തിരുവനന്തപുരം സ്റ്റാച്യൂ ഗാന്ധാരിയമ്മന്‍ കോവില്‍ റോഡിന് സമീപത്തെ ഒരു ലോഡ്ജ് മുറിയില്‍ 2020 സെപ്തംബര്‍ 26 ന് വൈകീട്ട് നടന്ന ഒരു സംഭവത്തോടുകൂടിയാണ് ഡോ. വിജയ് പി നായര്‍ എന്ന പേരും വിട്രിക്സ് സീന്‍ (vitrix scene) എന്ന അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലും കേരളത്തില്‍ ചര്‍ച്ചയാകുന്നത്. വ്യക്തികളുടെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട അപസര്‍പ്പകഥകളും, അശ്ലീലവും സ്ത്രീവിരുദ്ധവുമായ ലൈംഗിക വിവരണങ്ങളും, കേട്ടാല്‍ അറയ്ക്കുന്ന പദപ്രയോഗങ്ങളും, തെറികളും വ്യക്തിഹത്യ നടത്തുന്ന പരാമര്‍ശങ്ങളുമെല്ലാമടങ്ങിയ വീഡിയോകളായിരുന്നു വിജയ് പി നായര്‍ തന്റെ യൂട്യൂബ് ചാനലില്‍ പ്രസിദ്ധീകരിച്ചിരുന്നത്.
വിജയ് പി നായര്‍ വീഡിയോയിലൂടെ അപകീര്‍ത്തിപ്പെടുത്തിയ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളായ റിയാലിറ്റി ഷോ മത്സരാര്‍ത്ഥി ദിയ സന, ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരും ചേര്‍ന്ന് അദ്ദേഹത്തെ താമസസ്ഥലത്തെത്തി കയ്യേറ്റം ചെയ്യുകയും ലൈവ് വീഡിയോയിലൂടെ മാപ്പ് പറയിപ്പിക്കുകയും ചെയ്തു. സൈബര്‍ സ്പേസില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ തടയാന്‍ മതിയായ നിയമങ്ങള്‍ നിലവിലില്ലാത്തതിനാലാണ് ഇരകള്‍ക്ക് നിയമം കയ്യിലെടുക്കേണ്ടിവരുന്നതെന്ന തരത്തിലുള്ള നിരവധി ചര്‍ച്ചകള്‍ക്ക് ഇത് കാരണമായി.
vitrix scene എന്ന യൂട്യൂബ് ചാനലില്‍ തുടക്കത്തില്‍ സിനിമയെ സംബന്ധിച്ചും സ്റ്റോക്ക് മാര്‍ക്കറ്റിംഗിനെക്കുറിച്ചുമൊക്കെയുള്ള വീഡിയോകളായിരുന്നു വിജയ് പി നായര്‍ അപ്ലോഡ് ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് അശ്ലീലതയും സ്ത്രീവിരുദ്ധതയും നിറഞ്ഞ വീഡിയോകളിലേക്ക് ഇയാള്‍ മാറുകയായിരുന്നു.
എഴുത്തുകാരനും സിനിമാപ്രവര്‍ത്തകനുമാണെന്നാണ് സ്വയം വിശേഷിപ്പിക്കുന്ന ഇയാള്‍ ‘ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ ഫെമിനിസ്റ്റുകള്‍ സ്ഥിരമായി ജെട്ടി ധരിക്കാറില്ല’ സ്ത്രീകളെ വശീകരിക്കാനുള്ള മന്ത്രം, രതി മൂര്‍ച്ഛ നല്‍കിയ മകന്‍, (പ്രസിദ്ധീകരണ യോഗ്യമല്ലാത്തതിനാല്‍ ചില പ്രയോഗങ്ങള്‍ കൊടുക്കുന്നില്ല) തുടങ്ങിയ കേട്ടാല്‍ അറയ്ക്കുന്ന പദപ്രയോഗങ്ങളിലും തലക്കെട്ടിലുമായിരുന്നു വീഡിയോകള്‍ അവതരിപ്പിച്ചിരുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് യൂട്യൂബ് വഴി ഇദ്ദേഹത്തിന്റെ കണ്ടിരുന്നത്.
മലയാളികളുടെ ‘ലൈംഗിക ഭാവന’കളെ ചൂഷണം ചെയ്ത് ലാഭമുണ്ടാക്കുന്ന നൂറ് കണക്കിന് യൂട്യൂബ് ചാനലുകള്‍ വേറെയുമുണ്ട്. പല വീഡിയോകളും ലക്ഷക്കണക്കിന് ആളുകളാണ് യൂട്യൂബില്‍ കണ്ടിട്ടുള്ളത്. ‘കള്ളവെടി, കഴപ്പ്, രതി മൂര്‍ച്ഛ’ തുടങ്ങി നിരവധി കീ വേര്‍ഡുകളിലായി ചാനലുകളും വീഡിയോകളും നവമാധ്യമങ്ങളില്‍ ലഭ്യമാണ്.
ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങി ജനകീയമായ എല്ലാ സോഷ്യല്‍ മീഡിയകളിലും ഇത്തരം വീഡിയോകള്‍ ലഭ്യമാണ്. സാധാരണ വീഡിയോകളെ അപേക്ഷിച്ച് പതിന്‍മടങ്ങ് അധികമാണ് ഇത്തരം വീഡിയോകള്‍ക്കുള്ള കാഴ്ചക്കാരുടെ എണ്ണം. പ്രധാനമായും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ കണ്ടന്റുകള്‍ വഴിയുള്ള സാമ്പത്തിക നേട്ടമാണ് എളുപ്പം ഇത്തരം വീഡിയോകള്‍ ധാരാളമായി നിര്‍മ്മിക്കപ്പെടാന്‍ കാരണം.
