ന്യൂദല്‍ഹി: കശ്മീരിലെ സ്ഥിതിഗതികള്‍ പരിശോധിക്കാനായി വന്ന യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളില്‍ മിക്കവരും തീവ്രവലതു പക്ഷക്കാരും മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് പേരു കേട്ടവരും.
ജര്‍മനി, ഇറ്റലി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലെ തീവ്ര വലതുപക്ഷ പാര്‍ട്ടി പ്രതിനിധികളായ ഇവര്‍ പലപ്പോഴും മുസ്‌ലിം വിരുദ്ധവും കുടിയേറ്റവിരുദ്ധവുമായ പരാമര്‍ശങ്ങളാല്‍ വിവാദങ്ങളിലകപ്പെട്ടിട്ടുമുണ്ട്.
ജര്‍മ്മനിയില്‍ നിന്നും വരുന്ന ആലിസ് വീഡല്‍ എന്ന യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി ജര്‍മ്മന്‍ അതിര്‍ത്തി കുടിയേറ്റക്കാര്‍ക്കായി തുറന്നു കൊടുത്തതിനെതിരെ 2017 ലെ തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞത് കുടിയേറ്റം രാജ്യത്തെ തീവ്രവാദികളുടെയും ക്രിമിനലുകളുടെയും സ്വര്‍ഗഭൂമിയാക്കി മാറ്റും എന്നാണ്. ഒപ്പം ഹോമോ സെക്ഷ്വല്‍സിനെതിരെ ആക്രമണം നടത്തുന്നവര്‍ എല്ലായ്‌പ്പോഴും മുസ്‌ലിം പശാത്തലമുള്ളവരായിരിക്കും എന്നും ഇവര്‍ ഒരിക്കല്‍ പറയുകയുണ്ടായി.
ഇറ്റലിയില്‍ നിന്നും വരുന്ന ലിഗ നോര്‍ഡ് 2018 ല്‍ ഇറ്റലിയുടെ മുന്‍ ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററായ മറ്റൊ സാല്‍വിനി വിയന്നയില്‍ നടന്ന ഒരു പത്ര സമ്മേളനത്തില്‍ ആഫ്രിക്കന്‍ കുടിയേറ്റക്കാരെ അടിമകളോട് താരതമ്യപ്പെടുത്തിയ സംഭവത്തില്‍ അവരോടൊപ്പം വിവാദത്തില്‍പ്പെട്ട വ്യക്തിയാണ്.
ഫ്രാന്‍സിലെ നാഷണല്‍ റാലി പാര്‍ട്ടി നേതാവായ മറൈന്‍ ലി പിന്‍ തന്റെ പാര്‍ട്ടിയുടെ പ്രധാന അജണ്ടയായി കുടിയേറ്റ വിരുദ്ധതയെ മാറ്റിയെടുത്തതില്‍ നിര്‍ണായക പങ്കു വഹിച്ചവരാണ്.
അതേ സമയം ഇവര്‍ എത്തിയതിനെക്കുറിച്ച് ദല്‍ഹിയിലെ യൂറോപ്യന്‍ യൂണിയന്‍ ഓഫീസിന് അറിവില്ല.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം കശ്മീരിലെത്തുന്ന ആദ്യ വിദേശ സംഘമാണ് യൂറോപ്യന്‍ യൂണിയന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും പ്രതിനിധി സംഘം ഇന്ന് കൂടിക്കാഴ്ച്ച നടത്തി.