World News
ട്രംപിന്റെ അധിക തീരുവയിൽ തിരിച്ചടിച്ച് കാനഡ; അമേരിക്കൻ മദ്യത്തിന് വിലക്കേർപ്പെടുത്തി കനേഡിയൻ പ്രവിശ്യകൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 05, 01:10 am
Wednesday, 5th March 2025, 6:40 am

ഒട്ടാവ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ ഇറക്കുമതി തീരുവകൾക്കെതിരായ പ്രതിഷേധ നടപടിയുടെ ഭാഗമായി യു.എസ് മദ്യത്തിന് വിലക്കേർപ്പെടുത്തി കനേഡിയൻ പ്രവിശ്യകൾ. ഒന്റാറിയോ, ക്യൂബെക്ക് എന്നിവയുൾപ്പെടെ ഒന്നിലധികം കനേഡിയൻ പ്രവിശ്യകൾ ചൊവ്വാഴ്ച യു.എസ് മദ്യത്തിന്റെ വിൽപ്പന നിരോധിക്കുകയായിരുന്നു.

ഇത് അമേരിക്കൻ ഉത്പാദകർക്ക് വലിയ തിരിച്ചടിയാണെന്ന് വിലക്ക് പ്രഖ്യാപിച്ചുകൊണ്ട് ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ് പറഞ്ഞു. പൊതു നിയന്ത്രണത്തിലുള്ള ലിക്കർ കൺട്രോൾ ബോർഡ് ഓഫ് ഒന്റാറിയോ (LCBO) നടത്തുന്ന സ്റ്റോറുകൾ ഓരോ വർഷവും ഏകദേശം ഒരു ബില്യൺ കനേഡിയൻ ഡോളർ (688 മില്യൺ ഡോളർ) മൂല്യമുള്ള യു.എസ് ആൽക്കഹോൾ ഉത്പ്പന്നങ്ങൾ വിൽക്കുന്നുണ്ടെന്ന് ഫോർഡ് പറഞ്ഞു.

ചൊവ്വാഴ്ച എൽ.സി.ബി.ഒയുടെ വെബ്‌സൈറ്റ് പ്രവർത്തനരഹിതമായിരുന്നു, കനേഡിയൻ ഉത്പ്പന്നങ്ങൾക്ക് മേലുള്ള യു.എസ് താരിഫുകൾക്ക് മറുപടിയായി യു.എസ് ഉത്പ്പന്നങ്ങൾ സ്റ്റോർ നീക്കം ചെയ്യുന്നതായി അറിയിപ്പും പുറത്ത് വിട്ടിരുന്നു.

ക്യൂബെക്കിൽ, സ്റ്റോറുകൾ, ബാറുകൾ, റെസ്റ്റോറന്റുകൾ എന്നിവയിലേക്ക് അമേരിക്കൻ ലഹരിപാനീയങ്ങൾ വിതരണം ചെയ്യുന്നത് നിർത്താൻ പ്രവിശ്യ മദ്യ വിതരണക്കാരനോട് ഉത്തരവിടുകയാണെന്ന് സർക്കാർ അറിയിച്ചു.

ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് വോട്ട് ചെയ്ത സംസ്ഥാനങ്ങളിൽ നിന്ന് അമേരിക്കൻ മദ്യം വാങ്ങുന്നത് തങ്ങളുടെ മദ്യ വിതരണക്കാർ നിർത്തുമെന്ന് ബ്രിട്ടീഷ് കൊളംബിയയിലെ പ്രവിശ്യാ സർക്കാരും പറഞ്ഞു.

അധികാരത്തിലേറിയതിന് പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കാനഡ, മെക്സിക്കോ, ചൈന എന്നീ രാജ്യങ്ങൾക്ക് മേൽ വ്യാപകമായ തീരുവ ചുമത്തിയിരുന്നു.

കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നുമുള്ള മിക്ക ഇറക്കുമതികൾക്കും 25% തീരുവയും ചുമത്തുന്നതും ചൈനീസ് ഉത്പ്പന്നങ്ങൾക്കുള്ള തീരുവ 10% ൽ നിന്ന് 20% ആയി ഇരട്ടിയാക്കുകയും ചെയ്തിരുന്നു.

ദേശീയ സുരക്ഷയ്ക്കും സാമ്പത്തിക വളർച്ചയ്ക്കും താരിഫുകൾ ആവശ്യമാണെന്ന് ട്രംപ് ന്യായീകരിക്കുകയും ചെയ്തിരുന്നു. ‘ഈ താരിഫുകൾ അമേരിക്കൻ തൊഴിലവസരങ്ങൾ തിരികെ കൊണ്ടുവരും, നമ്മുടെ വ്യവസായങ്ങളെ സംരക്ഷിക്കും, നമ്മുടെ വ്യാപാര പങ്കാളികൾ നമ്മോട് നീതിപൂർവ്വം പെരുമാറാൻ നിർബന്ധിതരാകും,’ ട്രംപ് പറഞ്ഞു.

 

Content Highlight: Several Canadian Provinces Ban US Alcohol In Trump Tariff Response