|

എമ്പുരാന്‍ കാണുമെന്ന് രാജീവ് ചന്ദ്രശേഖര്‍; സ്വന്തം പ്രസ്ഥാനത്തെയിട്ട് കൊട്ടാന്‍ നില്‍ക്കരുതെന്ന് സംഘപരിവാര്‍ അനുകൂലികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എമ്പുരാന്‍ കാണുമെന്ന് അറിയിച്ചുകൊണ്ടുള്ള ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ കടുത്ത സംഘപരിവാര്‍ ആക്രമണം. രാജീവ് ചന്ദ്രശേഖറിന് കേരളത്തിലെ രാഷ്ട്രീയം അറിയില്ലെന്നാണ് സംഘപരിവാറിന്റെ പ്രധാന വിമര്‍ശനം

മോഹന്‍ലാലിനോടൊപ്പം ഇരിക്കുന്ന ചിത്രം അടക്കം പങ്കുവെച്ചുകൊണ്ടായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റ്. ‘മോഹന്‍ലാല്‍-പൃഥ്വിരാജ് ടീമിന് ആശംസകള്‍. വരും ദിനങ്ങളില്‍ ഞാനും എമ്പുരാന്‍ കാണുന്നുണ്ട്,’ എന്നാണ് രാജീവ് പോസ്റ്റില്‍ കുറിച്ചാണ്.

എന്നാല്‍ പ്രസ്തുത പോസ്റ്റ് സംഘപരിവാര്‍ അനുകൂലികളെ ചൊടിപ്പിക്കുകയാണ് ചെയ്തത്.

‘നിങ്ങള്‍ ബി.ജെ.പിയുടെ പ്രസിഡന്റ് അല്ലെ. ഓരോ വാക്കും ബി.ജെ.പിയുടെ വീക്ഷണങ്ങളുമായി യോജിക്കണം. സിനിമ കാണാനുള്ള ധൈര്യവും സമയവും കാണിക്കുന്ന താങ്കള്‍ പഴയ പ്രസിഡന്റ് കെ. സുരേന്ദ്രനേക്കാളും താഴ്ന്ന നിലവാരത്തിലാക്കണോ പോകുന്നത്. താങ്കള്‍ കേരള രാഷ്ട്രീയം ശരിക്കും പഠിക്കേണ്ടിയിരിക്കുന്നു. മുതലാളിക്ക് ലാലപ്പനെ കൊണ്ട് ആവശ്യമാണ്ടാകും, ഞങ്ങള്‍ സാധാരണ പ്രവര്‍ത്തകര്‍ക്ക് അതിന്റെ ആവശ്യമില്ല,’ ഒരാള്‍ പ്രതികരിച്ചു.

തനിക്ക് വേറെ പണിയില്ലേ… ബി.ജെ.പി വിരുദ്ധര്‍ക്ക് കുഴലൂതാന്‍ ആണോ തന്നെ തെരഞ്ഞെടുത്തത്, സിനിമ കാണുമ്പോള്‍ കൂടെ ആ സുരേന്ദ്രനേയും കൊണ്ടുപോകണേ, സ്വന്തം പ്രസ്ഥാനത്തെ ഇട്ട് കൊട്ടരുത് രാജീവ് ഏട്ടാ. പുതിയ ബി.ജെ.പിക്കാര്‍ക്ക് പൈസ മതി എന്ന് അറിയാം എന്നാലും പറഞ്ഞന്നേ ഉള്ളു, എമ്പുരാന്‍ കണ്ടിട്ട് കര്‍ണാടകയിലേക്കെങ്ങാനും പോയിക്കോ, കേരള ബി.ജെ.പിയുടെ ഓഫീസിന്റെ ഏഴയലത്ത് വരരുത് രാജീവ് അണ്ണാ തുടങ്ങിയ പ്രതികരണങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു.

ഇതിനിടെ ‘സുഡാപ്പികളെ പേടിച്ച് ക്ഷണം ഉണ്ടായിട്ടും അയോധ്യയിലെ രാമക്ഷേത്രത്തില്‍ പോയില്ല, അതുപോലെ കുംഭമേളക്കും,’ മോഹന്‍ലാലിനെ വിമര്‍ശിച്ച് ഒരാള്‍ പ്രതികരിച്ചു. എമ്പുരാന്‍ സിനിമയുടെ സംവിധായകനായ പൃഥ്വിരാജിനെതിരെയും കടുത്ത സൈബര്‍ ആക്രമണം നടക്കുന്നുണ്ട്.

സിനിമയില്‍ പരാമര്‍ശിക്കുന്ന ഗുജറാത്ത് കലാപമാണ് സംഘപരിവാറിനെ ചൊടിപ്പിച്ചത്. മുമ്പ് ‘രായപ്പ’ എന്ന് വിളിച്ചുകൊണ്ട് പൃഥ്വിരാജിനെതിരെ നിലപാടെടുത്ത തീവ്ര ഹിന്ദുത്വവാദികളും സംഘപരിവാര്‍ വീണ്ടും സമാനമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ എമ്പുരാന്‍ സിനിമയെ ബഹിഷ്‌കരിച്ചും പൃഥ്വിരാജിനെ ഹിന്ദുവിരുദ്ധനായി പ്രഖ്യാപിച്ചും പ്രതികരണങ്ങള്‍ ഉയരന്നുണ്ട്.

‘ഗുജറാത്ത് കലാപത്തെ സിനിമയിലൂടെ വെളുപ്പിക്കാന്‍ വേണ്ടി മലയാളത്തിന്റെ മഹാനടനെ മറയാക്കി രാജ്യവിരുദ്ധ സംവിധായകന്‍ രംഗത്ത്. അതിന് കൂട്ടുനില്‍ക്കണോ എന്ന് ആ മഹാനടന്‍ സ്വയം ചിന്തിക്കണം,’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.

കെണിയില്‍ വീഴരുത്… എല്ലാം രായപ്പന്റെ നമ്പര്‍ ആണ്, രായപ്പ…. വസ്തുതകള്‍ ഇങ്ങനെ വളച്ചൊടിക്കരുത്, എന്നിങ്ങനെയുള്ള പ്രതികരണങ്ങളും സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നു.

പൃഥ്വിരാജിനെ ജിഹാദിയായും പ്രഖ്യാപിച്ചും വാരിയംകുന്നനെ കേന്ദ്രീകരിച്ച് സിനിമയെടുക്കാന്‍ കഴിയാത്തതിനാലാണ് എമ്പുരാന്‍ പോലെയൊരു സിനിമ പൃഥ്വി എടുത്തതെന്നും പ്രതികരണങ്ങളുണ്ട്.

Content Highlight: Severe Sanghparivar attack on Rajeev Chandrasekhar’s Facebook post about empuraan