| Saturday, 30th November 2019, 7:22 pm

ഉപതെരഞ്ഞെടുപ്പിനു ദിവസങ്ങള്‍ ശേഷിക്കേ കര്‍ണാടകത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ആശങ്കയില്‍; എട്ടു നേതാക്കളുടെ പേരില്‍ ലൈംഗികാരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകത്തില്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ ബി.ജെ.പിയും കോണ്‍ഗ്രസും ആശങ്കയില്‍. തങ്ങളുടെ നേതാക്കള്‍ ലൈംഗികാരോപണത്തില്‍പ്പെട്ടെന്ന അഭ്യൂഹങ്ങളാണ് ഇവരെ വെട്ടിലാക്കുന്നത്.

സംസ്ഥാനത്തെ എട്ട് നേതാക്കളുടെ പേരിലാണ് ഇപ്പോള്‍ ലൈംഗികാരോപണം ഉയര്‍ന്നിരിക്കുന്നത്. ഇതില്‍ പലരുടെയും വീഡിയോ ദൃശ്യങ്ങളും ശബ്ദരേഖകളും പുറത്തിറങ്ങിക്കഴിഞ്ഞു. അതില്‍ ബി.ജെ.പിയുടെ ആറു നേതാക്കളും കോണ്‍ഗ്രസിന്റെ രണ്ടു നേതാക്കളുമുണ്ട്.

താനും മറ്റൊരു വ്യക്തിയുമായി അടുത്തിടപഴകി സംസാരിക്കുന്ന ഒരു ശബ്ദരേഖ പ്രചരിച്ചതിനെത്തുടര്‍ന്ന് ഒരു ബി.ജെ.പി എം.എല്‍.എ പൊലീസിനെ സമീപിച്ചതോടെയാണു സംഭവം വിവാദമായിത്തുടങ്ങിയത്. ശബ്ദരേഖ പ്രചരിപ്പിക്കാതിരിക്കണമെങ്കില്‍ തങ്ങള്‍ക്ക് 10 കോടി രൂപ നല്‍കണമെന്ന് എം.എല്‍.എയോടു ചിലര്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതില്‍ നവംബര്‍ എട്ടിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്നു കഴിഞ്ഞ വ്യാഴാഴ്ച എട്ടുപേരടങ്ങുന്ന ഒരു സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. അതില്‍ രണ്ടു സ്ത്രീകളുമുണ്ട്. അവരില്‍ നിന്നാണു മറ്റ് ഏഴു നേതാക്കളുടെ വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ചത്.

തങ്ങള്‍ക്ക് ഒരു എം.എല്‍.എയുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണു നടപടിയെടുത്തതെന്നും ബെംഗളൂരു പൊലീസ് കമ്മീഷണര്‍ ഭാസ്‌കര്‍ റാവു ‘ദ പ്രിന്റി’നോടു പറഞ്ഞു. കൂടുതല്‍ ഇരകളുണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ പരാതിപ്പെടണമെന്നും തങ്ങള്‍ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അഞ്ചാം തീയതി 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണു വിവാദം. ഏഴ് സീറ്റെങ്കിലും ജയിച്ചില്ലെങ്കില്‍ സര്‍ക്കാരിനു ഭൂരിപക്ഷം നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ് ബി.ജെ.പി.

നേതാക്കളുടെ പേര് പൊലീസ് പുറത്തുവിട്ടിട്ടില്ല. ബ്ലാക്ക്‌മെയിലിന്റെയും കൊള്ളയുടെയും ഇരകളെന്നാണ് പൊലീസ് അവരെ വിശേഷിപ്പിക്കുന്നത്. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ അതങ്ങനെതന്നെയായിരിക്കുമെന്നും ഒരു മുതിര്‍ന്ന പൊലീസുദ്യോഗസ്ഥന്‍ പ്രിന്റിനോടു പറഞ്ഞു.

