| Tuesday, 14th May 2019, 11:43 am

കര്‍ണാടകയില്‍ രാഷ്ട്രീയ നീക്കങ്ങള്‍ ശക്തമാകുന്നു; തെരഞ്ഞെടുപ്പിന് പിന്നാലെ ബി.ജെ.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ എത്തുമെന്ന് കെ.സി വേണുഗോപാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍ബുര്‍ഗ: ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കര്‍ണാടകയിലെ നിരവധി ബി.ജെ.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസിലേക്ക് വരുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. പത്ത് ബി.ജെ.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകായണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സമീര്‍ അഹ്മദ് ഖാന്‍ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് വേണുഗോപാലിന്റെ പ്രസ്താവന.

കോണ്‍ഗ്രസിന് കുതിരകച്ചവടം നടത്തേണ്ടെന്നും സ്വാഭാവികമായി എം.എല്‍.എമാര്‍ കോണ്‍ഗ്രസ് പാളയത്തിലേക്ക് വരുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ണ്ണാടകയിലെ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ. സിദ്ധരാമയ്യ 13 ബി.ജെ.പി എം.എല്‍.എമാരുമായും ഏഴ് ജെ.ഡി.എസ് എം.എല്‍.എമാരുമായി ചര്‍ച്ച നടത്തുന്നതായി റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം രാജിവെച്ച് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടാനായി 20 എം.എല്‍.എമാരുടെ പിന്തുണയാണ് സിദ്ധരാമയ്യ തേടിയത്. ജെ.ഡി.എസ് എം.എല്‍.എമാരായ കെ. മഹാദേവ, സുരേഷ് ഗൗഡ, നാരായണ ഗൗഡ, രവീന്ദ്ര ശ്രീകാന്തയ്യ, അവിനാഷ് കുമാര്‍ എന്നിവരടക്കമുള്ളവരുമായാണ് ചര്‍ച്ചയെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഉത്തര കര്‍ണാടകയിലെ 13 ബി.ജെ.പി എം.എല്‍.എമാരെയാണ് സിദ്ധരാമയ്യ ലക്ഷ്യമിടുന്നതെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇവര്‍ ബഗാല്‍ക്കോട്ടില്‍ സിദ്ധരാമയ്യയുടെ ആളുകളുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്ക് സിദ്ധരാമയ്യ പണവും മത്സരിക്കാന്‍ സീറ്റും വാഗ്ദാനം ചെയ്തതായി ബി.ജെ.പി പറഞ്ഞിരുന്നു.

2018 നിയമസഭാ തെരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റായ ചാമുണ്ഡേശ്വരിയില്‍ ജെ.ഡി.എസ് നേതാവായ ജി.ടി ദേവഗൗഡയോട് തോറ്റ സിദ്ധരാമയ്യയ്ക്ക് പിന്നീട് സഖ്യ സര്‍ക്കാര്‍ വന്നപ്പോള്‍ മുഖ്യമന്ത്രി പദം കുമാരസ്വാമിയ്ക്ക് വിട്ടു നല്‍കേണ്ടി വന്നിരുന്നു.

ഏപ്രില്‍ 18 മുതല്‍ 23വരെയാണ് കര്‍ണാടകയിലെ 28 ലോക്‌സഭാ സീറ്റുകളില്‍ തെരഞ്ഞെടുപ്പ് നടന്നത്. 224 അംഗങ്ങളുള്ള നിയമസഭയില്‍ ജെ.ഡി.എസിന് 37 എം.എല്‍.എമാരും കോണ്‍ഗ്രസിന് 80 എം.എല്‍.എമാരുമാണ് നിലവില്‍ ഉള്ളത്. മറ്റ് സ്വതന്ത്രരുടെ പിന്തുണയോടെ 113 എം.എല്‍.എമാരുമായാണ് കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം കര്‍ണാടകയില്‍ അധികാരത്തിലുള്ളത്

We use cookies to give you the best possible experience. Learn more