ഈ വര്‍ഷം പുറത്തിറങ്ങിയ ‘സോഷ്യല്‍ ഡിലെമ’ എന്ന ഡോക്യുമെന്ററിയില്‍ ഫേസ്ബുക്ക്, യൂട്യൂബ്, പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ തങ്ങളുടെ ഉപഭോക്താക്കളെ കൂടുതല്‍ സമയം തങ്ങളുടെ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നതിനായി ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുണ്ട്. മുമ്പ് ഇതേ മീഡിയകളില്‍ ജോലി ചെയ്തിരുന്നവരാണ് ഈ വസ്തുതകള്‍ തുറന്നുപറഞ്ഞത്. ആളുകള്‍ കൂടുതല്‍ സെര്‍ച്ച് ചെയ്യുകയും കാണുകയും ചെയ്യുന്ന വിഷയങ്ങള്‍ക്ക് കൂടുതല്‍ റീച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ തന്നെ നല്‍കാറുണ്ട്. ഉപഭോക്താക്കള്‍ കൂടുതല്‍ സമയം തങ്ങളുടെ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നില്‍ക്കുന്നതിന് അനുസരിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കും സാമ്പത്തികനേട്ടം ഉണ്ടാകുന്നുണ്ട്.
മലയാളം പോലുള്ള പ്രാദേശിക ഭാഷകളില്‍ വരുന്ന വീഡിയോകളുടെ ഉള്ളടക്കത്തെ കൃത്യമായി വിലയിരുത്താന്‍ നവമാധ്യങ്ങള്‍ക്ക് സാധിക്കാത്തത് പലപ്പോഴും പ്രതിലോമകരമായ ഉള്ളടക്കമടങ്ങിയ വീഡിയോകള്‍ പ്രചരിക്കുന്നതിന് കാരണമാകുന്നുവെന്നാണ് സോഷ്യല്‍ മീഡിയ വിദഗ്ദനായ സുഹൈദ് മബ്രക് പറയുന്നത്.
‘എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും കണ്ടന്റ് പോളിസി വളരെ കൃത്യമായി പറയുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന കണ്ടന്റിന്റെ സ്വഭാവം എന്തായിരിക്കണമെന്നും മറ്റ് ഉപഭോക്താക്കളോട് പെരുമാറേണ്ട രീതിയെക്കുറിച്ചുമെല്ലാം വിശദമായി കണ്ടന്റ് ഗൈഡ്ലൈന്‍സില്‍ പറയുന്നുണ്ട്. എന്നാല്‍ ഇത്തരം മാനദണ്ഡങ്ങള്‍ പലപ്പോഴും പാലിക്കപ്പെടാറില്ല. അപ്പോള്‍ ഇത്തരം പ്ലാറ്റുഫോമുകളുടെ തന്നെ നിര്‍മിത ബുദ്ധിയിലൂടെ അവ കണ്ടു പിടിച്ച് നിയന്ത്രിക്കാനും വേണമെങ്കില്‍ അത് പ്ലാറ്റഫോമിന് തന്നെ എടുത്തു മറ്റാനുമുള്ള സംവിധാനവുമുണ്ട്.
ഈ സംവിധാനങ്ങള്‍ പ്രധാനമായും രണ്ടു കാര്യങ്ങളാണ് പരിശോധിക്കുക, കണ്ടന്റുകളുടെ ഭാഷ, ശൈലി, പ്രയോഗങ്ങള്‍ എന്നിവയും അല്ലെങ്കില്‍ അപ്ലോഡ് ചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന തംബ്‌നയില്‍ ചിത്രങ്ങള്‍ തലക്കെട്ട്, കീവേഡ് മുതലായവയുമാണത്. നിര്‍ഭാഗ്യവശാല്‍ ഇത്തരം സംവിധാനങ്ങള്‍ മലയാളം പോലെയുള്ള പ്രാദേശിക ഭാഷകളില്‍ ഇപ്പോഴും മെച്ചപ്പെട്ടു വരുന്നതേയുള്ളു.
മറ്റൊന്ന് ഇത്തരം വിവാദ വീഡിയോകള്‍ക്ക് ഉണ്ടാവുന്ന വ്യൂ ആണ്. പെട്ടന്ന് മനസിലാവാന്‍ ഉദാഹരണം പറയുകയാണെങ്കില്‍ ഒരു വീഡിയോ ആദ്യം നൂറ് പേരിലേക്ക് പ്ലാറ്റ്ഫോം എത്തിക്കും. അതില്‍ ബഹുഭൂരിപക്ഷവും ഈ വീഡിയോ കാണുകയും ലൈക്ക് ചെയ്യുകയോ കമന്റ് ചെയ്യുകയോ ചെയ്താല്‍ പിന്നെ ഒരു ആയിരം പേരിലേക്ക് റീച്ച് എത്തിക്കും. ഞാന്‍ നേരത്തെ പറഞ്ഞ നിയന്ത്രിത ബുദ്ധി മലയാളത്തില്‍ പരാജയപ്പെടുന്നതുകൊണ്ട് തന്നെ ഇത്തരം വീഡിയോകള്‍ക്ക് ലക്ഷക്കണക്കിന് വ്യൂ ലഭിക്കും.’ സുഹൈദ് മബ്രക് കൂട്ടിച്ചേര്‍ത്തു
നവമാധ്യമങ്ങളില്‍ വരുന്ന കണ്ടന്റുകള്‍ പോലെ തന്നെ പ്രധാനമാണ് സൈബര്‍ ലോകത്തെ ആളുകളുടെ പെരുമാറ്റവും. ബലാത്സംഗഭീഷണിയും വധ ഭീഷണികളുമടക്കം കമന്റുകളായും മെസേജുകളായും സോഷ്യല്‍ മീഡിയയില്‍ വരുന്നുണ്ട്. വാട്‌സാപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങി എല്ലാ പ്ലാറ്റ്‌ഫോമുകളിലും ഇത് വ്യാപകമാണ്.
പലപ്പോഴും തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തത് പറയുന്ന ആളുകളെ, അത് സ്ത്രീ ആയാലും പുരുഷനായാലും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളായാലും അധിക്ഷേപിക്കുന്നതും അപമാനിക്കുന്നതും നിത്യസംഭവമാണ്. ഫേസ്ബുക്കിലെ വിവിധ വ്യക്തികളുടെയും സംഘടനകളുടെയും പേജുകളില്‍ പോലും കേട്ടാല്‍ അറയ്ക്കുന്ന തരത്തിലാണ് പലപ്പോഴും കമന്റുകള്‍ വരുന്നത്.
