വിനായകനെ മാറ്റണമെന്ന് പല നിര്‍മാതാക്കളും പറഞ്ഞിരുന്നു; 'ഒരുത്തീ'യുടെ തിരക്കഥാകൃത്ത് സുരേഷ് ബാബു
Film News
വിനായകനെ മാറ്റണമെന്ന് പല നിര്‍മാതാക്കളും പറഞ്ഞിരുന്നു; 'ഒരുത്തീ'യുടെ തിരക്കഥാകൃത്ത് സുരേഷ് ബാബു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 21st March 2022, 5:29 pm

നവ്യ നായരുടെ തിരിച്ചുവരവ് എന്ന നിലയില്‍ റിലീസിന് മുമ്പ് തന്നെ ഏറെ ആവേശമുണ്ടാക്കിയ ചിത്രമാണ് ഒരുത്തീ. മികച്ച പ്രതികരണം നേടി ചിത്രം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്.

ചിത്രത്തില്‍ നവ്യയോടൊപ്പം തന്നെ തുല്യ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു വിനായകന്‍ അവതരിപ്പിച്ച എസ്.ഐ ആന്റണിയുടെത്.

നവ്യ അവതരിപ്പിച്ച രാധാമണിയുടെ പ്രതിസന്ധിയില്‍ അവളോടൊപ്പം നില്‍ക്കുന്ന സത്യസന്ധനായ പൊലീസ് ഉദ്യോഗസ്ഥനാണ് വിനായകന്‍. സ്വാധീനവും പണവുമുള്ളവരുടെ ചതിയില്‍പ്പെടുന്ന രാധാമണി വീണ്ടും തന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന പ്രതിസന്ധികളെ എങ്ങനെ നേരിടണം എന്നറിയാതെ നില്‍ക്കുമ്പോള്‍ അവര്‍ക്ക് വഴി തെളിക്കുന്നത് വിനായകന്‍ അവതരിപ്പിച്ച എസ്.ഐ ആന്റണിയാണ്.

ഇപ്പോഴിതാ, വിനായകന്‍ ആ വേഷം ചെയ്യുന്നുണ്ടെങ്കില്‍ സിനിമ പ്രൊഡ്യൂസ് ചെയ്യില്ല എന്ന് നിരവധി നിര്‍മാതാക്കള്‍ പറഞ്ഞിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ സുരേഷ് ബാബു. ഡൂള്‍ന്യൂസിനോടായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ചിത്രത്തില്‍ ആദ്യം ഫിക്‌സ് ചെയ്ത ക്യാരക്ടര്‍ വിനായകന്റേതാണ്. പിന്നീടാണ് നായികയെ അന്വേഷിക്കാന്‍ തുടങ്ങിയത്. മഞ്ജു വാര്യര്‍, പാര്‍വതി തുടങ്ങി നിരവധി ഓപ്ഷന്‍സ് മുന്നിലുണ്ടായിരുന്നു. ആ സമയത്താണ് നവ്യയുടെ പുതിയ ഫോട്ടോസ് കാണാനിടയാവുന്നത്.

ഇത് കണ്ടപ്പോള്‍ നവ്യ ഈ കഥാപാത്രത്തിന് ആപ്റ്റ് ആവുമെന്ന് തോന്നി. പിന്നെ വേറെ ആരെയും അന്വേഷിക്കാന്‍ പോയില്ല. നവ്യയോട് സംസാരിക്കുകയും തന്റെ അടുത്ത സിനിമ ഇത് തന്നെയാണെന്ന് നവ്യ തീരുമാനിക്കുതയുമായിരുന്നു,’ സുരേഷ് ബാബു പറയുന്നു.

വിനായകന്റെ പൊലീസ് വേഷം മറ്റേതെങ്കിലും താരത്തിന് നല്‍കിയാല്‍ മാത്രം സിനിമ നിര്‍മിക്കാന്‍ തയ്യാറാവാമെന്ന് നിരവധി പ്രൊഡ്യൂസര്‍മാര്‍ പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറയുന്നു.

May be an image of 1 person, beard and text

‘വിനായകന്റെ പൊലീസ് വേഷം പൃഥ്വിരാജിനെ പോലുള്ള മറ്റേതെങ്കിലും താരത്തിന് നല്‍കിയാല്‍ പ്രൊഡ്യൂസ് ചെയ്യാം എന്ന ഓഫര്‍ വന്നിരുന്നു. എന്നാല്‍ വിനായകനെ മാറ്റേണ്ട തീരുമാനിച്ചു. എല്ലാ അര്‍ത്ഥത്തിലും ആ ക്യാരക്ടര്‍ ചെയ്യേണ്ടത് വിനായകന്‍ ആയിരുന്നു. അങ്ങനെ അവസാനമാണ് നവ്യയുടെ സുഹൃത്തിന്റെ പ്രൊഡക്ഷന്‍ കമ്പനി ചിത്രം നിര്‍മിക്കാന്‍ തയ്യാറാകുന്നത്,’

ട്രാന്‍സ്, പട പോലുള്ള സിനിമകളില്‍ ഫഹദ് അല്ലെങ്കില്‍ കുഞ്ചാക്കോ ബോബന്‍ പോലുള്ള താരങ്ങള്‍ കൂടി ഉള്ളതുകൊണ്ട് ഈ പ്രശ്‌നമില്ലെന്നും, വിനായകനെ ഒറ്റയ്ക്ക് വെച്ച് സിനിമ നിര്‍മിക്കുമ്പോഴാണ് ഈ പ്രശ്‌നം വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'നീ ബേക്കല്‍ കോട്ട കണ്ടിട്ടുണ്ടോ'? ഒരുത്തീയില്‍ മാസ് പെര്‍ഫോമന്‍സുമായി വിനായകന്‍

പല നിര്‍മാതാക്കളുടെ അടുത്ത് ചെന്നപ്പോഴും വിനായകന്‍ ഈ കഥാപാത്രത്തിന് പൂര്‍ണമായും അനുയോജ്യനാണെന്നും, എന്നാല്‍ മറ്റേതെങ്കിലും താരത്തെ കൊണ്ടുവന്നാല്‍ നന്നായിരിക്കും എന്നും പറഞ്ഞിരുന്നെന്നും, അത് ഒരുപക്ഷേ അവരുടെ സാമ്പത്തിക അവസ്ഥ കാരണം പറഞ്ഞാതാവാന്‍ സാധ്യതയെന്നും അദ്ദേഹം വ്യക്തമാക്കി.

കര്‍ണാടകയില്‍ നടന്ന റിസോര്‍ട്ട് രാഷ്ട്രീയത്തെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയിട്ടുള്ളത്.

വി.കെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീയില്‍ കെ.പി.എ.സി. ലളിത, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, അരുണ്‍ നാരായണ്‍, മുകുന്ദന്‍, ജയശങ്കര്‍ കരിമുട്ടം, മനു രാജ്, മാളവിക മേനോന്‍, ചാലി പാല എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: Several Producers told to remove Vinayakan from that role, says Screenwritter of Oruthi