| Saturday, 1st April 2023, 9:39 pm

'ധോണിയില്‍ നിന്ന് നിങ്ങളിത് പ്രതീക്ഷിച്ചു കാണില്ല അല്ലേ'; ചെന്നൈയുടെ തോല്‍വിക്ക് പിന്നാലെ സെവാഗ്‌

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റില്‍ ഒരു ക്യാപ്റ്റനെന്ന നിലയില്‍ ധീരവും ദ്രുതഗതിയിലുള്ളതുമായ തീരുമാനങ്ങള്‍ എടുക്കുന്നയാളാണ്‌ എം.എസ്. ധോണി. ക്യാപ്റ്റന്‍ കൂളിന്റെ തീരുമാനങ്ങളൊന്നും തന്നെ അധികം തെറ്റാറുമില്ല. എന്നാല്‍ ഐ.പി.എല്‍ 16ാം എഡിഷന്റെ ഉദ്ഘാടന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അവസാന ഓവര്‍ എറിയാന്‍ തുഷാര്‍ ദേശ്പാണ്ഡെയെ നിയോഗിച്ച ചെന്നൈ ക്യാപ്റ്റന്‍ ധോണിയുടെ തീരുമാനം ഗുണം ചെയ്തിരുന്നില്ല.

അവസാന ഓവറില്‍ മികച്ച രീതിയില്‍ പന്തെറിയാന്‍ തുഷാറിന് കഴിഞ്ഞിരുന്നില്ല. നാലോവറില്‍ താരം 51 റണ്‍സ് വഴങ്ങുകയും ചെയ്തിരുന്നു. മത്സരത്തില്‍ അഞ്ച്‌ വിക്കറ്റ് വിജയമാണ് ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയത്.

മോയിന്‍ അലിയെപ്പോലെ ഒരു പരിചയസമ്പന്നനായ കളിക്കാരനുണ്ടായിട്ടും ദേശ്പാണ്ഡെയെ അവസാന ഓവര്‍ എറിയാന്‍ നിയോഗിച്ചതിനെക്കുറിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സേവാഗ്.

‘മധ്യ ഓവറുകളില്‍ എവിടെയെങ്കിലും മോയിന്‍ അലിയെ ധോണി ഉപയോഗിച്ചിരുന്നെങ്കില്‍ അവസാന ഓവര്‍ എറിയാന്‍ തുഷാര്‍ ദേശ്പാണ്ഡെയെ നിയോഗിക്കേണ്ടി വരില്ലായിരുന്നു. ധോണി ഇത്തരത്തില്‍ തെറ്റുകള്‍ വരുത്തുമെന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നില്ല, അവിടെയൊരു കൈവിട്ട കളി കളിക്കാമായിരുന്നു. ഒരു വലം കയ്യന്‍ ബാറ്റര്‍ കളിക്കാനായി നില്‍ക്കുമ്പോള്‍ ഒരു ഓഫ് സ്പിന്നറെ പന്ത് ഏപിക്കാമായിരുന്നു,’ സെവാഗ് പറഞ്ഞു.

മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരിയും ധോണിയുടെ തീരുമാനം തന്നെ അദ്ഭുതപ്പെടുത്തിയെന്ന് അഭിപ്രായപ്പെട്ടു. തുഷാര്‍ ദേശ്പാണ്ഡെക്ക് അവസാന ഓവര്‍ നല്‍കിയത് തന്നെ അമ്പരപ്പിച്ചുവെന്നും രാജ് വര്‍ധന്‍ ഹംഗാര്‍ഗേക്കര്‍ക്ക് നല്‍കുമെന്നാണ് താന്‍ പ്രതീക്ഷിച്ചിരുന്നതെന്നും തിവാരി പറഞ്ഞു.

മത്സരത്തില്‍ ഋതുരാജ് ഗെയ്ക് വാദിന്റെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയുടെ കരുത്തില്‍ 20 ഓവറില്‍ 178 റണ്‍സ് ചെന്നൈ അടിച്ചെടുത്തിരുന്നു. ഋതുരാജിന് പുറമെ 23 റണ്‍സെടുത്ത മൊയിന്‍ അലി മാത്രമാണ് ചെന്നൈ നിരയില്‍ ഭേദപ്പെട്ട ബാറ്റിങ് പ്രകടനം നടത്തിയത്. മറുപടി ബാറ്റിങ്ങില്‍ 36 പന്തില്‍ 63 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്റെ മികവില്‍ ടൈറ്റന്‍സ് വിജയം സ്വന്തമാക്കുകയായിരുന്നു.

Content Highlights: Sewag about dhoni’s decision about last over

We use cookies to give you the best possible experience. Learn more