കീവ്: ഉക്രൈനെതിരെ ആക്രമണം ശക്തമാക്കി റഷ്യ. തലസ്ഥാനമായ കീവില്‍ മിസൈല്‍ ആക്രമണം നടന്നു. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു കീവില്‍ തുടര്‍ച്ചയായ മിസൈല്‍ ആക്രമണം നടന്നത്.
കീവിലുണ്ടായ മിസൈല്‍ ആക്രമണങ്ങളെത്തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ക്കാണ് നാശനഷ്ടമുണ്ടായത്. എന്നാല്‍ ആളപായം ഇല്ലെന്നാണ് റിപ്പോര്‍ട്ട്.
തുടര്‍ച്ചയായുണ്ടായ തിരിച്ചടികളെത്തുടര്‍ന്നാണ് ഇത്തരമൊരു ആക്രമണത്തിലേക്ക് റഷ്യ നീങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. ഇതിനെത്തുടര്‍ന്ന് പ്രസിഡന്റ് പുടിന്‍ രാജ്യത്തെ സംയുക്ത സൈനിക മേധാവിയെ മാറ്റി പുതിയ ആളെ നിയമിച്ചിരുന്നു.
അതേസമയം, തെക്കന്‍ ഉക്രൈനിയന്‍ നഗരത്തിലും ഞായറാഴ്ച റഷ്യ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടും. ആക്രമണത്തില്‍ 11 കുട്ടികള്‍ ഉള്‍പ്പെടെ 89 പേര്‍ക്ക് പരിക്കേറ്റതായും ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുടെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു.
കഴിഞ്ഞ ദിവസം ക്രിമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന പാലം സ്‌ഫോടനത്തില്‍ തകര്‍ന്നിരുന്നു. ക്രിമിയ ഉപദ്വീപിനെ റഷ്യയുമായി ബന്ധിപ്പിക്കുന്ന കടല്‍പ്പാലമാണ് ഉഗ്ര സ്‌ഫോടനത്തില്‍ തകര്‍ന്നത്.
സംഭവത്തില്‍ ഉക്രൈനെ കുറ്റപ്പെടുത്തി റഷ്യ രംഗത്തെത്തിയിരുന്നു. ഭീകരപ്രവര്‍ത്തനം എന്നാണ് സംഭവത്തെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ വിശേഷിപ്പിച്ചത്. ആക്രമണം തയ്യാറാക്കിയവരും ആക്രമികളും സ്‌പോണ്‍സര്‍മാരും ഉക്രൈന്‍ ആണെന്നും പുടിന്‍ പറഞ്ഞു.
സ്ഫോടനത്തിന് പിന്നില്‍ ഉക്രൈന്‍ ആണെന്ന് റഷ്യ ആരോപിക്കുമ്പോഴും ഉത്തരവാദിത്വം ഏറ്റെടുക്കാതെ പുടിനെയും റഷ്യയെയും പരിഹസിക്കുകയാണ് ഉക്രൈന്‍.
യുദ്ധം മുറുകുന്നതിനിടെ പാലം തകര്‍ന്നത് റഷ്യക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഉക്രൈനില്‍ നിന്ന് റഷ്യ പിടിച്ചെടുത്ത ക്രിമിയ ഉപദ്വീപിലേക്കുള്ള ഏക പാതയായ കെര്‍ച്ച് പാലത്തിലാണ് റഷ്യയെ നടുക്കിയ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ പാലത്തിന്റെ ഒരുഭാഗം തകര്‍ന്നു. പാലത്തിലൂടെ സഞ്ചരിച്ച ഇന്ധനം നിറച്ച ടാങ്ക് പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായത്.
പാലത്തെ ‘നൂറ്റാണ്ടിലെ നിര്‍മിതി’യെന്നാണ് റഷ്യന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നത്. പുടിന് കീഴിലുള്ള ഏറ്റവും പ്രധാന നിര്‍മിതിയായും വിശേഷിപ്പിക്കപ്പെട്ടിരുന്നു. 19 കിലോമീറ്റര്‍ നീളമുള്ള കെര്‍ച്ച് പാലം യൂറോപ്പിലെ ഏറ്റവും നീളം കൂടിയ പാലമാണ്. 2018ല്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനാണ് പാലം ഉദ്ഘാടനം ചെയ്തത്.
റഷ്യന്‍ സൈനികര്‍ക്ക് യുദ്ധസാമഗ്രികള്‍ എത്തിക്കുന്നതില്‍ ഏറെ നിര്‍ണായകമായിരുന്നു ഈ പാലം. ഏറെ സുരക്ഷയോടെ നിര്‍മിച്ച പാലമാണെന്നായിരുന്നു റഷ്യയുടെ അവകാശ വാദം. സൈനികര്‍ക്കും നാവികര്‍ക്കും അവശ്യസാധനങ്ങള്‍ എത്തിക്കുന്ന പാലത്തിലുണ്ടായ സ്‌ഫോടനം റഷ്യന്‍ സൈന്യത്തെ ഞെട്ടിച്ചിരിക്കുകയാണ്.
റഷ്യന്‍ സൈന്യത്തിന് പാലം ഉപയോഗിക്കുന്നതില്‍ കൂടുതല്‍ തടസം നേരിട്ടാല്‍ തെക്കന്‍ ഉക്രൈനിലെ സേനകളിലേക്കുള്ള വിതരണ ശൃംഖലകള്‍ കൂടുതല്‍ ദുര്‍ബലമാകാന്‍ സാധ്യതയുണ്ട്. ഇതും റഷ്യയെ ആശങ്കയിലാക്കുന്നുണ്ട്.