| Friday, 3rd February 2023, 4:20 pm

പാകിസ്ഥാന്‍ പണിപറ്റിച്ചു, കളിക്കാനാളില്ല; പണി കിട്ടിയത് ഇംഗ്ലീഷ് പടക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ (PSL) എട്ടാമത് എഡിഷന് ഈ മാസം തുടക്കമാകുകയാണ്.

പാകിസ്ഥാനിലെ ഏറ്റവും പോപ്പുലറായ ഫ്രാഞ്ചൈസി ലീഗാണ് പി.എസ്.എല്‍. ലോക ക്രിക്കറ്റില്‍ ഏറ്റവും സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്ന മൂന്നാമത് ക്രിക്കറ്റ് ലീഗും പി.എസ്.എല്‍ തന്നെയാണ്.

പി.എസ്.എല്‍ തുടങ്ങുന്നതോടെ പണി കിട്ടാന്‍ പോകുന്നത് ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിനാണ്.

തങ്ങളുടെ കളിക്കാരില്‍ ചിലര്‍ പി.എസ്.എല്‍ കളിക്കാന്‍ പാകിസ്ഥാനിലേക്ക് പോകുന്നതോടെ മാര്‍ച്ചില്‍ ബംഗ്ലാദേശിനെതിരെ നടക്കുന്ന ഏകദിന, ടി-20 പരമ്പകളിലേക്ക് പുതിയ ടീമിനെ പ്രഖ്യാപിക്കേണ്ട അവസ്ഥയിലാണ് ക്രിക്കറ്റ് ബോര്‍ഡ്.

2022 ഒക്ടോബറിലാണ് ബംഗ്ലാദേശുമായുള്ള പര്യടനം പ്ലാന്‍ ചെയ്തിരുന്നതെങ്കിലും പിന്നീട് ഇരു ക്രിക്കറ്റ് ബോര്‍ഡുകളും സംയുക്തമായി മത്സരം മാര്‍ച്ചിലേക്ക് മാറ്റുകയായിരുന്നു.

ഇംഗ്ലീഷ് പടയുടെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍മാരിലൊരാളായ അലക്‌സ് ഹെയ്ല്‍സ് ഇതിനകം തന്നെ പി.എസ്.എല്ലില്‍ കളിക്കാന്‍ ഇസ്‌ലാമാബാദ് യുണൈറ്റഡുമായി കരാറിലേര്‍പ്പെട്ടതിനാല്‍ രാജ്യത്തിന് വേണ്ടി ബംഗ്ലാദേശ് പര്യടനത്തില്‍ കളിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്.

സാം ബില്ലിങ്‌സ്. ലിയാം ഡോവ്‌സന്‍, ജെയിംസ് വിന്‍സ് തുടങ്ങിയവരും പി.എസി.എല്ലില്‍ ഇറങ്ങും.

2016ലായിരുന്നു പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ സീസണ്‍ ആരംഭിച്ചത്. ആദ്യ സീസണില്‍ ക്വേറ്റ ഗ്ലാഡിയേറ്റേഴ്സിനെ പരാജയപ്പെടുത്തി ഇസ്‌ലാമാബാദ് യുണൈറ്റഡായിരുന്നു ഇനോഗറല്‍ ചാമ്പ്യന്‍മാരായത്.

മുന്‍ സീസണുകളിലേതിന് സമാനമായി ആറ് ടീമുകളാണ് പി.എസ്.എല്‍ 2023ല്‍ മാറ്റുരക്കുന്നത്. സൂപ്പര്‍ താരം ഷഹീന്‍ ഷാ അഫ്രിദിയുടെ നേതൃത്വത്തില്‍ ലാഹോര്‍ ഖലന്തേഴ്സായിരുന്നു കഴിഞ്ഞ സീസണില്‍ കപ്പുയര്‍ത്തിയത്. മുള്‍ട്ടാന്‍ സുല്‍ത്താനെയായിരുന്നു ഖലന്തേഴ്സ് ഫൈനലില്‍ പരാജയപ്പെടുത്തിയത്.

പി.എസ്.എല്‍ ചാമ്പ്യന്‍മാര്‍

(എഡിഷന്‍, വര്‍ഷം, ചാമ്പ്യന്‍മാര്‍, റണ്ണേഴ്സ് അപ്പ് എന്നീ ക്രമത്തില്‍)

1 – 2016 – ഇസ്‌ലാമാബാദ് യുണൈറ്റഡ് – ക്വേറ്റാ ഗ്ലാഡിയേറ്റേഴ്സ്

2 – 2017 – പെഷവാര്‍ സാല്‍മി – ക്വേറ്റാ ഗ്ലാഡിയേറ്റേഴ്സ്

3 – 2018 – ഇസ്‌ലാമാബാദ് യുണൈറ്റഡ് – പെഷവാര്‍ സാല്‍മി

4 – 2019 – ക്വേറ്റാ ഗ്ലാഡിയേറ്റേഴ്സ് – പെഷവാര്‍ സാല്‍മി

5 – 2020 – കറാച്ചി കിങ്സ് – ലാഹോര്‍ ഖലന്തേഴ്സ്

6 – 2021 – മുള്‍ട്ടാന്‍ സുല്‍ത്താന്‍ – പെഷവാര്‍ സാല്‍മി

7 – 2022 – ലാഹോര്‍ ഖലന്തേഴ്സ് – മുള്‍ട്ടാന്‍ സുല്‍ത്താന്‍

8 – 2023 – TBD

ഫെബ്രുവരി 13 മുതലാണ് പി.എസ്.എല്‍ 2023ന്റെ മത്സരങ്ങള്‍ തുടങ്ങുന്നത്. മാര്‍ച്ച് 19നാണ് ഫൈനല്‍ മത്സരം അരങ്ങേറുന്നത്.

മാര്‍ച്ച് 15 മുതലാണ് പ്ലേ ഓഫ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. മാര്‍ച്ച് 19 ഞായറാഴ്ചയാണ് ഫൈനല്‍ മത്സരം.

ഐ.പി.എല്‍ 2023ന് കൃത്യം ഒരാഴ്ച മുമ്പാണ് പി.എസ്.എല്‍ അവസാനിക്കുന്നത്. മാര്‍ച്ച് 26നാണ് ഐ.പി.എല്ലിന്റെ പുതിയ സീസണ് തുടക്കമാവുന്നത്.

Content Highlight: Several players refuse to play for England due to Pakistan Super League; Report

We use cookies to give you the best possible experience. Learn more