| Saturday, 7th September 2024, 12:12 pm

മണിപ്പൂരിൽ സംഘർഷം രൂക്ഷം; ബോംബ് ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും വൻ സംഘർഷം. ജിരിബാമിൽ വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഏഴ് പേരാണ് മണിപ്പൂരിൽ വിവിധ ഇടങ്ങളിലായി കൊല്ലപ്പെട്ടത്.

ജിരിബാമിൽ മെയ്തി വിഭാഗക്കാരും കുക്കി വിഭാഗക്കാരും തമ്മിൽ നടന്ന വെടിവെയ്പ്പിൽ ഇന്ന് രാവിലെ മൂന്ന് പേർ കൊല്ലപ്പെടുകയായിരുന്നു. സുരക്ഷാ സേന ശക്തമായ പ്രതിരോധങ്ങൾ ഏർപ്പെടുത്തിയിട്ടും സംഘർഷങ്ങൾക്ക് അറുതിയില്ലാതായിരിക്കുകയാണ്. സുരക്ഷാ സേനക്ക് പലയിടങ്ങളിലും പലപ്പോഴും കടന്ന് ചെല്ലാൻ പറ്റുന്നില്ല എന്നതും മറ്റൊരു പ്രശ്നമാണ്. മണിപ്പൂരിൽ സമാധാന അന്തരീക്ഷം തിരിച്ച് വരുന്നു എന്ന മുഖ്യമന്ത്രി ബീരേന് സിങ്ങിന്റെ വാദങ്ങളാണിവിടെ പൊളിയുന്നത്.

സംസ്ഥാനത്തെ ആഭ്യന്തര കലാപത്തെ തുടർന്ന് സർക്കാർ വിദ്യാഭ്യാസ സഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം മൊയ്‌റാംഗിൽ മുൻ മണിപ്പൂർ മുഖ്യമന്ത്രി  കൊയ്‌റെങ് സിങ്ങിൻ്റെ വസതിക്ക് നേരെ നടന്ന റോക്കറ്റ് ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്.

ഫീവാങ്‌ബാം ലെയ്‌കെയിലെ താമസക്കാരനായ 70 കാരനായ ആർ.കെ റാബെയ് ആണ് മരിച്ചത്. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു.

അതേസമയം, ഡ്രോൺ ബോംബാക്രമണത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി ആയിരക്കണക്കിന് ആളുകൾ ഇംഫാൽ താഴ്‌വര ജില്ലകളിൽ വെള്ളിയാഴ്ച മനുഷ്യച്ചങ്ങല രൂപീകരിച്ചു.

ബി.ജെ.പി നേതൃത്വത്തിലുള്ള മണിപ്പൂർ സർക്കാരിൻ്റെ ഭീരുത്വപരമായ ഭരണത്തെ അപലപിച്ച പ്രതിഷേധക്കാർ അക്രമണകാരികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. മണിപ്പൂരിൻ്റെ പ്രാദേശിക, ഭരണപരമായ അഖണ്ഡതയിൽ ഒരു വിട്ടുവീഴ്ചയും സാധ്യമല്ലെന്ന് അവർ പറഞ്ഞു.

2023 ൽ ഔദ്യോഗിക ഗോത്രപദവി നൽകണമെന്ന മെയ്തി വിഭാഗത്തിന്റെ ആവശ്യത്തിനെതിരെ കുക്കി വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മണിപ്പൂരിലെ ഭൂരിപക്ഷമായ മെയ്തി വിഭാഗത്തെ പട്ടികവർഗ്ഗമായി അംഗീകരിക്കുന്നത് തങ്ങളുടെ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാകുമെന്ന് ആശങ്കപ്പെട്ടിരുന്ന കുക്കികൾ ഇതിനെതിരെ പ്രതിഷേധിക്കാൻ തുടങ്ങി. പിന്നാലെ അത് വർഗീയ കലാപമായി മാറുകയും ഭരണകൂടം ഇതിനെതിരെ മൗനം പാലിക്കുകയും ചെയ്തു.

പ്രധാനമന്ത്രി നരേദ്ര മോദി കലാപം തുടങ്ങി ഒരു വർഷമാകാറായിട്ടും മണിപ്പൂർ ഇതുവരെയും സന്ദർശിച്ചിട്ടില്ല.

Content Highlight: several injured as drone bombs in Manipur

We use cookies to give you the best possible experience. Learn more