|

67ശതമാനത്തിൽ നിന്നും 12 ശതമാനമായി ഗർഭിണികൾക്കുള്ള ഫണ്ട് മോദി വെട്ടിക്കുറച്ചതായി സോണിയ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ഗർഭിണികൾക്ക് പ്രസവാനുകൂല്യങ്ങൾ നൽകുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി മാതൃ വന്ദന യോജന (പി.എം.എം.വി.വൈ) പദ്ധതിക്ക് മതിയായ ഫണ്ട് ഇല്ലെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ സോണിയ ഗാന്ധി. അതോടൊപ്പം പദ്ധതി 2013ലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിലെ (എൻ.എഫ്.എസ്.എ ) പ്രധാന വ്യവസ്ഥകൾ ലംഘിക്കുന്നുണ്ടെന്നും സോണിയ ഗാന്ധി കൂട്ടിച്ചേർത്തു.

രാജ്യസഭയിൽ ഈ വിഷയം ഉന്നയിച്ചുകൊണ്ട്, 2017ൽ ആരംഭിച്ച പ്രധാനമന്ത്രി മാതൃ വന്ദന യോജന (പി.എം.എം.വി.വൈ) ഗുണഭോക്താക്കളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായെന്നും ഇത് എന്തുകൊണ്ടാണെന്നും സോണിയ ഗാന്ധി ചോദിച്ചു.

‘2022-23 ലെ കണക്കുകൾ അനുസരിച്ച്, ഏകദേശം 68 ശതമാനം ഗർഭിണികൾക്കും അവരുടെ ആദ്യ പ്രസവത്തിന് പി.എം.എം.വി.വൈയുടെ ഒരു ഗഡുവെങ്കിലും ലഭിച്ചിട്ടുണ്ട്. എന്നാൽ അടുത്ത വർഷം തന്നെ ഈ അനുപാതം ഏകദേശം 12 ശതമാനമായി കുത്തനെ കുറഞ്ഞു. എന്തുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന് ഞാൻ കേന്ദ്ര സർക്കാരിനോട് ചോദിക്കാൻ ആഗ്രഹിക്കുന്നു,’ സോണിയ ഗാന്ധി ചോദിച്ചു.

ഒപ്പം അടുത്തിടെ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ പി.എം.എം.വി.വൈ പദ്ധതിക്കുള്ള വിഹിതം സംബന്ധിച്ച വിവരങ്ങൾ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് സോണിയ ഗാന്ധി ചോദിച്ചു . ‘എൻ.എഫ്.എസ്.എ 2013 ലെ പ്രസവാനുകൂല്യ വ്യവസ്ഥ പൂർണമായി നടപ്പിലാക്കുന്നതിന് 12,000 കോടി രൂപയുടെ വാർഷിക ബജറ്റ് ആവശ്യമാണ്. പി.എം.എം.വി.വൈക്കുള്ള വിഹിതം സംബന്ധിച്ച വിവരങ്ങൾ ബജറ്റ് രേഖയിൽ പ്രത്യേകം ഉൾപ്പെടുത്തിയിട്ടില്ല എന്നത് ആശ്ചര്യകരമാണ്. വനിതാ-ശിശു വികസന മന്ത്രാലയത്തിൽ സമർത്ഥ്യ എന്നൊരു പരിപാടി ഉണ്ടെന്ന് മാത്രമാണ് രേഖകൾ വെളിപ്പെടുത്തുന്നത്, ഇതിൽ അഞ്ച് ഘടകങ്ങളുണ്ട്, അതിൽ ഒന്നാണ് പി.എം.എം.വി.വൈ. 2025-26ൽ സമർത്ഥ്യയ്ക്ക് അനുവദിച്ചത് 2,521 കോടി രൂപ മാത്രമാണ്. ഇത് വ്യക്തമാക്കുന്നത് പി.എം.എം.വി.വൈക്ക് കടുത്ത ഫണ്ടിന്റെ കുറവുണ്ടെന്നും അതുവഴി പാർലമെന്റ് പാസാക്കിയ നിയമത്തിലെ പ്രധാന വ്യവസ്ഥകൾ ലംഘിക്കപ്പെടുന്നുവെന്നുമാണ്,’ സോണിയ ഗാന്ധി പറഞ്ഞു.

മാർച്ച് 19ന് രാജ്യസഭയിൽ ഒരു ചോദ്യത്തിന് മറുപടിയായി, വനിതാ-ശിശു വികസന സഹമന്ത്രി സാവിത്രി താക്കൂർ പി.എം.എം.വി.വൈയെക്കുറിച്ചുള്ള ഡാറ്റ നൽകിയിരുന്നു, അതിൽ 2023-2024 വർഷങ്ങളിൽ പദ്ധതിയിൽ ചേർന്ന 53.40 ലക്ഷം ഗുണഭോക്താക്കളിൽ 48 ശതമാനം പേർക്ക് മാത്രമേ പണം ലഭിച്ചിട്ടുള്ളൂ എന്ന് പറഞ്ഞിരുന്നു. ഇത് 2019-20 മുതലുള്ള ഏറ്റവും കുറഞ്ഞ ശതമാനമാണ്.

മാർച്ച് 12ന് രാജ്യസഭയിൽ സമാനമായ ഒരു ചോദ്യത്തിന് മന്ത്രി നൽകിയ മറുപടിയിൽ, ബീഹാർ, മഹാരാഷ്ട്ര, തമിഴ്‌നാട് , ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ 2019-20 വർഷങ്ങളിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 2023-24 വർഷങ്ങളിൽ എൻറോൾ ചെയ്ത ഗുണഭോക്താക്കളുടെ എണ്ണം പകുതിയായി കുറഞ്ഞിരുന്നു.

യുപിയിൽ, എൻറോൾ ചെയ്ത ഗുണഭോക്താക്കളുടെ എണ്ണം 2019-20 വർഷങ്ങളിൽ 12.58 ലക്ഷമായിരുന്നു. ഇത് 2023-24 ൽ 6.39 ലക്ഷമായി കുറഞ്ഞു. അതേസമയം തമിഴ്‌നാട്ടിൽ ഈ എണ്ണം 4.21 ലക്ഷത്തിൽ നിന്ന് 1.56 ലക്ഷമായി കുറഞ്ഞു.

വനിതാ-ശിശു വികസന മന്ത്രാലയത്തിന്റെ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന, സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിലെ സ്ത്രീകൾക്കുള്ള പ്രസവാനുകൂല്യ പദ്ധതിയാണ് പി.എം.എം.വി.വൈ. പദ്ധതിയുടെ ഭാഗമായി, ആദ്യ കുഞ്ഞിന്റെ ജനനത്തിനുശേഷം ഗുണഭോക്താക്കൾക്ക് യഥാക്രമം 3,000 രൂപയും 2,000 രൂപയും വീതമുള്ള രണ്ട് ഗഡുക്കളായി 5,000 രൂപ നൽകുന്നു. രണ്ടാമത്തെ കുട്ടി പെൺകുട്ടിയാണെങ്കിൽ അമ്മമാർക്ക് രണ്ടാമത്തെ ആനുകൂല്യം ലഭിക്കും, അത് ഒറ്റ ഗഡുവായി ആയിരിക്കും നൽകുക.

Content Highlight: Severely underfunded, violating law’: In Rajya Sabha, Sonia Gandhi questions Centre over maternity benefits scheme

Latest Stories