വിവിധ രീതിയില്‍ സമൂഹത്തില്‍ ഇടപെടലുകള്‍ നടത്തുന്ന സ്ത്രീകള്‍ നിരന്തരമായി അസഹിഷ്ണുത നിറഞ്ഞ ആക്രമണങ്ങള്‍ക്കിരകളാകാറുണ്ട്. രാഷ്ട്രീയ നേതാക്കള്‍ മുതല്‍ സിനിമാ താരമങ്ങളും സാമൂഹ്യപ്രവര്‍ത്തകരുമടക്കം ടിക് ടോക് താരങ്ങള്‍ വരെ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ക്കിരകളാകേണ്ടി വരുന്നുണ്ട്.
നവമാധ്യമങ്ങള്‍ക്ക് ഏറെ ഗുണകരമായ വശങ്ങളുണ്ടെങ്കിലും ഇതിന് വിപരിതമായിട്ടാണ് ഇന്ന് സമൂഹത്തില്‍ അവ ഉപയോഗിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ കള്‍സള്‍ട്ടന്റും റിസര്‍ച്ച് സ്‌കോളറുമായ സംഗീത ജനചന്ദ്രന്‍ അഭിപ്രായപ്പെട്ടത്. നവമാധ്യമങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ പി.എച്ച്.എഡി ചെയ്യുന്ന സംഗീത ഡബ്ല്യൂ.സി.സി അടക്കമുള്ള പേജുകളുടെ അഡ്മിന്‍ കൂടിയാണ്.
‘സോഷ്യല്‍ മീഡിയ കാലത്തെ കമ്മ്യൂണിക്കേഷനും അതിന്റെ വളര്‍ച്ചയും എന്ന വിഷയത്തില്‍ കേരളത്തെ അടിസ്ഥാനമാക്കിയുള്ള പഠനമായിരുന്നു ഞാന്‍ നടത്തിയത്. അതിന് വേണ്ടി സമൂഹത്തിലെ പല ഭാഗത്തുള്ള ആളുകളുമായി സംസാരിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. കൃത്യമായി ഉപയോഗിക്കുകയാണെങ്കില്‍ ഈ കാലത്ത് വളരെ ശക്തമായ ഒരു ഉപകരണമാണ് സോഷ്യല്‍ മീഡിയ എന്ന് മനസിലാക്കാന്‍ കഴിഞ്ഞു. പക്ഷേ നിര്‍ഭാഗ്യവശാല്‍ അതിന്റെ വിപരീത രീതിയിലാണ് നവമാധ്യമങ്ങള്‍ കൂടുതലും വിനിയോഗിക്കപ്പെടുന്നത്.’ സംഗീത ഡൂള്‍ന്യൂസിനോട് പറഞ്ഞു.
‘സൈബര്‍ ആക്രമണങ്ങളെ തടയാനുള്ള ചില മാര്‍ഗങ്ങള്‍ ഉണ്ടെങ്കിലും പലരും അതിനെ കുറിച്ച് അവബോധം ഉള്ളവരല്ല എന്നതാണ് പ്രധാന പ്രശ്‌നമെന്നും സംഗീത പറയുന്നു. നവമാധ്യമങ്ങള്‍ക്ക് ചില കമ്മ്യൂണിറ്റി സ്റ്റാഡേര്‍ടും ഗൈഡ് ലൈന്‍സും ഉണ്ട്. പേജുകള്‍ ആണെങ്കില്‍ ചില വാക്കുകള്‍ തെരഞ്ഞെടുത്ത് ബാന്‍ ചെയ്യാന്‍ ഉള്ള സൗകര്യമുണ്ട്. പക്ഷേ പലപ്പോഴും റീജിയണല്‍ ഭാഷകളില്‍ ഫേസ്ബുക്കിന് ഇത്തരം മോശമായ വാക്കുകള്‍ കണ്ടെത്താന്‍ കഴിയാറില്ല. അത് കൊണ്ട് നമ്മള്‍ക്ക് തന്നെ വാക്കുകള്‍ ടൈപ്പ് ചെയ്ത് കൊടുത്ത് അത് ഒഴിവാക്കാന്‍ കഴിയും. ചില സെന്‍സിറ്റീവ് പേജുകള്‍ നിയന്ത്രിക്കുമ്പോള്‍ നമ്മള്‍ അതാണ് ചെയ്യുന്നത്.’ സംഗീത വിശദീകരിച്ചു.
‘ആള്‍ക്കൂട്ട കൊലപാതകത്തെ കുറിച്ച് ധാരാളം വാര്‍ത്തകള്‍ കാണുന്നുണ്ട്. അത്തരം ഒരു മെന്റാലിറ്റിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കാണുന്നതെന്നും സംഗീത പറഞ്ഞു. ഇത്തരം ആക്രമണങ്ങള്‍ പ്രത്യേകിച്ച് മലയാളികളില്‍ കൂടുതലാണെന്നും സംഗീത പറഞ്ഞു. സൈബര്‍ അറ്റാക്കുകള്‍ക്ക് വിധേയരാവുന്നവര്‍ പലപ്പോഴും വല്ലാത്ത ഒരു മെന്റല്‍ ട്രോമയിലേക്ക് പോകാറുണ്ട്, മുമ്പ് സച്ചിനെ അറിയില്ല എന്ന് പറഞ്ഞതിന് ഷറപ്പോവയുടെ പ്രൊഫൈലില്‍ പോയി മലയാളത്തില്‍ തെറി വിളിച്ചത് നമ്മള്‍ കണ്ടതാണ്. ഇതേ പോലെ എന്തിനാണ് എന്ന് പോലും അറിയാത്ത സാഹചര്യത്തില്‍ പോലും ആളുകള്‍ കൂട്ടമായി സൈബര്‍ അറ്റാക്കിന് ശ്രമിക്കാറുണ്ട്.’ പലപ്പോഴും ഗ്രൂപ്പുകളായും ചില റോസ്റ്റിംഗ് വീഡിയോകളായും എല്ലാ സീമകളും ലംഘിച്ചാണ് തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തത് പറയുന്നവരെ അപമാനിക്കുന്നതെന്നും സംഗീത ജനചന്ദ്രന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
ഫേക്ക് അക്കൗണ്ടുകളില്‍ നിന്നാണ് ഇത്തരം സൈബര്‍ അറ്റാക്കുകള്‍ ധാരാളമായി വരുന്നതെന്നാണ് ആക്ടിവിസ്റ്റും കഴിഞ്ഞ ദിവസം വിജയ് പി നായര്‍ക്കെതിരെ പ്രതികരിച്ച സ്ത്രീകളില്‍ ഒരാളുമായ ശ്രീലക്ഷ്മി അറക്കല്‍ അഭിപ്രായപ്പെട്ടത്. ഒരു റേപ്പ് കള്‍ച്ചര്‍ എന്ന രീതി സോഷ്യല്‍ മീഡിയയില്‍ രൂപപ്പെടുന്നുണ്ടെന്നും ശ്രീലക്ഷ്മി ഡൂള്‍ന്യൂസിനോട് പറഞ്ഞു.
