കുച്ച്: ഗുജറാത്തിലെ കുച്ച് ജില്ലയില്‍ പ്രാദേശിക വ്യവസായിയും രാഷ്ട്രീയ നേതാക്കളും ചേര്‍ന്ന്35 സ്ത്രീകളെ സെക്‌സ് റാക്കറ്റിന്റെ വലയിലാക്കിയതായി പരാതി. നാലു ബി.ജെ.പി നേതാക്കളുള്‍പ്പെടെ ഒമ്പത് പേര്‍ ചേര്‍ന്ന് കൂട്ട ബലാല്‍സംഗത്തിനിരയാക്കിയെന്ന ഇരുപത്തിമൂന്നുകാരിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് സെക്‌സ് റാക്കറ്റ് പൊലീസ് പിടിയിലാകുന്നത്.
Also read ജാട്ട് സമുദായത്തോട് വോട്ട് ഇരന്ന് അമിത് ഷാ: ബി.ജെ.പി അധ്യക്ഷന്റെ ശബ്ദരേഖ പുറത്ത്
ബി.ജെ.പിയുടെ താലൂക്ക് പ്രസിഡന്റും കൗണ്‍സിലര്‍മാരും ഉള്‍പ്പെടെ നാലു നേതാക്കള്‍ക്കെതിരെയാണ് ഗുജറാത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നെന്നാണ് 23കാരി നല്‍കിയ പരാതിയില്‍ പറയുന്നത്. കേസില്‍ ഉള്‍പ്പെട്ട ഒമ്പത് പേരുടെയും പേരുകളും പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു.
ബി.ജെ.പി അബ്ദാസ് താലൂക്ക് പ്രസിഡന്റ് ശാന്തിലാല്‍ സോളാങ്കി, ബാക്‌സി പഞ്ച് കൗണ്‍സിലര്‍മാരായ ഗോവിന്ദ് പരുമളനി, അജിത് രാംവാണി, പാര്‍ട്ടി പ്രവര്‍ത്തകനായ വസന്ത് ബഹുന്‍ഷാലി എന്നിവര്‍ക്കെതിരെയാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവം വിവാദമായതോടെ നാലുപേരെയും പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ബി.ജെ.പി ഗുജറാത്ത് സംസ്ഥാന സെക്രട്ടറി കെ.സി പട്ടേല്‍ വ്യക്തമാക്കി.
മുംബൈയില്‍ നിന്ന് കുച്ചിലെ അമ്മയുടെ വീട്ടിലെത്തിയ പെണ്‍കുട്ടിയെയാണ് ബി.ജെ.പി നേതാക്കള്‍ വലയില്‍പ്പെടുത്തിയത്. ജോലി അന്വേഷിച്ചിരുന്ന പെണ്‍കുട്ടിക്ക് മൊബൈല്‍ ഷോപ്പില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മൊബൈല്‍ ഷോപ്പുടമ പെണ്‍കുട്ടിയെ ബി.ജെ.പി നേതാവ് സോളാങ്കിയുടെ അടുത്തെത്തിക്കുകയായിരുന്നു.
മൊബൈല്‍ ഷോപ്പുടമ വാഗ്ദാനം ചെയതതിനേക്കാള്‍ നല്ല ജോലി വാങ്ങിത്തരാമെന്ന് വാദഗ്ദാനം ചെയത സോളങ്കി പെണ്‍കുട്ടിയോട് മറ്റൊരു സ്ഥലത്തേക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇവിടെ വച്ച് സോളങ്കിയുള്‍പ്പെടെ മൂന്ന് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി. പിന്നീട് സംഭവം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി നിരവധി സ്ഥലങ്ങളില്‍ വച്ചും പെണ്‍കുട്ടിയെ സോളങ്കി പീഡിപ്പിക്കുകയും മറ്റു പലര്‍ക്കുമായി എത്തിച്ച് കൊടുക്കുകയും ചെയ്‌തെന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടിയുടെ പരാതിയുടെ മേല്‍ നടത്തിയ അന്വേഷണത്തിലാണ് 35ഓളം സ്ത്രീകള്‍ റാക്കറ്റിന്റെ വലയില്‍ ഉള്‍പ്പെട്ടതായി പൊലീസ് കണ്ടെത്തുന്നത്.
ബി.ജെപി നേതാക്കള്‍ സെക്‌സ് റാക്കറ്റ് നടത്തുന്നെന്ന പരാതി വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന ഭയത്തിലാണ് ബി.ജെ.പി. സംഭവത്തിനു പിന്നില്‍ ഉള്‍പ്പെട്ടവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഗുജറാത്ത് ആഭ്യന്തര മന്ത്രി പ്രദീപ് സിങ് ജഡേജ പറഞ്ഞു. സംഭവത്തെ രാഷ്ട്രീയ വല്‍ക്കരിക്കുന്ന കോണ്‍ഗ്രസിന്റെയും ആം ആദ്മിയുടെ നടപടിയെയും മന്ത്രി വിമര്‍ശിച്ചു.