പ്രതിഷേധങ്ങള്‍ക്ക് പുല്ലു വില ; പി.കെ ശശി ക്യാപ്റ്റനായ സി.പി.എമ്മിന്റെ മണ്ഡലം ജാഥക്ക് ഇന്ന് തുടക്കം
Kerala News
പ്രതിഷേധങ്ങള്‍ക്ക് പുല്ലു വില ; പി.കെ ശശി ക്യാപ്റ്റനായ സി.പി.എമ്മിന്റെ മണ്ഡലം ജാഥക്ക് ഇന്ന് തുടക്കം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st November 2018, 10:54 am

പാലക്കാട്: പി.കെ ശശി എം.എല്‍.എ യെ സി.പി.എമ്മിന്റെ മണ്ഡലം ജാഥയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന മാറ്റണമെന്ന ആവശ്യം നിരസിച്ച് സി.പി.എം.ലൈംഗികാരോപണ വിധേയനായ പി.കെ ശശിയെ ജാഥയുടെ ക്യാപ്റ്റനാക്കിയതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

ഷൊര്‍ണൂര്‍ നിയമസഭ മണ്ഡല പരിധിയല്‍ പെട്ട പാര്‍ട്ടിയുടെ ഒറ്റപ്പാലം ചെര്‍പ്പുളശ്ശേരി, ശ്രീകൃഷ്ണപുരം ഏരിയ കമ്മിറ്റികളില്‍ നിന്ന് ശശിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ മുഖവിലക്കെടുക്കാതെയാണ് സി.പി.എം നേതൃത്വം ക്യാപ്റ്റന്റെ കാര്യത്തില്‍ പഴയ നിലപാടുമായി മുന്നോട്ട് പോവുന്നത്.

എം.എല്‍.എക്കെതിരെ ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗം നല്‍കിയ പരാതിയില്‍ സംസ്ഥാന കമ്മിറ്റി നിയോഗിച്ച രണ്ടംഗ പാര്‍ട്ടി അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ട് നവംബര്‍ 23ന് നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ സമര്‍പ്പിക്കാനിരിക്കെയാണ് ആരോപണവിധേയനായ എം.എല്‍.എയെ ക്യാപ്റ്റനാക്കി സി.പി.എം മണ്ഡലം ജാഥ നടത്തുന്നത്.

Also Read:  ശബരിമല യുവതീ പ്രവേശനത്തെ സ്വാഗതം ചെയ്ത് കര്‍ണാടക കോണ്‍ഗ്രസ് നേതൃത്വം; ബി.ജെ.പി നടത്തുന്നത് സാമൂഹിക നീതി നിഷേധമെന്നും വിമര്‍ശനം

ജാഥയുമായി ബന്ധപ്പെട്ട ആലോചനകള്‍ക്കായി ചേര്‍ന്ന മൂന്ന് ഏരിയ കമ്മിറ്റികളുടെ സംയുക്ത യോഗത്തില്‍ എം.എല്‍.എയുടെ സാന്നിധ്യത്തിലാണ് നിശിത വിമര്‍ശനമുണ്ടായത്. ചെര്‍പ്പുളശ്ശേരി ഏരിയ കമ്മിറ്റിയില്‍ നിന്നുള്ള രണ്ട് പേരാണ് പ്രധാനമായും എം.എല്‍.എക്കെതിരെ രംഗത്ത് വന്നത്.

മേല്‍കമ്മിറ്റിയുടെ നിര്‍ദേശവും കീഴ്‌വഴക്കവുമാണ് പി.കെ. ശശിയെ ജാഥ ക്യാപ്റ്റനായി തീരുമാനിച്ചതിന് ന്യായമായി സി.പി.എം ജില്ല നേതൃത്വം പറയുന്നത്. എം.എല്‍.എമാര്‍ ഉള്ള മണ്ഡലങ്ങളില്‍ അവരും അല്ലാത്തിടങ്ങളില്‍ പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് ഒരാളും ജാഥയില്‍ ക്യാപ്റ്റനാവണമെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശമെന്നാണ് ജില്ല നേതൃത്വത്തിന്റെ നിലപാട്.

ശശിയുടെ നിയോജകമണ്ഡലത്തില്‍ നിന്നുള്ള ഒരു ഏരിയ സെക്രട്ടറി ക്യാപ്റ്റനെ മാറ്റാതെ ജാഥയുമായി മുന്നോട്ട് പോകുവാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞിട്ട് പോലും വിഷയത്തില്‍ പുനര്‍ചിന്തനം നടത്താന്‍ സി.പി.എം നേതൃത്വം തയാറായില്ല.