‘പ്രതികരിക്കുന്ന സ്ത്രീകളെ നിശബ്ദയാക്കാന്‍ ശ്രമിക്കുന്നതിന് വേണ്ടിയാണ് അത് ലൈംഗികതയുമായി കൂട്ടിക്കെട്ടുന്നത്. എന്ത് പറഞ്ഞാലും രണ്ടാമത് സ്ത്രീകളുടെ സ്വകാര്യ ജീവിതവുമായി കൂട്ടിക്കെട്ടും. ഒരിക്കലും ഒരു പുരുഷന്റെ സ്വകാര്യ ജീവിതം ഇത്തരത്തില്‍ ചികയില്ല ആരും. സ്ത്രീകള്‍ അഭിപ്രായം പറയുകയോ പ്രതികരിക്കുകയോ ചെയ്താല്‍ അപ്പോള്‍ സ്വകാര്യ ജീവിതം ചികയുകയും വ്യക്തിഹത്യ ചെയ്യുകയുമാണ് സോഷ്യല്‍ മീഡിയ ചെയ്യുന്നത്.’ ശ്രീലക്ഷ്മി പറയുന്നു.
എന്താണ് റേപ്പ് കള്‍ച്ചര്‍ ?
ബലാത്സംഗത്തെ സ്വാഭാവികവല്‍ക്കരിക്കുന്നതിനെയും നിസാരവല്‍ക്കരിക്കുന്നതിനെയുമാണ് റേപ്പ് കള്‍ച്ചര്‍ അഥവാ ബലാത്സംഗ സംസ്‌കാരം എന്നതിനെ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇരകളെ കുറ്റപ്പെടുത്തല്‍, ബലാത്സംഗത്തെ നിസ്സാരവല്‍ക്കരിക്കുക, വ്യാപകമായ ബലാത്സംഗ ഭീഷണി, ലൈംഗിക അതിക്രമങ്ങള്‍ മൂലമുണ്ടായ ദോഷങ്ങള്‍ അംഗീകരിക്കാന്‍ വിസമ്മതിക്കുക, തമാശയായി അവതരിപ്പിക്കുക, വസ്ത്രധാരണത്തെ കുറ്റം പറയുക തുടങ്ങിയവയും റേപ്പ് കള്‍ച്ചറിന്റെ ഭാഗമാണ്. ബലാത്സംഗ ഫാന്റസി, ബലാത്സംഗ അശ്ലീലസാഹിത്യം എന്നിവയും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു.
വിക്ടേഴ്സ് ചാനലില്‍ ജൂണ്‍ ഒന്നിന് പഠിപ്പിക്കാനെത്തിയ അധ്യാപകരെ അവഹേളിക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രചാരണമുണ്ടായിരുന്നു. സമീപകാലത്ത് യുവ അഭിനേത്രിയായ അനശ്വര രാജന്‍ സോഷ്യല്‍ മീഡയിയില്‍ പങ്കുവെച്ച ചിത്രത്തിനെതിരെയും സദാചാര വ്യക്തികളുടെ ആക്രമണം നടന്നിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത ചിത്രത്തില്‍ ധരിച്ച വസ്ത്രത്തിന്റെ ഇറക്കക്കുറവ് ചൂണ്ടിക്കാട്ടിയായിരുന്നു താരത്തിനെതിരെ അധിക്ഷേപകരമായ കമന്റുകളുമായി ചിലര്‍ രംഗത്തെത്തിയത്. ഇത് റേപ്പ് കള്‍ച്ചറിന് സമീപകാലത്ത് ഉണ്ടായ ഉദാഹരണങ്ങളില്‍ ഒന്നായിരുന്നു.
അനശ്വരയ്ക്ക് പിന്തുണ അര്‍പ്പിച്ചുകൊണ്ട് സൈബര്‍ സാദാചരത്തിനെതിരെ ‘സ്ത്രീകള്‍ക്കും കാലുകള്‍ ഉണ്ട്’ എന്ന ക്യാംപെയിന്‍ സോഷ്യല്‍ മീഡിയയില്‍ ആരംഭിക്കുകയും ചെയ്തു. റിമ കല്ലിങ്കല്‍, അഹാന, കനി കുസൃതി, അനാര്‍ക്കലി മരക്കാര്‍ തുടങ്ങി നിരവധി പേരാണ് ഈ ക്യാംപെയിനില്‍ പങ്കാളികളായത്.
