മൊഹാലി: പരിക്കേറ്റിട്ടും കളിക്കളത്തില്‍ നിന്ന് പിന്‍മാറാതെ ബാറ്റുചെയ്ത ചെന്നൈ സൂപ്പര്‍കിംഗ്‌സ് നായകന്‍ മഹേന്ദ്രസിംഗ് ധോണിയെ പുകഴ്ത്തി ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവും കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ടീം മെന്ററുമായ വിരേന്ദ്ര സെവാഗ്. പഞ്ചാബിനെതിരായ മത്സരത്തില്‍ പുറംവേദന അലട്ടിയിട്ടും ക്രീസില്‍ തുടര്‍ന്ന ധോണിയുടെ പ്രകടനം അത്ഭുതപ്പെടുത്തുന്നതാണെന്ന് സെവാഗ് പറഞ്ഞു.
” ഈ സീസണില്‍ ഇതുവര എന്നെ അത്ഭുതപ്പെടുത്തിയ താരങ്ങളിലൊരാളാണ് ധോണി. അദ്ദേഹത്തിന്റെ പ്രായവും പരിക്കും കണക്കിലെടുക്കുമ്പോള്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ ക്രീസില്‍ തുടരാന്‍ കാണിച്ച മനോഭാവം അതിശയിപ്പിക്കുന്നതാണ്.” സെവാഗ് പറഞ്ഞു.
Also Read: റെയ്‌നയുടെ റെക്കോഡ് തിരുത്തി വിരാട്; തോറ്റെങ്കിലും ഒരുപിടി റെക്കോഡുമായി കോഹ്‌ലി
ആ സമയം ധോണിയുടെ സ്ഥാനത്ത് മറ്റേത് താരമായിരുന്നെങ്കിലും ക്രീസില്‍ തുടരില്ലായിരുന്നുവെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു. നായകനെന്ന നിലയില്‍ ധോണി ഉത്തരവാദിത്വം നിറവേറ്റുകയായിരുന്നുവെന്നും സെവാഗ് പറഞ്ഞു. എതിരാളികള്‍ക്ക് താന്‍ പരിക്കിനെത്തുടര്‍ന്ന് ഉഴലുകയാണെന്ന് പിടികൊടുക്കാതെയിരിക്കാന്‍ ധോണിയ്ക്കറിയാമെന്നും ആ തന്ത്രം കൊണ്ടാണ് ചെന്നൈ വലിയ മാര്‍ജിനില്‍ തോല്‍ക്കാതിരുന്നതെന്നും സെവാഗ് പറഞ്ഞു.
പഞ്ചാബിനെതിരായ മത്സരത്തില്‍ നാലു റണ്‍സിനായിരുന്നു ചെന്നൈയുടെ തോല്‍വി. സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ വിന്‍ഡീസ് താരം ക്രിസ് ഗെയ്ലിന്റെ വെടിക്കെട്ടും പിന്നാലെ തിരിച്ചടിക്കാനുള്ള ചെന്നൈയുടെ ശ്രമവും എല്ലാം കൂടി മൊഹാലിയില്‍ റണ്‍മഴ പെയ്തിരുന്നു.
തന്റെ മടങ്ങിവരവില്‍ 7 ബൗണ്ടറിയും 4 പടുകൂറ്റന്‍ സിക്‌സറുമായിരുന്നു ഗെയ്ല്‍ അടിച്ച് കൂട്ടിയത്. 33 പന്തുകളില്‍ നിന്ന് 63 റണ്‍സായിരുന്നു ഗെയ്ലിന്റെ സമ്പാദ്യം. വിന്‍ഡീസ് താരത്തിന്റെ വെടിക്കെട്ടിന്റെ പിന്‍ബലത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സെടുക്കുകയായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് 20 ഓവറില്‍ 193 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. 44 ബോളില്‍ നിന്ന് 79 റണ്‍സെടുത്ത നായകന്‍ ധോണിയുടെ നേതൃത്വത്തിലായിരുന്നു ചെന്നൈയുടെ പ്രത്യാക്രമണം.
WATCH THIS VIDEO: