ന്യൂദല്‍ഹി: കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച ഒരു ചിത്രമാണ് ദല്‍ഹിയിലെ ഒരു സ്‌കൂട്ടറിന്റെ നമ്പര്‍ പ്ലേറ്റ്.
DL 3SEX എന്നാണ് നമ്പര്‍ ആരംഭിക്കുന്നത്. ദീപാവലിയോട് അനുബന്ധിച്ച് പിതാവ് സമ്മാനിച്ച സ്‌കൂട്ടര്‍ നമ്പര്‍ പ്ലേറ്റില്‍ സെക്സ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നതിനെ തുടര്‍ന്ന് യുവതി ഉപേക്ഷിച്ചതിന് പിന്നാലെയാണ് സംഭവം സോഷ്യല്‍മീഡിയ ഏറ്റെടുത്തത്.
ഇപ്പോള്‍ സംഭവത്തില്‍ ഇടപെട്ടിരിക്കുകയാണ് ദല്‍ഹി വനിതാ കമ്മീഷന്‍.
‘സെക്‌സ്’ എന്ന പദം ഉള്‍ക്കൊള്ളുന്ന വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി വനിതാ കമ്മീഷന്‍ (ഡി.സി.ഡബ്ല്യു) വെള്ളിയാഴ്ച ദല്‍ഹി ആര്‍.ടി.ഒയ്ക്ക് നോട്ടീസ് അയച്ചു.
‘സെക്‌സ്’ എന്ന പദം ഉള്‍ക്കൊള്ളുന്ന ഈ അലോട്ട്മെന്റ് സീരീസില്‍ രജിസ്റ്റര്‍ ചെയ്ത മൊത്തം വാഹനങ്ങളുടെ എണ്ണം സമര്‍പ്പിക്കാന്‍ ഗതാഗത വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആളുകള്‍ക്ക് ഇത്ര നിസ്സാരമായി പെരുമാറാന്‍ കഴിയുന്നത് വളരെ ദൗര്‍ഭാഗ്യകരമാണെന്നും ഡി.സി.ഡബ്ല്യു അധ്യക്ഷ സ്വാതി മാലിവാള്‍ പറഞ്ഞു.
പെണ്‍കുട്ടിക്ക് വളരെയധികം അധിക്ഷേപം നേരിട്ടെന്നും പെണ്‍കുട്ടി ഇനി കഷ്ടപ്പെടാതിരിക്കാന്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ ഗതാഗത വകുപ്പിന് നാല് ദിവസത്തെ സമയം നല്‍കുകയാണെന്നും അവര്‍ പറഞ്ഞു.
യുവതി ഈ വാഹനം ഉപേക്ഷിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ സമീപിച്ചെിരുന്നു. എന്നാല്‍ തങ്ങള്‍ നിസ്സഹായരാണെന്നായിരുന്നു മറുപടി.