|

പുരുഷ വന്ധ്യംകരണവും ലൈംഗിക വിദ്യാഭ്യാസവും; കാലത്തോട് സംവദിക്കുന്ന ഒരു സര്‍ക്കാര്‍ ഉത്പന്നം

നവ്‌നീത് എസ്.

സെക്സ് എഡ്യൂക്കേഷൻ എന്ന വാക്ക് മലയാളികൾക്കിടയിൽ ഉപയോഗിക്കാൻ തുടങ്ങിയിട്ട് കുറഞ്ഞകാലം മാത്രമേ ആയിട്ടുള്ളൂ. അങ്ങനെയൊരു വാക്ക് ഉച്ചരിക്കുന്നത് തന്നെ മോശമാണെന്ന ധാരണയായിരുന്നു പലർക്കും.

വിദ്യാഭ്യാസ സമ്പ്രദായത്തിലാണെങ്കിൽ പോലും കൃത്യമായ ഒരു അവബോധം ലൈംഗികതയെ കുറിച്ച് നൽകാൻ നമ്മുടെ പൊതുസമൂഹത്തിന് കഴിഞ്ഞിട്ടില്ല. എന്നാൽ കാലം മാറുന്നതനുസരിച്ച് പൊതുബോധവും സിനിമകളുമെല്ലാം മാറാൻ തുടങ്ങിയതോടെ ചെറിയ ചെറിയ മാറ്റങ്ങൾ പ്രകടമാവാൻ തുടങ്ങി.

മലയാള സിനിമയിൽ ഈ മാറ്റങ്ങൾ പരിശോധിക്കുമ്പോൾ വളരെ ചുരുക്കം ചില സിനിമകൾ മാത്രമേ അതിനോട് നീതിപുലർത്തിയിട്ടുള്ളൂ. ആ കൂട്ടത്തിലേക്കുള്ള ഏറ്റവും പുതിയ എൻട്രിയാണ് ടി.വി രഞ്ജിത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു സർക്കാർ ഉത്പന്നം.

പേരിലൂടെ റിലീസിന് മുമ്പ് തന്നെ ചർച്ചകളിൽ ഇടം നേടിയ ചിത്രം സംസാരിക്കുന്നത് സമൂഹം തിരിച്ചറിയേണ്ട ചില കാര്യങ്ങളാണ്. ലോക ജനസംഖ്യയിൽ ചൈനയെ കടത്തിവെട്ടി ഇന്ത്യ മുന്നിലെത്തിയിരിക്കുന്ന ഒരു സാഹചര്യത്തിൽ കൂടിയാണ് സിനിമ ഇറങ്ങിയിരിക്കുന്നത്.മലയാളികൾക്കിടയിലെ ലൈംഗികതയെ കുറിച്ച് സിനിമ പറഞ്ഞുപോകുന്നുണ്ട്. സമൂഹത്തിന്റെ സദാചാര ചിന്തകളെയുമെല്ലാം ഒരു സർക്കാർ ഉത്പന്നം തുറന്ന് കാട്ടുന്നുണ്ട്.

എൺപതുകളുടെ അവസാനം ഇറങ്ങിയ മോഹൻലാൽ ചിത്രം ദശരഥം അന്ന് പറഞ്ഞത് വാടക ഗർഭപാത്രത്തിന്റെ സാധ്യതകളെ കുറിച്ചായിരുന്നു. നിസാം ബഷീർ സംവിധാനം ചെയ്ത കെട്ട്യോളാണെന്റെ മാലാഖ, കഴിഞ്ഞ വർഷം ഇറങ്ങിയ മമ്മൂട്ടി ചിത്രം കാതൽ ദി കോർ തുടങ്ങി വളരെ കുറഞ്ഞ സിനിമകൾ മാത്രമേ ലൈംഗികതയെ ഒരു പ്രേമേയമാക്കി അവതരപ്പിച്ചിട്ടുള്ളൂ.

ജനസംഖ്യ പെരുപ്പം നിയന്ത്രിക്കാനായി കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പുരുഷ വന്ധ്യകരണമെന്ന മഹത്വരമായ പദ്ധതിയെ കുറിച്ചാണ് സിനിമ പറയുന്നത്. ആശാവർക്കർമാർക്ക് ഈ സിനിമ സമർപ്പിക്കുന്നു എന്ന് പറഞ്ഞാണ് ചിത്രം ആരംഭിക്കുന്നത്. ഒരു പദ്ധതിയുടെ ഭാഗമായി ആരോഗ്യപ്രവർത്തകർ നടത്തുന്ന പ്രവർത്തനങ്ങളെ വളരെ റിയലിസ്റ്റിക്കായി കാണിക്കുന്ന ചിത്രത്തിൽ ആശാവർക്കറായി എത്തുന്നത് നടി ഗൗരി കിഷനാണ്.

