മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗ് ദേശീയ ഉത്തേജക വിരുദ്ധ കമ്മിറ്റിയില്‍. നാഡയുടെ ഉത്തേജക വിരുദ്ധ അപ്പീല്‍ പാനലിലേക്കാണ് സെവാഗിനെ തെരഞ്ഞെടുത്തിരിക്കുന്നത്. ക്രിക്കറ്റ് താരങ്ങള്‍ നാഡയുടെ കീഴിലുള്ള കമ്മിറ്റിയില്‍ വരുന്ന പൊതുവെ വിരളമാണ്.
സെവാഗിനെക്കൂടാതെ ദല്‍ഹി മുന്‍ ക്രിക്കറ്റ് താരം വിനയ് ലാംബയും പാനലിലുണ്ട്. മുന്‍ ജഡ്ജിയായ ആര്‍.വി ഈശ്വര്‍ അധ്യക്ഷനായ ആറംഗ പാനലിലാണ് സെവാഗും ലാംബയും ഇടം പിടിച്ചിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകയായ വിഭ ദത്ത, ഡോ. നവീന്‍ ഡംഗ്, ഹര്‍ഷ് മഹാജന്‍ എന്നിവരാണ് പാനലിലെ മറ്റംഗങ്ങള്‍.
ഇന്നു ചേര്‍ന്ന പാനല്‍ യോഗത്തില്‍ പക്ഷെ സെവാഗ് പങ്കെടുത്തിരുന്നില്ല. ഉത്തേജക വിരുദ്ധ അച്ചടക്ക സമിതിയേയും നാഡ ഇന്ന് തെരഞ്ഞെടുത്തു. കുഞ്ചറാണി ദേവി (ഭാരദ്വാഹനം), അഖില്‍ കുമാര്‍(ബോക്‌സിംഗ്), റീത് എബ്രഹാം( അത്‌ലറ്റിക്‌സ്), ജഗ്ബീര്‍ സിംഗ് (ഹോക്കി), രോഹിത് രാജ്പാല്‍( ടെന്നീസ്) എന്നിവരാണ് അച്ചടക്കസമിതിയിലെ കായിക താരങ്ങള്‍.
അച്ചടക്ക സമിതിയുടെ തലവന്‍ മുന്‍ ജില്ലാ ജഡ്ജി കുല്‍ദീപ് സിംഗാണ്. അച്ചടക്ക സമിതിയാണ് ആദ്യം ഉത്തേജക സംബന്ധമായ കേസുകള്‍ കൈകാര്യം ചെയ്യുക. പിന്നീടായിരുക്കും അപ്പീല്‍ കമ്മിറ്റിയിലേക്ക് കേസ് കൈമാറുക.