1970 കളില്‍ അമേരിക്കയിലാണ് ഈ റേപ്പ് കള്‍ച്ചര്‍ എന്ന വാക്ക് ഉരിത്തിരിയുന്നത്. റേപ്പ് തമാശ മുതലുള്ളവ ഇന്ന് സ്വാഭാവിക തമാശയായി സോഷ്യല്‍ മീഡയിയില്‍ പ്രചരിപ്പിക്കുന്നുണ്ട്. കേരളത്തിലെ ക്രൈം റെക്കോര്‍ഡ് കണക്കുകള്‍ പ്രകാരം 2020 ജൂണ്‍ വരെ 855 ബലാത്സംഗ കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. 1992 ലൈംഗിക അതിക്രമ ശ്രമങ്ങളും 81 തട്ടികൊണ്ട് പോകലും പെണ്‍കുട്ടികളെ ശല്ല്യം ചെയ്യുന്ന 234 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിന് പുറമെ 1239 ഗാര്‍ഹിക പീഡനവും 1684 മറ്റുകേസുകളും കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വസ്ത്രധാരണവും രൂപവും എല്ലാം അധിക്ഷേപിക്കുന്ന സൈബര്‍ ‘ആങ്ങള’ മാരുടെ പ്രവര്‍ത്തികള്‍ കാരണം വല്ലാത്തൊരു മാനസികാവസ്ഥയിലേക്ക് പല പെണ്‍കുട്ടികളും വീണുപോകാറുണ്ടെന്നാണ് മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ പി.ജി വിദ്യാര്‍ത്ഥിനിയായ കരിഷ്മ ദാസ് പറയുന്നത്.
‘റിയല്‍ ലൈഫില്‍ ആണുങ്ങള്‍ക്ക് ചെയ്യാന്‍ പറ്റാത്ത വയലന്‍സ് കൂടി സോഷ്യല്‍ മീഡിയയിലൂടെ ചെയ്യുന്നുണ്ട്. അധിക്ഷേപിക്കുന്ന കമന്റുകളും ട്രോളുകളും മാത്രമല്ല, ലിങ്കുകളും ഫോട്ടോകളും ഷെയര്‍ ചെയ്യപ്പെട്ട് അത് ഒരു വലിയ രീതിയിലുള്ള അക്രമണമായി മാറുക എന്ന രീതിയുമുണ്ട്. ഇതിന് പുറമെ അനുവാദം പോലും ചോദിക്കാതെ ഇന്‍ബോക്‌സില്‍ വരികയും ഭീഷണികളും നഗ്‌ന ചിത്രങ്ങളും വധ ഭീഷണിയും അയക്കുന്ന രീതിയുണ്ട്.” കരിഷ്മ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
അഭിപ്രായം പറയുന്ന അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന സ്ത്രീകള്‍ ഫ്രീ സെക്സുമായി നില്‍ക്കുന്നവരാണ് എന്ന ഒരു തോന്നല്‍ ചിലര്‍ക്ക് ഉണ്ട്. ‘നിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം പറയുന്നവരല്ലെ, നിങ്ങള്‍ക്ക് പിന്നെ ഇത് ആയാല്‍ എന്താണ്’ എന്ന തരത്തിലാണ് ആളുകള്‍ പലപ്പോഴും മെസേജുകള്‍ അയക്കുക. മോശമായി സംസാരിക്കാതെ തന്നെ ഇമോഷണലി ട്രോമയിലാക്കുന്ന തരത്തില്‍ സെല്‍ഫ് കോണ്‍ഫിഡന്‍സ് തന്നെ തകര്‍ക്കുന്ന രീതിയില്‍ സംസാരിക്കുന്ന ചിലരും ഉണ്ടെന്നും കരിഷ്മ പറഞ്ഞു.
അഭിപ്രായം പറയുന്ന സ്ത്രീകളെ ചില സദാചാര ചട്ടക്കൂടുകള്‍ നിര്‍മിച്ച് നിര്‍ത്താനാണ് പലരും ശ്രമിക്കുന്നതെന്നാണ് വിദ്യഭ്യാസ പ്രവര്‍ത്തകയും സോഷ്യോ ഡയറക്ടറുമായ അപര്‍ണ വിശ്വനാഥ് അഭിപ്രായപ്പെട്ടത്. ആളുകള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ അജ്ഞാതരായി തുടരാനുള്ള ഒരു സൗകര്യം ലഭിക്കുന്നുണ്ട്. അളുകള്‍ക്ക് അവരുടെ ഏറ്റവും സൗകര്യമുള്ള സ്ഥലത്ത് ഇരുന്നിട്ടാണ് ഇതൊക്കെ ചെയ്യുന്നതെന്നും അപര്‍ണ ചൂണ്ടിക്കാട്ടി.
കേരളത്തില്‍ നൂറ് ശതമാനത്തിന് അടുത്താണ് സാക്ഷരത. സ്വഭാവികമായി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്ല്യമായ വിദ്യഭ്യാസമാണ്. അത് കൊണ്ടുതന്നെ പണ്ടത്തെ പോലെയല്ല തങ്ങള്‍ക്ക് എതിരെയുള്ള ചൂഷണങ്ങള്‍ക്ക് എതിരെ സ്ത്രികള്‍ പ്രതികരിക്കും, അവര്‍ അഭിപ്രായം പറയും. ഇരത്തില്‍ അഭിപ്രായം പറയുമ്പോഴും പ്രതികരിക്കുമ്പോഴും പുരുഷന്മാര്‍ അത് അടിച്ചമര്‍ത്താന്‍ ശ്രമിക്കും. അത് സോഷ്യല്‍ മീഡിയ ആയാലും ശരി ഇനി നേരിട്ടായാലും ശരി.
വാക്കുകള്‍ കൊണ്ടും ശാരീരികമായും അപമാനിക്കാനും അവരുടെ വ്യക്തിത്വം തകര്‍ക്കാനുമാണ് ശ്രമിക്കുക. പിന്നെ നമ്മുടെ സമൂഹം ചില മോറലുകള്‍ സ്ത്രീകള്‍ക്ക് കല്‍പ്പിച്ച് കൊടുത്തിട്ടുണ്ട്. വളരെ നിശബ്ദയായി സഹിച്ച് പൊറുത്ത് ജീവിക്കുക, അങ്ങനെയുള്ളവര്‍ നല്ല സ്ത്രീകള്‍ പ്രതികരിക്കുന്നവര്‍ മോശം സത്രീകള്‍ എന്ന രീതിയിലാണെന്നും അപര്‍ണ അഭിപ്രായപ്പെട്ടു.
