വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായി ഇന്ത്യയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ആശങ്കയറിച്ച് യു.എസ് സെനറ്റര്‍മാര്‍.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ലിന്‍ഡ്‌സെ ഗ്രഹാം, റിച്ചാര്‍ഡ് ഡര്‍ബിന്‍, ടോഡ് യങ്, ക്രിസ് വാന് ഹോളന്‍ എന്നിവരാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്കല്‍ ആര്‍ പോംപിയോക്ക് കത്തയച്ചത്. കത്ത് എഴുതിയ നാല് സെനറ്റര്‍മാരില്‍ ട്രംപുമായി വളരെ അടുപ്പമുള്ള വ്യക്തിയാണ് ലിന്‍ഡ്‌സെ എബ്രഹാം.
ഇന്ത്യയിലെ തടങ്കല്‍ കേന്ദ്രങ്ങളെ കുറിച്ചും കശ്മീരിലെ ഇന്റര്‍നെറ്റ് നിരോധനത്തെ കുറിച്ചും സി.എ.എ-എന്‍.ആര്‍.എസി വിഷയങ്ങളില്‍ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളിലും ആശങ്ക അറിയിച്ചാണ് കത്തയച്ചിരിക്കുന്നത്.
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി ആറുമാസത്തിലേറെയായിട്ടും കശ്മീരില്‍ തുടരുന്ന ഇന്റര്‍നെറ്റ് നിയന്ത്രണത്തില്‍ ഇവര്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ഇതിനൊപ്പം കശ്മീരിലെ രാഷ്ട്രീയ നേതാക്കളെ തടങ്കല്‍ കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്നതിലും ഇവര്‍ ആശങ്ക പ്രകടിപ്പിച്ചു.
രണ്ട് മുന്‍ മുഖ്യമന്ത്രിമാരായ ഉമര്‍ അബ്ദുല്ല, മെഹബൂബ മുഫ്തി എന്നിവരെ പൊതുസുരക്ഷാ നിയമപ്രകാരമാണ് സര്‍ക്കാര്‍ തടങ്കലില്‍ വെച്ചിരിക്കുന്നത്. മൂന്ന് മാസം വരെ വിചാരണ പോലും കൂടാതെ തടങ്കലില്‍ വയ്ക്കാന്‍ ഈ നിയമം അനുവദിക്കുന്നുണ്ട്.
സെനറ്റര്‍മാര്‍ അയച്ച കത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ‘കശ്മീര്‍ മേഖലയിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ഇപ്പോഴും തുടരുകയാണെന്ന് പറയുന്നുണ്ട്. ഏറ്റവും ദൈര്‍ഘ്യമേറിയ ഇന്റര്‍നെറ്റ് നിരോധനമാണ് ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നും ആരോഗ്യരംഗത്തേയും വിദ്യാഭ്യാസത്തേയും വ്യാപാരത്തേയും ഇത് വലിയ രീതിയില്‍ ബാധിക്കുന്നുണ്ടെന്നും 7 ദശലക്ഷം ആളുകളെ ഇത് നേരിട്ട് ബാധിക്കുന്നുണ്ടെന്നും കത്തില്‍ ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
”പ്രധാന രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ നൂറുകണക്കിന് കശ്മീരികളാണ് ഇപ്പോഴും തടങ്കലില്‍ കഴിയുന്നത്. ഇത്തരം നടപടികള്‍ കടുത്ത പ്രത്യാഘാതം ഉണ്ടാക്കുന്നതാണെന്നും മൈക്ക് പോംപിയോയ്ക്ക് അയച്ച കത്തില്‍ സെനറ്റര്‍മാര്‍ പറഞ്ഞു.
ഫെബ്രുവരി 24 നാണ് ഡൊണാള്‍ഡ് ട്രംപും മെലാനിയ ട്രംപും രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ എത്തുന്നത്. പ്രധാനമന്ത്രി മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെ അഹമ്മദാബാദിലാണ് ഇവരുടെ ആദ്യ പരിപാടി.
‘ചില മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കും സംസ്ഥാനത്തിന്റെ മതേതര സ്വഭാവത്തിനും ഭീഷണിയാകുന്ന നടപടികള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം പാസാക്കിയതും ഇതില്‍ ഉള്‍പ്പെടുന്നു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ഇന്ത്യന്‍ സര്‍ക്കാര്‍ തടങ്കലിലിട്ടിരിക്കുന്നവരുടെ എണ്ണം 30 ദിവസത്തിനുള്ളില്‍ യു.എസ് സര്‍ക്കാര്‍ വിലയിരുത്തണമെന്നും കത്തില്‍ സെനറ്റര്‍മാര്‍ ആവശ്യപ്പെടുന്നു.
ജമ്മു കശ്മീരില്‍ തുടരുന്ന നിയന്ത്രണങ്ങളെക്കുറിച്ചും സ്വതന്ത്ര നിരീക്ഷകര്‍, നയതന്ത്രജ്ഞര്‍, വിദേശ പത്രപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കിനെ കുറിച്ചും പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുക വഴി പൗരത്വം നിഷേധിക്കപ്പെടുന്നവരെ കുറിച്ചുള്ള വിലയിരുത്തലുകള്‍ നടത്തണമെന്നും സെനറ്റര്‍മാര്‍ കത്തില്‍ ആവശ്യപ്പെട്ടു.