|

940 കോടി രൂപ കടബാധ്യത; ടീമിലെ മുഴുവന്‍ കളിക്കാരെയും വില്‍പ്പനക്ക് വെച്ച് യൂറോപ്പ ലീഗ് ചാമ്പ്യന്മാര്‍

സ്പോര്‍ട്സ് ഡെസ്‌ക്

കോടികളുടെ കടക്കെണിയില്‍പ്പെട്ട് ടീമിലെ മുഴുവന്‍ കളിക്കാരെയും വില്‍പ്പനക്ക് വെച്ച് സ്പാനിഷ് ക്ലബ്ബ് സെവിയ്യ. കഴിഞ്ഞ സീസണിലെ യൂറോപ്പ ലീഗ് ചാമ്പ്യന്‍മാരാണ് ടീം. ക്ലബ്ബിന് ഏതാണ്ട് 940 കോടിയോളം രൂപ കടബാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഫസ്റ്റ് ടീം സ്‌ക്വാഡിലെ മുഴുവന്‍ താരങ്ങളെയും വില്‍ക്കുകയാണെന്ന് ക്ലബ്ബ് പ്രസിഡന്റ് ഹോസെ കാസ്‌ട്രോ പരിശീലകന്‍ ഹോസെ ലൂയി മെന്‍ഡിലി ബാറിനെ അറിയിക്കുകയായിരുന്നു.

അര്‍ജന്റൈന്‍ സൂപ്പര്‍താരങ്ങളായ മാര്‍ക്കോസ് അക്യുന, ലൂക്കാസ് ഒകാംപോസ്, ഗോണ്‍സാലോ മോണ്ടിയാല്‍, മൊറോക്കോയുടെ യാസീന്‍ ബോണോ, യൂസഫ് എന്‍ നസിരി, ബ്രസീല്‍ താരം ഫെര്‍ണാണ്ടോ, സ്‌പെയ്‌നിന്റെ ജെസ്യൂസ് തുടങ്ങിയ പ്രമുഖ താരങ്ങള്‍ ക്ലബ്ബിലുണ്ട്.

അതേസമയം, യുവേഫ യൂറോപ്പ ലീഗ് ഫുട്ബോള്‍ 2022-2023 സീസണ്‍ ഫുട്ബോള്‍ കിരീടത്തില്‍ സെവിയ്യ മുത്തമിട്ടിരുന്നു. ഫൈനലില്‍ ഇറ്റാലിയന്‍ സീരി എ ടീമായ എ.എസ് റോമയെ കീഴടക്കിയാണ് സെവിയ്യ കിരീടം സ്വന്തമാക്കിയത്. നിശ്ചിത സമയത്തും അധിക സമയത്തും 1-1 എന്ന സമനിലയില്‍ ആയിരുന്ന മത്സരത്തിന്റെ വിധി നിര്‍ണയിച്ചത് പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെ ആയിരുന്നു.

യൂറോപ്പ ലീഗ് ചരിത്രത്തില്‍ സെവിയ്യ എഫ്.സി ഏഴാം തവണയാണ് ചാമ്പ്യന്മാരാകുന്നത്. യൂറോപ്പ ലീഗ് ഏറ്റവും കൂടുതല്‍ തവണ സ്വന്തമാക്കിയ ക്ലബ്ബ് എന്ന ഖ്യാതിയും സെവിയ്യക്ക് സ്വന്തം. 2006, 2007, 2014, 2015, 2016, 2020 വര്‍ഷങ്ങളിലാണ് മുമ്പ് സെവിയ്യ എഫ്.സി യൂറോപ്പ ലീഗ് ചാമ്പ്യന്മാരായത്.

യൂറോപ്പ ലീഗ് ഫൈനലില്‍ ഇതുവരെ സെവിയ്യ തോല്‍വി രുചിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

Content Highlights: Sevilla sells entire squad for sale to pay debt

Latest Stories