| Thursday, 15th February 2024, 10:26 pm

ആദ്യ ഘട്ട പരിശോധനയിൽ ഇ.വി.എമ്മുകൾ കൂട്ടത്തോടെ തകരാറിൽ; തെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെ ആശങ്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെ ആദ്യ ഘട്ട പരിശോധനയിൽ വലിയ തോതിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീൻ (ഇ.വി.എം) പരാജയപ്പെട്ടതായി വിവിധ വിവരാവകാശ രേഖകൾ.

ഇ.വി.എമ്മിന്റെ ബാലറ്റ് യൂണിറ്റ്, കൺട്രോൾ യൂണിറ്റ്, വോട്ടർ വെരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രയൽ അഥവാ വി.വിപാറ്റ് എന്നിവയിൽ തുടക്കത്തിൽ നടത്തുന്ന സാങ്കേതികപരമായ പരിശോധനയാണ് ആദ്യഘട്ട പരിശോധന (ഫസ്റ്റ് ലെവൽ ചെക്ക്) എന്ന് പറയുന്നത്.

ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ ജില്ലാതലത്തിൽ ആറുമാസം വരെ നീണ്ടുനിൽക്കുന്ന പ്രക്രിയ നടത്തുന്നത് എൻജിനീയർമാരാണ്.

പരിശോധനയ്ക്കിടയിൽ ഏതെങ്കിലും ഈവിഎം തകരാറിൽ ആണെന്ന് കണ്ടെത്തിയാൽ അത് നിമാതാക്കളായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിനോ ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനോ തകരാറ് പരിഹരിക്കാനായി കൈമാറും.

കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിന് തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം ഇ.വി.എമ്മുകൾ പണിമുടക്കിയത് വലിയ രാഷ്ട്രീയ കോളിളക്കത്തിലേക്ക് നയിച്ചിരുന്നു.

എന്നാൽ ആദ്യഘട്ട പരിശോധനയിൽ സംസ്ഥാനങ്ങളിൽ വി.വിപാറ്റുകളിലും കണ്ട്രോൾ യൂണിറ്റുകളിലും വലിയ തോതിൽ തകരാറുകൾ റിപ്പോർട്ട് ചെയ്തതായി കോമൺവെൽത്ത് ഹ്യൂമൻ റൈറ്റ്സ് ഇനിഷ്യേറ്റീവിന്റെ ഡയറക്ടർ വെങ്കിടേഷ് നായകിന് ലഭിച്ച രേഖകളിൽ വ്യക്തമാക്കുന്നു.

ഭാരത് ഇലക്ട്രോണിക്സോ ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയോ സംഭവത്തിൽ ഇതുവരെ പ്രതികരിച്ചില്ല.

നാഗാലാൻഡ്, അരുണാചൽ പ്രദേശ്, ആന്ധ്രാപ്രദേശ്, ബീഹാർ, കർണാടക, കേരളം എന്നിവിടങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഓഫീസുകളിൽ നിന്ന് മെഷീനുകൾ വലിയതോതിൽ തകരാറായതിനെ തുടർന്ന് കൂടുതൽ മെഷീനുകൾ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു.

2018ൽ ഉത്തരാഖണ്ഡിൽ നിന്നും ദൽഹിയിൽ നിന്നും 2019ൽ ആന്തമാൻ നിക്കോബാറിൽ നിന്നും ഈ എമ്മിലെ തകരാറുകൾ റിപ്പോർട്ട് ചെയ്തിരുന്നു.

നേരത്തെ വോട്ടിംഗ് മെഷീൻ നിർമിക്കുന്ന ഭാരത് ഇലക്ട്രോണിക്സ് നിയന്ത്രിക്കുന്നത് ബി.ജെ.പി നേതാക്കളാണെന്ന് മുൻ കേന്ദ്ര ധനകാര്യ മന്ത്രി ഇ.എ.എസ്. ശർമ ആരോപിച്ചിരുന്നു.

ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും ബി.ജെ.പിയുടെ നേതാക്കളെ ഭാരത് ഇലക്ട്രോണിക്സ് നിയന്ത്രിക്കുന്ന ബോർഡിൽ നിന്ന് പിൻവലിക്കണം എന്നും തെരഞ്ഞെടുപ്പ് കമ്മീഷനോട് ഇ.എ.എസ് ശർമ ആവശ്യപ്പെട്ടിരുന്നു.

Content Highlight: Several states flagged high EVM failure rate to EC ahead of 2019 LS polls

We use cookies to give you the best possible experience. Learn more