| Thursday, 19th August 2021, 7:34 pm

അഫ്ഗാനിസ്താനില്‍ ദേശീയപതാകയുമായി സ്വാതന്ത്ര്യദിനം ആഘോഷിച്ച പൗരന്മാര്‍ക്ക് നേരെ താലിബാന്‍ വെടിവെയ്പ്പ്; രണ്ട് പേര്‍ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാബൂള്‍: അഫ്ഗാനിസ്താനില്‍ ദേശീയപതാകയുമായി സ്വാതന്ത്ര്യദിനം ആഘോഷിച്ച പൗരന്മാര്‍ക്ക് നേരെ താലിബാന്‍ വെടിവെയ്പ്പ് നടത്തിയതായി റിപ്പോര്‍ട്ട്.

അസദാബാദിലും ജലാലാബാദിലും നടന്ന സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് നേരെയാണ് താലിബാന്റെ ആക്രമണം നടന്നത്.

സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതായാണ് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

മരിച്ചവരില്‍ ഒരാള്‍ പതാകയേന്തിയ സ്ത്രീയാണെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ സ്ഥിതിഗതികള്‍ ഗുരുതരമാണെന്നും മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരം.

കഴിഞ്ഞ ദിവസമാണ് താലിബാന്‍ അഫ്ഗാനിസ്ഥാന്റെ ഭരണം പൂര്‍ണമായും പിടിച്ചെടുത്തത്. രാജ്യം കീഴടക്കിയതോടെ അഫ്ഗാനിസ്ഥാന്റെ പേരും താലിബാന്‍ മാറ്റിയിരുന്നു. ഇസ്‌ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാന്‍ എന്നാണ് പുതിയ പേര്.

താലിബാന്‍ അഫ്ഗാന്‍ കയ്യടക്കിയതിന് പിന്നാലെ ഏതു വിധേനയും രാജ്യത്ത് നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് സാധാരണക്കാരായ അഫ്ഗാന്‍ പൗരന്മാര്‍. പറന്നുയരാന്‍ പോകുന്ന വിമാനങ്ങള്‍ക്ക് ചുറ്റും ആളുകള്‍ തടിച്ചുകൂടുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസങ്ങളിലായി പുറത്തുവന്നിരുന്നു.

അഫ്ഗാനില്‍ താലിബാന്‍ ഇസ്‌ലാമിക് നിയമസംഹിതയായ ശരീഅത്ത് കര്‍ശനമായി നടപ്പിലാക്കുമെന്ന ഭയത്തിലാണ് ജനങ്ങള്‍. നേരത്തെ താലിബാന്‍ അധികാരത്തിലുണ്ടായിരുന്ന സമയത്തുണ്ടായിരുന്ന കര്‍ക്കശ നിയന്ത്രണങ്ങള്‍ മടങ്ങിവരുമെന്ന പേടിയിലാണ് ജനങ്ങള്‍ പലായനത്തിനൊരുങ്ങുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Several Killed As Taliban Open Fire On Protesters

We use cookies to give you the best possible experience. Learn more