികള്‍ കൂടുതല്‍. തീര്‍ത്തും ദുരിത ജീവിതസാഹചര്യത്തില്‍നിന്ന് വരുന്നവരാണ് മിക്കവരും. ദിവസം പലര്‍ക്കും കിട്ടുന്നത് 100മുതല്‍ 500 രൂപ വരെ.

തെരുവുകളും ചെറിയ ലോഡ്ജുകളും ഒറ്റപ്പെട്ട വീടുകളും കേന്ദ്രീകരിച്ച് ലൈംഗികത്തൊഴില്‍ ചെയ്യുന്ന പാവപ്പെട്ടവരുടെ കണക്ക് മാത്രമാണിത്. അതേസമയം വലിയ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചും മറ്റും നടത്തുന്ന കണക്കുകള്‍ ഇതില്‍പ്പെടില്ല.

ലെംഗികത്തൊഴിലാളികളില്‍ എച്ച്.ഐ.വി.(എയ്ഡ്‌സ് രോഗത്തിന് കാരണമാകുന്ന ഹ്യൂമണ്‍ ഇമ്യുണോ വൈറസ്) രോഗാണുബാധിതരുടെ എണ്ണം നൂറില്‍ താഴെയേ ഉള്ളൂ.

സ്വവര്‍ഗരതിക്കാരില്‍ ഇതുവരെ 74 പേര്‍ക്ക് എച്ച്.ഐ.വി. ബാധ കണ്ടെത്തി. ശക്തമായ ബോധവത്കരണവും ഗര്‍ഭനിരോധന ഉറകളുടെ ഉപയോഗവും ആണു രോഗാവസ്ഥ കുത്തനെ കുറയാന്‍ കാരണമെന്ന് കേരളാ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ജോയിന്റ് ഡയറക്ടര്‍ ഡന്നീസ് ജോര്‍്ജ് പറയുന്നു.

We use cookies to give you the best possible experience. Learn more