അതിനിടെ ഒരു എം.എല്‍.എ തന്റെ പേര് വലിച്ചിഴയ്ക്കുന്നതിനെതിരെ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

വിവാദമുണ്ടായ സാഹചര്യം സംശയാസ്പദമാണെന്നായിരുന്നു ബി.ജെ.പി വക്താവ് വമന്‍ ആചാര്യയുടെ പ്രതികരണം. പ്രതിപക്ഷം ഈ സംഭവം ഉപയോഗിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

ഹണിട്രാപ്പ് ഒരുതരം വ്യവസായമാണെന്നും ഒരു സ്ത്രീയും പുരുഷനും സ്വകാര്യമായി കാണുകയാണെങ്കില്‍ ഇങ്ങനെയൊക്കെ നടക്കുന്നതു സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തങ്ങളുടെ രണ്ടു നേതാക്കള്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് അന്വേഷണം തുടങ്ങി. ഒരു പൗരസമൂഹത്തില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നും പൊലീസ് അന്വേഷിക്കട്ടെയെന്നും കുറ്റവാളികള്‍ ആരെന്ന് അവര്‍ തീരുമാനിക്കട്ടെയെന്നും കോണ്‍ഗ്രസ് നേതാവും ബല്ലാരി എം.പിയുമായ വി.എസ് ഉഗ്രപ്പ പ്രതികരിച്ചു.

2017-18 കാലഘട്ടത്തിലാണ് ഈ വീഡിയോ ദൃശ്യങ്ങളും ശബ്ദരേഖകളും ഉണ്ടായിരിക്കുന്നത്. ചില വീഡിയോ ദൃശ്യങ്ങള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്തു പണമാവശ്യപ്പെടാന്‍ വേണ്ടി ഉപയോഗിച്ചിരുന്നതായി പൊലീസ് കണ്ടെത്തി.

രഘു എന്ന രാഘവേന്ദ്ര, അയാളുടെ സുഹൃത്ത് പുഷ്പ എന്നിവരാണു പ്രഥമാദൃഷ്ട്യാ പ്രതികള്‍. ഉത്തര കര്‍ണാടകത്തിലെ രാഷ്ട്രീയ നേതാക്കളെയാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നതെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്.

ആഴ്ചകളോളും ഒരു രാഷ്ട്രീയ നേതാവിനെ നിരീക്ഷിച്ച ശേഷമാണ് അവരെ ഇതിനായി തെരഞ്ഞെടുക്കണോ വേണ്ടയോ എന്നതില്‍ തീരുമാനമെടുക്കുകയെന്ന് ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു.

നേതാക്കളില്‍ ഒരാള്‍ ഇവര്‍ക്ക് നേരത്തേ 45 ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ് ഈയാഴ്ച ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മുന്‍പും കര്‍ണാടകത്തില്‍ ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്. 2012-ല്‍ നിയമസഭയില്‍ വെച്ച് പോണ്‍ ഫിലിം കണ്ട ബി.ജെ.പി നേതാക്കളായ കൃഷ്ണ പാലേമറിനും സി.സി പാട്ടീലിനും മന്ത്രിസ്ഥാനങ്ങള്‍ രാജിവെക്കേണ്ടി വന്നിരുന്നു. ഇവര്‍ക്ക് കര്‍ണാടക നിയമസഭാ സമിതി ക്ലീന്‍ ചിറ്റ് നല്‍കിയെങ്കിലും 2013-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു പരാജയപ്പെട്ടു.

പോണ്‍ ഫിലിം ആരോപണമാണ് ഇവരുടെ പരാജയത്തിനു പിന്നിലെന്നായിരുന്നു അന്നത്തെ ബി.ജെ.പി ആഭ്യന്തര റിപ്പോര്‍ട്ട്. തുടര്‍ന്ന് 2018-ല്‍ പാലേമറിന് ബി.ജെ.പി ടിക്കറ്റ് നിഷേധിച്ചു. പട്ടേല്‍ മത്സരിച്ചു ജയിച്ചു.

2016-ല്‍ ഒരു വീഡിയോ പ്രചരിച്ചതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവായ എച്ച്.വൈ മേത്തിക്ക് സിദ്ധരാമയ്യ മന്ത്രിസഭയില്‍ നിന്നു രാജിവെക്കേണ്ടി വന്നിരുന്നു. തുടര്‍ന്ന് 2018-ല്‍ മത്സരിച്ച അദ്ദേഹം പരാജയപ്പെട്ടു.

We use cookies to give you the best possible experience. Learn more