| Friday, 12th February 2016, 3:41 pm

സൊനാഗച്ചിയിലെ ലൈംഗികത്തൊഴിലാളികള്‍ ജീവിതത്തിന്റെ റെഡ്‌ലൈറ്റില്‍ നിന്നും ഇനി വര്‍ണലോകത്തേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്


കൊല്‍ക്കത്ത: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ “റെഡ് ലൈറ്റ് സ്ട്രീറ്റ്” ആയി കണക്കാക്കപ്പെടുന്ന ബംഗാളിലെ സോനാഗച്ചിയിലെ ഒരുകൂട്ടം ലൈംഗികത്തൊഴിലാളികള്‍ ഇനി ജീവിതത്തിന്റെ വര്‍ണ ലോകത്തിലേക്ക് പ്രവേശിക്കുവാനൊരുങ്ങുകയാണ്. സംഗീതത്തിലും നൃത്തത്തിലും അഭിനയത്തിലും പരിശീലനം നേടി ടെലിവിഷന്‍ സീരിയലുകളിലും സിനിമകളിലും തങ്ങളുടെ ജീവിതത്തിന്റെ വര്‍ണക്കാഴ്ചകള്‍ കണ്ടെത്താനൊരുങ്ങുകയാണ് ഇവര്‍.

നിര്‍ബന്ധിത മാംസകകച്ചവടത്തിന്റെ കൈപ്പിടിയില്‍ നിന്നും എല്‍.ജി.ഒ പ്രവര്‍ത്തകര്‍ രക്ഷപ്പെട്ടുത്തിയ ഒരു പറ്റം പെണ്‍കുട്ടികളും ലൈംഗീക വ്യാപാരത്തില്‍ മനം മടുത്ത തൊഴിലാളികളുമാണ് പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത്. എ.ബി.സി.യിലെ തൊഴിലാളികളാണ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്. ലൈംഗിക തൊഴിലാളികളെയും അവരുടെ കുട്ടികളെയും മുഖ്യധാരയിലെത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രൂപീകരിച്ച ഈ പദ്ധതിക്ക് “സ്വാതന്ത്യത്തിന്റെ പ്രകാശം”(ലൈറ്റ് ഒഫ് ഫ്രീഡം) എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.

“”ലൈംഗിക തൊഴിലാളികള്‍ക്കും അവരുടെ കുട്ടികള്‍ക്കും മാംസക്കച്ചവടത്തില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടികള്‍ക്കും വേണ്ടിയുള്ള രണ്ടാം ഘട്ട പുനരധിവാസ പ്രവര്‍ത്തനമാണ് ഇത്. അവര്‍ക്ക് നൃത്തത്തിലും സംഗീതത്തിലും അഭിനയത്തിലും പരിശീലനം നല്‍കി സിനിമകളിലും സീരിയലുകളിലും അവസരങ്ങള്‍ സൃഷ്ടിക്കാനാണ് ശ്രമം””, സംസ്ഥാന സാമൂഹ്യ,വനിതാ ശാക്തീകരണ വകുപ്പ് മന്ത്രി ശശി പഞ്ച പറഞ്ഞു.

മുന്‍പും ഗവണ്‍മെന്റ് നെയ്ത്ത്, തുന്നല്‍ തുടങ്ങിയവയില്‍ പരിശീലനം നല്കിക്കൊണ്ട് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍, അത്തരം പരിശീലനങ്ങളിലൂടെ അവരെ സാമ്പത്തിക ഭദ്രതയിലെത്തിക്കാന്‍ കഴിഞ്ഞില്ല. പദ്ധതിയെകുറിച്ച് സിനിമാ-സീരിയല്‍ നിര്‍മാതാക്കളോട് സംസാരിച്ചതായും മന്ത്രി പറഞ്ഞു.ലൈംഗിക തൊഴിലാളികള്‍ക്കും രക്ഷപ്പെട്ട പെണ്‍കുട്ടികള്‍ക്കും സ്‌പോക്കണ്‍ ഇംഗ്ലിഷ് പരിശീലനവും നല്‍കുന്നുണ്ട്.

We use cookies to give you the best possible experience. Learn more