ദല്‍ഹി: ഹരിയാന പൊലീസിന്റെ കണ്ണീര്‍ വാതക, ഷെല്‍ ആക്രമണത്തില്‍ നിരവധി കര്‍ഷകര്‍ക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് ദല്‍ഹിയിലേക്കുള്ള കര്‍ഷകരുടെ മാര്‍ച്ച് താത്കാലികമായി നിര്‍ത്തിവെച്ചു. ഇന്ന് ഒരു ദിവസത്തേക്കാണ് സമരം സസ്‌പെന്‍ഡ് ചെയ്തത്.
ദല്‍ഹി: ഹരിയാന പൊലീസിന്റെ കണ്ണീര്‍ വാതക, ഷെല്‍ ആക്രമണത്തില്‍ നിരവധി കര്‍ഷകര്‍ക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് ദല്‍ഹിയിലേക്കുള്ള കര്‍ഷകരുടെ മാര്‍ച്ച് താത്കാലികമായി നിര്‍ത്തിവെച്ചു. ഇന്ന് ഒരു ദിവസത്തേക്കാണ് സമരം സസ്‌പെന്‍ഡ് ചെയ്തത്.
കര്‍ഷക യൂണിയനുകളായ കിസാന്‍ മസ്ദൂര്‍ മോര്‍ച്ച (കെ.എം.എം), സംയുക്ത കിസാന്‍ മോര്‍ച്ച (രാഷ്ട്രീയേതര) എന്നിവര്‍ സംയുക്തമായി ചേര്‍ന്നാണ് 101 കര്‍ഷകര്‍ ഉള്‍പ്പെടുന്ന സംഘത്തെ തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചത്.
‘കര്‍ഷകര്‍ക്ക് സംഭവിച്ച പരിക്കുകള്‍ കണക്കിലെടുത്ത് ഞങ്ങള്‍ ഇന്നത്തെ ജാഥ തിരികെ വിളിച്ചിട്ടുണ്ട്,’ കര്‍ഷക നേതാവായ സര്‍വാന്‍ സിങ് പന്ദറിനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
വെള്ളിയാഴ്ചയാണ് ശംഭു അതിര്‍ത്തിയില്‍ നിന്ന് 101 കര്‍ഷകര്‍ ഉള്‍പ്പെടുന്ന കാല്‍നട മാര്‍ച്ച് ദല്‍ഹിയിലേക്ക് ആരംഭിച്ചത്. എന്നാല്‍ പൊലീസ് ഇവരെ ബാരിക്കേഡുകള്‍ ഉപയോഗിച്ച് തടഞ്ഞിരുന്നു.
കര്‍ഷകരോട് കൂടുതല്‍ മുന്നോട്ട് പോകരുതെന്നും അപ്രകാരം ചെയ്താല്‍ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ (ബി.എന്‍.എസ്.എസ്) സെക്ഷന്‍ 163 പ്രകാരം നടപടി സ്വീകരിക്കും എന്നാണ് ഹരിയാന പൊലീസ് പറഞ്ഞത്.
അഞ്ചോ അതിലധികമോ ആളുകള്‍ ഒത്തുചേരുന്നതിനും അംബാല ജില്ലാ ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അംബാലയിലെ ചില ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങളടക്കം നിര്‍ത്തിവെച്ചുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കര്‍ഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാള്‍ 10 ദിവസമായി നിരാഹരം തുടരുന്ന ജിന്ദിലും സെക്ഷന്‍ 163 ചുമത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
നിരവധി ആവശ്യങ്ങളുന്നയിച്ച് നൂറിലധികം കര്‍ഷകരാണ് ദല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുന്നത്. വിളകള്‍ക്ക് മിനിമം താങ്ങുവില, കടം എഴുതിതള്ളല്‍, കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും പെന്‍ഷന്‍, ഭൂമി ഏറ്റെടുക്കല്‍ നിയമം പുനസ്ഥാപിക്കല്‍, വൈദ്യുതി നിരക്ക് വര്‍ധിക്കുന്നത് തുടങ്ങി നിരവധി ആവശ്യങ്ങളാണ് കര്‍ഷകര്‍ ഉന്നയിക്കുന്നത്.
2021-ലെ ലഖിംപുര്‍ ഖേരി സംഘര്‍ഷം ബാധിച്ചവര്‍ക്ക് നീതിവേണമെന്നും 2020-21 കാലത്തെ കര്‍ഷകസമര കാലത്ത് ജീവന്‍ നഷ്ടമായ കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം വേണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
Content Highlight: Several injured in tear gas and shell attack on farmers; The strike was temporarily suspended