അശാസ്ത്രിയത, വംശീയത, വ്യാജ പ്രചാരണം
സോഷ്യല്‍ മീഡിയ വഴിയുള്ള അശ്ലീല പ്രചാരണത്തിന് പുറമെ അശാസ്ത്രീയതയും വംശീയ അധിക്ഷേപങ്ങളും വ്യാജ വാര്‍ത്ത പ്രചാരണങ്ങളും വ്യാപകമാണ്. വ്യാജ ഉത്പന്നങ്ങളും ഹെല്‍ത്ത് ടിപ്‌സ് എന്ന പേരില്‍ വ്യാജ മരുന്നുകളെ പ്രോത്സാഹിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണ്. അതി ഭീകരമായി വംശീയതയും ഇന്ന് വ്യാപകമാണ്. നിറം, ഭാഷ, സ്ഥലം എന്നിങ്ങനെ എന്തിലൊക്കെ ആളുകളില്‍ വ്യത്യാസം കണ്ടെത്താന്‍ കഴിയുമോ അതിലെല്ലാം പരിഹസിക്കുകയും അപമാനിക്കുകയും തമാശരൂപത്തില്‍ അവതരിപ്പിക്കുകയും ചെയ്യുന്ന പ്രവണത. വ്യാപകമായി കാണാം.
ട്രാന്‍സ് ഫോബിക്, സ്വവര്‍ഗ ലൈംഗീകതയ്ക്ക് എതിരായ അക്രമണം എന്നിവയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണ്. പലപ്പോഴും സോഷ്യല്‍ മീഡിയ വഴിയുള്ള വ്യാജ വാര്‍ത്താ പ്രചാരണങ്ങള്‍, കലാപങ്ങള്‍ക്ക് അടക്കം രാജ്യത്ത് വഴി വെച്ചിട്ടുണ്ട്. കൊവിഡ് കാലത്തും പ്രളയ കാലത്തും ഇത്തരം വ്യാജ വാര്‍ത്തകളുടെ വ്യാപകമായ പ്രചരണം നടന്നിരുന്നു.
അശാസ്ത്രീയമായ ചികിത്സ രീതികളും മരുന്നുകളും സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത് തടയാന്‍ ആവശ്യമായ നിയമങ്ങള്‍ ഉണ്ടെങ്കിലും അവ ഫലപ്രദമായി നടപ്പിലാക്കുന്നില്ലെന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് സൈക്യാട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഡോക്ടര്‍ ഹാരിഷ് അഭിപ്രായപ്പെട്ടത്.
അശാസ്ത്രീയമായ രീതികളും വേണ്ടത്ര പരിശോധന നടത്താത്ത ചികിത്സാ രീതികളും മറ്റും പണ്ട് മുതലെ നമ്മുടെ നാട്ടില്‍ പ്രചരിച്ചിരുന്നു. പണ്ട് അത് നോട്ടീസ് അടിച്ചായിരുന്നെങ്കില്‍ ഇന്നത് സോഷ്യല്‍ മീഡിയ വഴിയാണ്. ചര്‍മ്മ രോഗം ഭേദപ്പെട്ടു, ശീഘ്രസ്ഘലനം തടയാന്‍ എന്നൊക്കെ പറഞ്ഞ്. പത്രത്തിലും ഒക്കെ പരസ്യം കാണാം. ഇപ്പോള്‍ കുറച്ച് കൂടി സൗകര്യമായി. പണച്ചെലവ് ഒന്നുമില്ലാതെ ആര്‍ക്കും സോഷ്യല്‍ മീഡിയ വഴി ഇത് പ്രചരിപ്പിക്കാം എന്നും ഹാരിഷ് അഭിപ്രായപ്പെട്ടു.
മരുന്ന് യാതൊരു പരിശോധനയും ഇല്ലാതെ കഴിക്കാന്‍ മടിയില്ലാത്തവരാണ് നമ്മള്‍. ഒരിക്കല്‍ എന്തെങ്കിലും ഉപയോഗിച്ച് മാറ്റം വന്നാല്‍ പിന്നെ എല്ലാ രോഗത്തിനും അത് ഉപയോഗിക്കുന്ന ഒരു രീതിയുണ്ട്. ഇപ്പോള്‍ കറ്റാര്‍ വാഴ ഉപയോഗിക്കുകയാണെങ്കില്‍ അരച്ചും തേച്ചും കഴിച്ചും കറ്റാര്‍വാഴ തന്നെ എല്ലാത്തിനും ഉപയോഗിക്കുന്നവര്‍ ഉണ്ട് എന്നും ഹാരിഷ് പറഞ്ഞു.
വര്‍ധിക്കുന്ന സൈബര്‍ ക്രൈമുകള്‍, നടപടിയെടുക്കാത്ത അധികൃതര്‍
കേരളത്തില്‍ ദിനം പ്രതിയെന്നോണം സൈബര്‍ ക്രൈമുകളും സോഷ്യല്‍ മീഡിയ അറ്റാക്കും വര്‍ധിക്കുകയാണ്. നിരവധി പരാതികള്‍ ഇതിനെകുറിച്ച് ഉയരുന്നുണ്ടെങ്കിലും പലപ്പോഴും കാര്യമായ നടപടികള്‍ ഇത്തരം പരാതികളില്‍ നടപ്പാകാറില്ല. പരാതി നല്‍കുന്നവരെ തന്നെ അപമാനിക്കുന്ന തരത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പോലും പെരുമാറുന്നതെന്നാണ് വിജയ് പി നായര്‍ക്കെതിരെ പരാതി നല്‍കുകയും ഇയാളെ കയ്യേറ്റം ചെയ്ത് മാപ്പ് പറയിപ്പിക്കുകയും ചെയ്ത സ്ത്രീകളില്‍ ഒരാളായ ശ്രീലക്ഷ്മി അറക്കല്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞത്.
‘നിരവധി തവണ പല സംഭവങ്ങളിലായി ഞാന്‍ കേസ് നല്‍കിയിട്ടുണ്ട്. എല്ലാ കേസിനും സമാനമായ അനുഭവമാണ് ഉണ്ടായിട്ടുള്ളത്. നമ്മള്‍ പരാതി നല്‍കും അന്വേഷിക്കുന്നുണ്ട് എന്ന് പറയും. സഹികെട്ടാണ് ഒടുവില്‍ പ്രതികരിച്ചത് എന്നാണ് ശ്രീലക്ഷ്മി പറഞ്ഞത്. മുമ്പ് നമോ ടി.വി എന്ന ചാനലില്‍ ഒരു പരിപാടിയില്‍ തന്നെ കുറിച്ച് മോശമായി സംസാരിച്ചപ്പോള്‍ ഒരു പരാതി നല്‍കി. ഈ സമയത്ത് പൊലീസുകാര്‍ ചോദിച്ചത് ഇതില്‍ എന്താണ് അശ്ലീലം എന്നാണ്’. ശ്രീലക്ഷ്മി പറയുന്നു.
