| Sunday, 16th April 2023, 11:22 pm

കഠിനമായ ചൂട്; മഹാരാഷ്ട്രയില്‍ പുരസ്‌കാര ചടങ്ങില്‍ എട്ട് പേര്‍ മരിച്ചു; 50 ഓളം പേര്‍ ആശുപത്രിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: കഠിനമായ ചൂട് കാരണം മഹാരാഷ്ട്ര ഭൂഷണ്‍ പുരസ്‌കാര ചടങ്ങില്‍ പങ്കെടുത്ത എട്ട് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മുഖ്യമന്ത്രി എക്‌നാഥ് ഷിന്‍ഡെയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

50 പേര്‍ വിവിധ ആരോഗ്യപ്രശ്‌നങ്ങളാല്‍ ആശുപത്രികളില്‍ ചികിത്സയിലാണ്.

സാമൂഹ്യ സേവകനായ ദത്തത്രേയ നാരായണിന് അവാര്‍ഡ് നല്‍കുന്ന ചടങ്ങിലാണ് ദാരുണ സംഭവമുണ്ടായത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പുരസ്‌കാരം സമര്‍പ്പിച്ചത്.

38 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഞായറാഴ്ച മുംബൈയിലെ ചൂട്. ഇതുവരെയുള്ള കൂടിയ ചൂടാണിതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ആയിരത്തോളം സോഷ്യല്‍ ആക്റ്റിവിസ്റ്റുകള്‍ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. പരിപാടി 11.30 മുതല്‍ ഉച്ചക്ക് 1 മണി വരെയായിരുന്നു. എന്നാല്‍ പരിപാടിയില്‍ മുകള്‍ ഭാഗം മറക്കുന്ന വിധത്തിലുള്ള യാതൊരു സജ്ജീകരണവും ഏര്‍പ്പെടുത്തിയിരുന്നില്ല.

അതേസമയം ഈ സംഭവം നിര്‍ഭാഗ്യകരമാണെന്ന് ഷിന്‍ഡെ പറഞ്ഞു.

‘ഡോക്ടര്‍മാരില്‍ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് നിലവില്‍ 8പേര്‍ മരിച്ചിട്ടുണ്ട്. 24 പേര്‍ ചികിത്സയിലാണ്. 50 പേര്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നു. എന്നാല്‍ പ്രാഥമിക ശുശ്രൂശക്ക് ശേഷം മറ്റുള്ളവര്‍ ആശുപത്രി വിട്ടു,’ അദ്ദേഹം പറഞ്ഞു.

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ രാജ്യത്തെ പല ഭാഗങ്ങളില്‍ 3-5 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടിയ ചൂട് അനുഭവപ്പെടുമെന്ന് ഇന്ത്യ മെട്രോളജിക്കല്‍ ഡിപ്പാര്‍ട്‌മെന്റ് (ഐ.എം.ഡി) അറിയിച്ചു.

1901ന് ശേഷം ഇന്ത്യയില്‍ അനുഭവിക്കുന്ന ഏറ്റവും കൂടിയ ചൂടാണ് ഫെബ്രുവരിയിലേതെന്ന് ഐ.എം.ഡി പറഞ്ഞു.

content highlight: severe heat; Eight people died at the award ceremony in Maharashtra; About 50 people are in the hospital

We use cookies to give you the best possible experience. Learn more