| Monday, 16th May 2022, 2:09 pm

ഇത്രയും റെക്കോഡുകള്‍ അയാള്‍ക്കുള്ളത് എത്ര പേര്‍ക്കറിയാം; സഞ്ജു സാംസണ്‍ - ദി റിയല്‍ അണ്‍സംഗ് ഹീറോ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ഏത് ടീമിന്റെ ആരാധകനോ ആയിക്കൊള്ളട്ടെ, എല്ലാ മലയാളി ക്രിക്കറ്റ് പ്രേമികള്‍ക്കും രാജസ്ഥാന്‍ റോയല്‍സിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. അതിന് കാരണക്കാരനാകട്ടെ ടീമിന്റെ ക്യാപ്റ്റന്‍ സഞ്ജു സാംസണും. രാജസ്ഥാന്‍ ഓരോ കളി ജയിക്കുമ്പോഴും അയാളെ പ്രശംസിക്കുന്നതും പിഴവുകള്‍ വരുമ്പോള്‍ അത് ചൂണ്ടിക്കാട്ടുന്നതും അതേ സ്‌നേഹത്തിന്റെ പുറത്താണ്.

ഐ.പി.എല്ലിലെ മോസ്റ്റ് വാല്യുബിള്‍ താരങ്ങളില്‍ ഒരാളും ഇപ്പോഴുള്ള മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളുമാണ് സഞ്ജു എന്നതില്‍ ആര്‍ക്കും സംശയമില്ല.

അരങ്ങേറ്റം കുറിച്ച സീസണിലെ 10 കളിയില്‍ നിന്നും 2036ഉം, 2014 സീസണില്‍ 13 കളിയില്‍ നിന്നും 339ഉം റണ്‍സടിച്ച് താരം തന്റെ വരവ് ഇന്ത്യന്‍ ക്രിക്കറ്റിന് മുമ്പില്‍ തന്നെ പ്രകടമാക്കിയിരുന്നു.

ഒരു ബൗളറുടേയും സ്പീഡിനേയോ, സ്റ്റാറ്റ്‌സുകളേയോ അഗ്രഷനെയോ കൂസാതെ കൂളായി ബാറ്റ് വീശുന്ന, വരുന്നത് വരട്ടെ എന്ന രീതിയില്‍ എല്ലാ പന്തും ആക്രമിച്ച് കളിക്കുന്ന താരമാണ് സഞ്ജു. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ സഞ്ജുവിന്റെ സ്‌ട്രെംഗ്തും വീക്ക്‌നെസ്സും അതുതന്നെയാണ്.

കളിക്കളത്തില്‍ എന്നും തന്റെ സ്‌ഫോടനശേഷി വെളിവാക്കുന്ന സഞ്ജു, ഈ സീസണിലും തന്റെ പതിവ് തെറ്റിച്ചിട്ടില്ല. ഈ സീസണില്‍ തന്നെ 13 മത്സരത്തില്‍ നിന്നും മുപ്പതിനോടടുത്ത ആവറേജില്‍ 359 റണ്‍സാണ് താരം സ്വന്തമാക്കിയത്. പ്രഹരശേഷിയാവട്ടെ 153.46ഉം!!

ഇതിനെല്ലാം പുറമെ പല റെക്കോഡുകളും ആ സ്‌ട്രൈക്ക് റേറ്റില്‍ താരം കരസ്ഥമാക്കിയിട്ടുണ്ട്. ആ കണക്കുകള്‍ മാത്രം മതി സഞ്ജു എത്രത്തോളം അണ്ടര്‍റേറ്റഡ് ആയിരുന്നു എന്ന് മനസിലാക്കാന്‍.

2020 മുതല്‍ മൂന്നാം നമ്പറില്‍ ഇറങ്ങി ഏറ്റവുമധികം റണ്‍സടിച്ച താരമാണ് സഞ്ജു. 39 ഇന്നിംഗ്‌സില്‍ നിന്നും 37.47 ശരാശരിയില്‍ പത്ത് ഫിഫ്ടിയടക്കം 1274 റണ്‍സാണ് താരം അടിച്ചെടുത്തത്. 148.48 ആയിരുന്നു താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്.

ഇതിന് പുറമെ, ഓപ്പണറല്ലാതെ ഏറ്റവുമധികം റണ്‍സ് നേടുന്ന താരം (39 ഇന്നിംഗ്‌സില്‍ നിന്നും 1180) മിഡില്‍ ഓവറുകളില്‍ ഏറ്റവുമധികം റണ്ണടിച്ച താരം (31 കളിയില്‍ നിന്നും 815) സ്പിന്‍ ബൗളര്‍മാര്‍ക്കെതിരെ ഏറ്റവും പ്രഹരശേഷിയുള്ള രണ്ടാമത്തെ താരം (സ്‌ട്രൈക്ക് റേറ്റ് 154.39) തുടങ്ങിയ നേട്ടങ്ങള്‍ സഞ്ജുവിന്റെ പേരിലാണ്.

(മെയ് എട്ട് വരെയുള്ള കണക്കുകള്‍ പ്രകാരം)

കഴിഞ്ഞ മത്സരത്തിലും ഇതേ സ്‌ഫോടന ശേഷി സഞ്ജു പുറത്തെടുത്തിരുന്നു. 24 പന്തില്‍ നിന്നും ആറ് ബൗണ്ടറിയുള്‍പ്പടെ 133.33 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 32 റണ്‍സായിരുന്നു താരം സ്വന്തമാക്കിയത്.

രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫിന് അരികില്‍ എത്തിനില്‍ക്കുമ്പോള്‍ സഞ്ജുവെന്ന ക്യാപ്റ്റന്‍ ഇപ്പോഴും ഐ.പി.എല്ലില്‍ തന്നെയുണ്ട്. പ്രമുഖ ക്രിക്കറ്റ് അനലിസ്റ്റുകളുടെ താരാട്ടുപാട്ട് കേട്ടുറങ്ങാതെ അയാള്‍ ടീമിനൊപ്പം, സഹ താരങ്ങള്‍ക്കൊപ്പം അടുത്ത മത്സരത്തിനൊരുങ്ങുകയാണ്.

Content Highlight: Several records of Sanju Samson in T20

We use cookies to give you the best possible experience. Learn more