ന്യൂദല്‍ഹി: ബി.ജെ.പി എം.പിയും റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെയുള്ള ലൈംഗികാരോപണ കേസില്‍ ദല്‍ഹി സര്‍ക്കാരിന് നോട്ടീസ് അയച്ച് സുപ്രീം കോടതി.
സിങ്ങിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യത്തെ വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ ഹരജിയിലാണ് നോട്ടീസ് അയച്ചത്.
മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബല്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് മുമ്പാകെ ചൊവ്വാഴ്ച കേസ് അവതരിപ്പിക്കുകയായിരുന്നുവെന്ന് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.
‘ആരോപണം ഉന്നയിച്ചിരിക്കുന്നത് വനിതാ റെസ്‌ലിങ് താരങ്ങളാണ്. അവര്‍ ധര്‍ണയിരിക്കുകയാണ്. പരാതി നല്‍കിയ ഏഴ് സ്ത്രീകളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണ്. എന്നാല്‍ ഇതുവരെ എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയിട്ടില്ല. ഇവിടെ കോടതിയുടെ നിയമം ലംഘിക്കപ്പെടുകയാണ്,’ കപില്‍ സിബല്‍ പറഞ്ഞു.
ഇത്തരത്തിലുള്ള ഒരു കുറ്റം രജിസ്റ്റര്‍ ചെയ്യാത്തതിന് പൊലീസുകാരെയും പ്രോസിക്യൂട്ട് ചെയ്യാവുന്നതാണെന്ന് കപില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു.
എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകുകയാണെന്ന് ഹരജിക്കാരും ആരോപിച്ചു.
തുടര്‍ന്നാണ് സുപ്രീം കോടതി നോട്ടീസ് അയക്കാന്‍ തീരുമാനിച്ചത്. മുദ്രവെച്ച കവറില്‍ നല്‍കിയിരിക്കുന്ന പരാതികള്‍ വീണ്ടും സീല്‍ ചെയ്ത് ഹരജിയില്‍ ഉള്‍പ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു.
ലൈംഗിക പീഡനക്കേസില്‍ ബി.ജെ.പി എം.പിയും ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് കൊണ്ട് ഞായറാഴ്ചയാണ് റെസ്‌ലിങ്ങ് താരങ്ങള്‍ പ്രതിഷേധം ആരംഭിച്ചത്.
സാക്ഷി മാലിക്കും വിനേഷ് ഭോഗട്ടുമുള്‍പ്പെടെയുള്ള ഗുസ്തി താരങ്ങള്‍ ജന്തര്‍ മന്തറില്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജനുവരിയിലും താരങ്ങള്‍ പ്രതിഷേധിച്ചിരുന്നു. കേന്ദ്ര മന്ത്രിമാരുള്‍പ്പെടെ നല്‍കിയ ഉറപ്പിനെ തുടര്‍ന്നായിരുന്നു അന്ന് പ്രതിഷേധം പിന്‍വലിച്ചത്.
അതേസമയം കഴിഞ്ഞ ദിവസം കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസിന് ദല്‍ഹി വനിതാ കമ്മീഷന്‍ നോട്ടീസയച്ചിരുന്നു. പരാതിയില്‍ എത്രയും വേഗം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നുമാണ് നോട്ടീസില്‍ നിര്‍ദേശമുള്ളത്.
ബ്രിജ് ഭൂഷണിനെതിരെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയടക്കം പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ തയ്യാറാവാത്തത് ഗുരുതരമായ അനാസ്ഥയാണെന്ന് ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ അഭിപ്രായപ്പെട്ടിരുന്നു.
content highlight: Sex Allegation Against Brij Bhushan Singh; Supreme Court sent notice to Delhi Govt