ലൈംഗികാരോപണം: ശ്വേത ബസുവിനെ വിട്ടയക്കണമെന്ന് കോടതി
Daily News
ലൈംഗികാരോപണം: ശ്വേത ബസുവിനെ വിട്ടയക്കണമെന്ന് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th October 2014, 9:31 am

swetha1 ഹൈദരാബാദ്: ലൈംഗികാരോപണങ്ങളുടെ പേരില്‍ അറസ്റ്റിലായ തെന്നിന്ത്യന്‍ താരം ശ്വേത ബസുവിനെ കോടതി വിട്ടയച്ചു. റസ്‌ക്യൂ ഹോമില്‍ കഴിയുന്ന ശ്വേതയെ അവിടെ നിന്ന് വിട്ടയക്കണമെന്ന് കോടതി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ശ്വേതയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് കോടതി ഉത്തരവ്.

നേരത്തെ ശ്വേതയുടെ അമ്മ കീഴ്‌ക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ശ്വേതയെ തനിക്കൊപ്പം വിട്ടയക്കണമെന്നും താന്‍ അവളെ മുംബൈയിലെ വീട്ടിലേക്ക് കൊണ്ടുപോയി സംരക്ഷിക്കുമെന്നുമാണ് മാതാവ് ഹര്‍ജിയില്‍ പരാമര്‍ശിച്ചിരുന്നത്. ശ്വേത വീണ്ടും ലൈംഗികത്തൊഴിലിലേക്ക് പോകുന്നത് തടയുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ ഹര്‍ജി കീഴ്‌ക്കോടതി തള്ളുകയായിരുന്നു.

ശ്വേതയുടെ അമ്മ നല്‍കിയ ഹര്‍ജിയെ എതിര്‍ത്ത് പോലീസ് രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് കീഴ്‌ക്കോടതി റസ്‌ക്യൂ ഹോമില്‍ തന്നെ താമസിക്കാന്‍ നിര്‍ദേശിച്ചത്. സെപ്റ്റംബറില്‍ അറസ്റ്റിലായശേഷം ഫലക്‌നുമയിലെ റസ്‌ക്യൂഹോമിലാണ് ശ്വേത കഴിയുന്നത്.

കീഴ്‌ക്കോടതി ഉത്തരവിനെതിരെ ശ്വേതയുടെ അമ്മ മേല്‍ക്കോടതിയെ സമീപിക്കുകയായിരുന്നു. ഉത്തരവ് പരിശോധിച്ച ക്രിമിനല്‍ കോടതി ശ്വേതയെ വിട്ടയക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ശ്വേതയെ പുനരധിവസിപ്പിക്കണമെന്നും കൗണ്‍സിലിങ് സഹായം തുടരണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കോടതി ഉത്തരവ് പ്രകാരം ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ശ്വേത മോചിതയാകും.

23 വയസുള്ള ശ്വേതയ്ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. സെക്‌സ് റാക്കറ്റ് നേതാവ് അഞ്ജനേയലുവിന്റെ സംഘത്തിനൊപ്പമാണ് ശ്വേതയും പിടിയിലായത്. സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയശേഷം ശ്വേതയെ റസ്‌ക്യൂ ഹോമിലേക്ക് അയക്കുകയായിരുന്നു.

സാമ്പത്തിക ബുദ്ധിമുട്ട് നേരിടേണ്ടി വന്ന തന്റെ കുടുംബത്തെ സഹായിക്കാന്‍ മറ്റൊരു വഴിയുമില്ലാതെ വന്നപ്പോഴാണ് ലൈംഗികത്തൊഴില്‍ തിരഞ്ഞെടുക്കേണ്ടി വന്നതെന്ന് അറസ്റ്റിലായശേഷം ശ്വേത പറഞ്ഞിരുന്നു. തന്റെ കരിയര്‍ തിരഞ്ഞെടുത്തപ്പോഴും തെറ്റുപറ്റിയെന്നും ശ്വേത വ്യക്തമാക്കിയിരുന്നു.

റസ്‌ക്യൂ ഹോമില്‍ നിന്ന് മോചിക്കപ്പെട്ടാലും കേസിന്റെ വിചാരണയ്ക്കായി ശ്വേതയ്ക്ക് ഇടയ്ക്കിടെ കോടതിയില്‍ വരേണ്ടിവരുമെന്ന് ബഞ്ചാര ഹില്‍സ് പോലീസ് പറഞ്ഞു.