സമാനമായ അനുഭവമാണ് മാധ്യമപ്രവര്‍ത്തകയായ അപര്‍ണ പ്രശാന്തിക്കും പറയാന്‍ ഉള്ളത്. ഒരുപാട് തവണ സൈബര്‍ അറ്റാക്കിന് താന്‍ വിധേയായിട്ടുണ്ടെന്നും അപര്‍ണ പ്രശാന്തി പറയുന്നു.
‘ഫേസ്ബുക്കില്‍ എഴുതിത്തുടങ്ങിയ കാലത്ത് തന്നെ സിനിമാതാരം ഷക്കീലയെ കുറിച്ച് എഴുതിയതിന് സൈബര്‍ ആക്രമണം നേരിട്ടിരുന്നു. പിന്നീട് റിവ്യു എഴുതി തുടങ്ങിയ സമയത്ത് മോഹന്‍ലാല്‍ പടത്തിനെ കുറിച്ച് നല്ലത് എഴുതിയാല്‍ സംഘിയാണ്, മമ്മൂട്ടിയുടെ പടത്തിനെ കുറിച്ച് എഴുതുമ്പോ സുഡാപ്പിയാണ് എന്നൊക്കെ ഉള്ള തരത്തില്‍ കമന്റുകളായി അധിക്ഷേപിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സൈബര്‍ ആക്രമണത്തിനെതിരായി പരാതി കൊടുത്തത്. അന്ന് എന്തിനാണ് ഫേസ്ബുക്ക് ഉപയോഗിക്കുന്നത്, ഫേസ്ബുക്ക് ഒഴിവാക്കിക്കൂടെ, ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ അത്ര നല്ല പുള്ളിയായിരിക്കില്ല എന്നൊക്കെയുള്ള തരത്തിലായിരുന്നു ഉദ്യോഗസ്ഥരുടെ തന്നെ ചോദ്യം. പിന്നെ ഏപ്പോഴോ അതില്‍ അറസ്റ്റ് നടക്കുന്നുണ്ട്. ആറ് ഫേക്ക് പ്രൊഫൈലുകളുണ്ടാക്കി തെറി വിളിച്ച സംഭവത്തില്‍, അയാളെ അറസ്റ്റ് ചെയ്തു വിട്ടയച്ചു. ആഘോഷ പൂര്‍വ്വം ജാഥയായി അയാളെ കൊണ്ട് പോകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഇപ്പോളും ഞാന്‍ കേസ് നടത്തുന്നുണ്ട്.’ അപര്‍ണ പറഞ്ഞു.
പ്രളയകാലത്ത് റിലീഫ് ക്യാംപില്‍ പ്രവര്‍ത്തിച്ച പെണ്‍കുട്ടിയുടെ നമ്പര്‍ പോണ്‍ ഗ്രൂപ്പില്‍ ഇട്ട് നിരന്തരം സോഷ്യല്‍ മീഡിയ വഴി ശല്ല്യം ചെയ്ത സംഭവം ഉണ്ടായപ്പോള്‍ നമ്പര്‍ മാറ്റിയാ പോരെ എന്ന് മാത്രം ചോദിച്ച ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നതെന്നും അപര്‍ണ പറയുന്നു.
സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള നിയമങ്ങള്‍ ഉണ്ടായത് നവമാധ്യമങ്ങളുടെ ആദ്യ കാലത്താണ് എന്നതാണ് പ്രധാന പ്രശ്നമെന്നാണ് അഭിഭാഷകയായ അതിര പി.എം പറയുന്നത്. ഈ നിയമം വന്നതിന് ശേഷവും സോഷ്യല്‍മീഡിയ വളരെ വിശാലമായി. ഫേസ്ബുക്ക് വാട്‌സ്ആപ്പ്, ട്വിറ്റര്‍ ഇവയൊക്കെ വന്നു. എന്നാല്‍ ഇതിന് ശേഷം സൈബര്‍ നിയമങ്ങള്‍ വിപുലീകരിക്കുകയോ പരിഷ്‌കരിക്കുകയോ ചെയ്തിട്ടില്ല. പഴയ നിയമം തന്നെയാണ് ഇപ്പോഴും തുടരുന്നത് എന്നും ആതിര പറഞ്ഞു.
‘രണ്ടാമത്തെ കാര്യം ഈ വിഷയങ്ങളെ പൊലീസ് കൈാര്യം ചെയ്യുന്ന രീതിയാണ്. പൊലീസിനെ സംബന്ധിച്ചിടത്തോളം അവരുടെ ഇന്‍ഫ്രാസ്‌കട്രക്ചര്‍ ഇപ്പോഴും പരിമിതമാണ്. ലോകം ഇത്രയേറെ പുരോഗമിച്ചിട്ടും സോഷ്യല്‍മീഡിയ വഴി അബ്യൂസ് നടത്തുന്നവരെ കണ്ടെത്താന്‍ നിമിഷം നേരം മാത്രം മതിയെന്നിരിക്കെയും നമ്മുടെ പൊലീസും സംവിധാനങ്ങളും ഇക്കാര്യത്തില്‍ ഇപ്പോഴും ഡെവലപ്ഡ് അല്ല.