ആശാവർക്കറായി ചുമതലയേക്കുന്ന ഗൗരിയുടെ ദിവ്യയെന്ന കഥാപാത്രത്തിന് വിവിധ പരിപാടികളുടെ ഭാഗമായി ഒരുപാട് വീടുകളിൽ കയറിയിറങ്ങേണ്ടി വരുന്നുണ്ട്. ആ ഇടയ്ക്കാണ് പഞ്ചായത്ത് കേന്ദ്രസർക്കാരിന്റെ പുതിയ പദ്ധതിയായ പുരുഷവന്ധ്യകരണത്തിന്റെ ചുമതല കൂടി ദിവ്യയ്ക്ക് നൽകുന്നത്.

രണ്ടിൽ കൂടുതൽ മക്കളുള്ള ഒരാളെ കണ്ടുപിടിച്ച് വന്ധ്യകരണം നടത്തിയാൽ പഞ്ചായത്തിന് ഒരു അവാർഡ് ലഭിക്കും. അതുകൊണ്ടുതന്നെ മേലുദ്യോഗസ്ഥരുടെ സമ്മർദ്ദത്തിൽ ദിവ്യയ്ക്ക് പണിയെടുക്കേണ്ടി വരുന്നു. ഒരാൾക്ക് വേണ്ടി ഒരുപാട് നടന്ന് അലയുന്നുണ്ട് ദിവ്യ. ഇതിനെക്കുറിച്ച് അറിവില്ലാത്ത പലരും ദിവ്യക്ക് തലവേദനയാവുന്നുണ്ട്.

പുരുഷ വന്ധ്യകരണം എവിടെയാണ് ചെയ്യുക? വേദനയുണ്ടാവുമോ? കുട്ടിയാണോ ചെയ്യുക? എന്നെല്ലാം ഒരാൾ ദിവ്യയോട് ചോദിക്കുന്നുണ്ട്. അയാളുടെ ചോദ്യത്തിന്റെ രീതി മാറി വരുമ്പോൾ നിവൃത്തിയില്ലാതെ ദേഷ്യത്തോടെ അവിടെ നിന്ന് ഇറങ്ങി പോവുന്നുണ്ടവൾ.

ജോലിയുടെ സമ്മർദ്ദം കാരണം വീട്ടിൽ ടെൻഷനടിച്ചിരിക്കുന്ന ദിവ്യയെ നോക്കി അമ്മ പറയുന്ന ഒരു ഡയലോഗ് ഉണ്ട്, ‘നിന്റെ അച്ഛൻ ഉണ്ടായിരുന്നെങ്കിൽ മൂപ്പരെ കൊണ്ട് ചെയ്യിപ്പിക്കായിരുന്നു, മരിച്ചു പോയില്ലേയെന്ന്’. അമ്മ പറയുന്നത് കേട്ട് ദിവ്യ ചിരിക്കുമ്പോൾ കാണുന്ന പ്രേക്ഷകരും അറിയാതെ ചിരിക്കുന്നുണ്ട്.

സിനിമ മുന്നോട്ട് വെക്കുന്ന ആശയം വളരെ നന്നായി ഓരോ സീനിലും അവതരിക്കപ്പെടുന്നുണ്ട്. ആശാവർക്കറായി ചുമതലയേക്കുന്ന സമയത്ത് ഓരോ വീട്ടിലും കയറി ഗർഭനിരോധന ഉറകൾ നൽകേണ്ടി വരുമ്പോൾ ദിവ്യയ്ക്ക് തോന്നുന്ന നാണക്കേടിനെല്ലാം സിനിമയുടെ ഒരു ഘട്ടത്തിൽ മാറ്റം വരുന്നുണ്ട്.

വിഷയം കൊണ്ടും അവതരണം കൊണ്ടും ഒരു പെർഫെക്ട് ഉത്പന്നമായി മാറുമ്പോഴാണ് ആദ്യപേരായിരുന്ന ‘ഒരു ഭാരത സർക്കാർ ഉത്പന്നം എത്രത്തോളം യോജിച്ചിരുന്നുവെന്ന് തിരിച്ചറിയുന്നത്.

Content Highlight: Sex Educations In Oru Sarkkar Uthpannam Movie

നവ്‌നീത് എസ്.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Video Stories