| Monday, 24th October 2016, 3:46 pm

സെക്‌സ് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ രേഖകളില്‍ സെക്‌സ് എന്ന വാക്ക് പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൗമാരക്കാര്‍ക്കുവേണ്ടിയുള്ള ലൈംഗിക വിദ്യാഭ്യാസമെന്ന നയവുമായി ബന്ധപ്പെട്ട രേഖകളില്‍ “സെക്‌സ്” എന്ന വാക്ക് ഉപയോഗിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയതെന്ന് ദ ടെലഗ്രാഫ് റിപ്പോര്‍ട്ടു ചെയ്യുന്നു.

ലൈംഗിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിദഗ്ധ സമിതിയുടെ ശുപാര്‍ശയില്‍ രണ്ടുതവണ “സെക്ഷ്വല്‍” എന്ന വാക്ക് ഉപയോഗിച്ചിരുന്നു. ഈ വാക്ക് നീക്കം ചെയ്ത് ശുപാര്‍ശകള്‍ വെട്ടിച്ചുരുക്കാന്‍ വിദഗ്ധ സമിതിക്കുമേല്‍ മാനവവിഭവശേഷി മന്ത്രാലയം സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് റിപ്പോര്‍ട്ട്.

സ്മൃതി ഇറാനി മാനവവിഭവശേഷി മന്ത്രിയായിരുന്ന സമയത്ത് ഈ വര്‍ഷം മെയിലാണ് വിദഗ്ധ സമിതിയുടെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

വിദഗ്ധ സമിതിയുടെ ഒറിജിനല്‍ ററിപ്പോര്‍ട്ടിന്റെ അരപേജിലേറെ ലൈംഗികവിദ്യാഭ്യാസത്തെക്കുറിച്ചാണ് പരാമര്‍ശിച്ചത്. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങള്‍ക്കെതിരെയുള്ള പ്രചരണമായിരുന്നു ഇത്. എന്നാല്‍ അവസാനഘട്ട ചര്‍ച്ചകളില്‍ മാനവവിഭവശേഷി മന്ത്രാലയം ഇതിനെതിരെ രംഗത്തുവരികയായിരുന്നെന്നാണ് ടെലഗ്രാഫ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

“സെക്‌സ് അല്ലെങ്കില്‍ സെക്ഷ്വല്‍ എന്നിങ്ങനെയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. അതിനെക്കുറിച്ചുള്ള ഭാഗം ഒറ്റ സെന്റന്‍സാക്കി ചുരുക്കണം.” എന്നാണ് മാനവവിഭവശേഷി മന്ത്രാലയം നിര്‍ദേശിച്ചതെന്ന് ഉറവിടങ്ങളെ ഉദ്ധരിച്ച് ടെലഗ്രാഫ് റിപ്പോര്‍ട്ടു ചെയ്യുന്നു.

“കൗമാരക്കാരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ പ്രത്യേകിച്ച് പ്രത്യുല്പാദന, ലൈംഗിക ആരോഗ്യപ്രശ്‌നങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്” എന്നായിരുന്നു ഒറിജിനല്‍ റിപ്പോര്‍ട്ടിലെ ഒരു വാക്യം.  ഈ വാചകം മാറ്റി സാംസ്‌കാരികപരമായി സെന്‍സിറ്റീവായായ മേഖലകളില്‍ കൃത്യമായ വിവരങ്ങളുടെ അപര്യാപ്തതയുണ്ട്” എന്നു ചേര്‍ക്കുകയാണുണ്ടായത്.

മുന്‍ ക്യാബിനറ്റ് സെക്രട്ടറി ടി.എസ്.ആര്‍ സുബ്രഹ്മണ്യന്‍ അധ്യക്ഷനായ കമ്മിറ്റിയായിരുന്നു റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സെക്ഷ്വല്‍ എന്ന വാക്ക് ചില ആളുകള്‍ക്ക് പ്രശ്‌നമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞതായി കമ്മിറ്റിയിലെ പാനല്‍ അംഗം സ്ഥിരീകരിച്ചതായും ടെലഗ്രാഫ് റിപ്പോര്‍ട്ടില്‍ പറയുന്നു

We use cookies to give you the best possible experience. Learn more