മറ്റൊരു കാര്യം ഇത്തരം കുറ്റകൃത്യങ്ങള്‍ വരുമ്പോള്‍, പൊലീസ് അതിന് നല്‍കുന്ന പ്രാധാന്യമാണ്
ഒരു കൊലപാതകം നടന്നുകഴിഞ്ഞാല്‍ ടവര്‍ ലൊക്കേഷനും മറ്റും പരിശോധിച്ച് പൊലീസ് പ്രതികളെ പിടികൂടാന്‍ ശ്രമിക്കും. അതിന് അവര്‍ സൈബര്‍ സെല്ലിന്റെ സഹായം തേടും. അതുപോലെ രാജ്യദ്രോഹ കുറ്റം, തീവ്രവാദ കേസുകള്‍ തുടങ്ങിയ സംഭവങ്ങളാണെങ്കില്‍ പൊലീസ് വളരെ കാര്യക്ഷമമായി തന്നെ സൈബല്‍ സെല്ലിന്റെ സഹായത്തോടെ കാര്യങ്ങള്‍ ചെയ്യും. എന്നാല്‍ ഒരു സൈബര്‍ കേസ് ആണെങ്കില്‍ അതിന് ഇപ്പറയുന്ന രീതിയിലുള്ള ഒരു പരിഗണന പലപ്പോഴും ലഭിക്കാറില്ല. ഏറ്റവും ഒടുവില്‍ മാത്രമാണ് സ്ത്രീകള്‍ക്കെതിരെ സൈബര്‍ ഇടങ്ങളില്‍ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ നടപടി എടുക്കുക.’ ആതിര പി.എം പറഞ്ഞു.
ഐ.ടി നിയമത്തിലെ 67, 67 എ, 67 ബി എന്നീ വകുപ്പുകള്‍ പ്രകാരമാണ് അശ്ലീലത ഇലക്ട്രോണിക് രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നതിനോ പ്രക്ഷേപണം ചെയ്യുന്നതിനോ ശിക്ഷ നിര്‍ദ്ദേശിക്കുന്നത്. അശ്ലീല വസ്തുക്കള്‍, ലൈംഗികത പ്രകടമാക്കുന്ന പ്രവൃത്തി, കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്ന വസ്തുക്കള്‍ എന്നിങ്ങനെ. ഐ.ടി നിയമത്തിലെ 67-ാം വകുപ്പ് പ്രകാരമുള്ള കുറ്റത്തിന് ശിക്ഷിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷം തടവും 50000 രൂപ വരെ പിഴയും ലഭിക്കും, കുറ്റം ആവര്‍ത്തിച്ചാല്‍ അഞ്ച് ലക്ഷം രൂപ പിഴയോ അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെ തടവോ ലഭിക്കും
എന്താണ് പരിഹാരം
അടിസ്ഥാനപരമായി ലൈംഗിക വിദ്യഭ്യാസം ആളുകള്‍ക്ക് ലഭ്യമാക്കിയാല്‍ മാത്രമേ ഇത്തരം പ്രശ്‌നങ്ങളെ തടയാന്‍ കഴിയു എന്നാണ് അപര്‍ണ വിശ്വനാഥ് ചൂണ്ടിക്കാട്ടുന്നത്, കുട്ടികളില്‍ മാത്രമല്ല മുതിര്‍ന്നവര്‍ക്കും ലൈംഗിക വിദ്യഭ്യാസം ലഭ്യമാക്കണം. കല്ല്യാണം കഴിക്കുന്നത് ലൈംഗികതയ്ക്ക് വേണ്ടി മാത്രമാണ് എന്നുള്ള തരത്തില്‍ ചിന്തിക്കുന്ന ആളുകളുണ്ട്. ‘ഞാന്‍ കല്ല്യാണം കഴിച്ചത് സെക്സിന് വേണ്ടിയാണ്’ എന്ന് പറഞ്ഞ ആളുകള്‍ ഉണ്ട്. പലപ്പോഴും സ്ത്രീകളെ ഒരു ഉപകരണമായി കാണുന്നവര്‍ ഉണ്ട്. ഇത് സോഷ്യല്‍ മീഡിയയിലേക്ക് വരുമ്പോള്‍ രൂക്ഷമാവുകയാണ്. വിദ്യാലയങ്ങളില്‍ പലപ്പോഴും അധ്യാപകര്‍ സാധരണയുള്ള ബയോളജി ക്ലാസുകള്‍ പോലും നല്‍കാന്‍ മടിക്കുകയാണ്. ഇത്തരം പാഠങ്ങള്‍ ഞങ്ങള്‍ നോട്ട് നല്‍കാറാണ് പതിവ് എന്ന് പറയുന്ന അധ്യാപകര്‍ ഉണ്ടെന്നും അപര്‍ണ പറഞ്ഞു.
പ്രധാനമായും ഇത്തരം കുറ്റകൃത്യം തടയുന്നതിന് സൈബര്‍ സെല്ലിനെ രണ്ട് പാര്‍ട്ടായി തന്നെ കൈകാര്യം ചെയ്യണമെന്നാണ് ഇക്കാര്യത്തില്‍ ആവശ്യപ്പെടാനുള്ളത് എന്നാണ് പി.എം ആതിര പറയുന്നത്.
നിലവില്‍ ഒരു ജില്ലയ്ക്ക് ആകെ ഒരു സൈബര്‍ സെല്‍ മാത്രമേ ഉള്ളൂ. അപ്പോള്‍ ഇന്‍വെസ്റ്റിഗേറ്റീവ് പാര്‍ട്ടായി ചെയ്യുന്ന സൈബര്‍ കേസുകള്‍ ഒരു പാര്‍ട്ടായിട്ടും സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ വേറെയായിട്ടും പരിഗണിക്കുകയാണ് വേണ്ടത്.
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പരിഗണിക്കാന്‍ നമുക്ക് ഇവിടെ പ്രത്യേക കോടതികള്‍ ഉണ്ട്. അതുപോലെ സൈബര്‍ കുറ്റകൃത്യങ്ങളില്‍ പ്രത്യേകിച്ച് സ്ത്രീകള്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക വിങ് തന്നെ ഉണ്ടാവണം. അതില്‍ അടിയന്തിരമായി നടപടി ഉണ്ടാകണം. അങ്ങനെ വന്നാല്‍ മാത്രമേ ഇതിന് എന്തെങ്കിലും രീതിയിലുള്ള നിയന്ത്രണം ഉണ്ടാവുകയുള്ളൂവെന്നും ആതിര പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Sex fake news insults unscientific social media life of malayalee special report