മെക്‌സിക്കോ-യുഎസ് അതിർത്തിയിലെ അഭയാർത്ഥി കേന്ദ്രത്തിൽ തീപിടിത്തം; 39 മരണം; മരണസംഖ്യ ഉയർന്നേക്കുമെന്ന് റിപ്പോർട്ട്
World News
മെക്‌സിക്കോ-യുഎസ് അതിർത്തിയിലെ അഭയാർത്ഥി കേന്ദ്രത്തിൽ തീപിടിത്തം; 39 മരണം; മരണസംഖ്യ ഉയർന്നേക്കുമെന്ന് റിപ്പോർട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th March 2023, 7:20 pm

മെക്‌സിക്കോ: മെക്‌സിക്കോ-യുഎസ് അതിർത്തിയിലെ അഭയാർത്ഥി കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 40 കടന്നെന്ന് റിപ്പോർട്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ നാഷണൽ മൈഗ്രേഷൻ ഇൻസ്റ്റിറ്റ്യൂട്ട് (ഐ.എൻ.എം) ആണ് മരണപ്പെട്ടവരുടെ കണക്ക് പുറത്തുവിട്ടത്.

അതിർത്തി നഗരമായ സിയുദാദ് ജുവാരസിലെ മൈഗ്രന്റ് ഹോൾഡിംഗ് സെന്ററിൽ തിങ്കളാഴ്ച വൈകിയായിരുന്നു അപകടമുണ്ടായത്.

തീപിടുത്തത്തിന്റെ ഉത്ഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്നും നിലവിൽ സാഹചര്യങ്ങൾ നിയന്ത്രണത്തിലാണെന്നും അധികൃതർ അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. കുടിയേറ്റക്കാരിൽ പലരും വെനസ്വേലക്കാരായിരുന്നുവെന്നും റോയിട്ടേഴ്സ് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

മരിച്ചവരിൽ ഗ്വാട്ടിമാല, ഹോണ്ടുറാസ് എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഒരു മെക്സിക്കൻ ഉദ്യോഗസ്ഥനെ ഉ​ദ്ധരിച്ച് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.

മധ്യ, തെക്കേ അമേരിക്കയിൽ നിന്നുള്ള 68 മുതിർന്ന പുരുഷന്മാർ ഇവിടെ താമസിക്കുന്നുണ്ടെന്നും അവരിൽ 29 പേർക്ക് തീപിടുത്തത്തിൽ പരിക്കേറ്റതായും പ്രദേശത്തെ നാല് ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും യു.എസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.

കഴിഞ്ഞ ദിവസം അർധരാത്രിയോടെയായിരുന്നു തീപിടിത്തം. ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങളും നിരവധി ആംബുലൻസുകളും സ്ഥലത്തെത്തി. തീപിടിത്തത്തിന്റെ കാരണം ഉദ്യോഗസ്ഥർ അന്വേഷിച്ച് വരികയാണെന്നാണ് റിപ്പോർട്ട്.

Content Highlight: Several killed in fire at Mexico-US border migrant centre