അവിടെ വെച്ച് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍? മരിച്ചുവീഴുന്നത് ഞങ്ങളാണ്, നേട്ടം അവര്‍ക്കും; വിന്‍ഡീസ് പര്യടനത്തിന്റെ ഭീതിയില്‍ ബംഗ്ലാദേശ്
Sports News
അവിടെ വെച്ച് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍? മരിച്ചുവീഴുന്നത് ഞങ്ങളാണ്, നേട്ടം അവര്‍ക്കും; വിന്‍ഡീസ് പര്യടനത്തിന്റെ ഭീതിയില്‍ ബംഗ്ലാദേശ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 2nd July 2022, 4:28 pm

വിന്‍ഡീസ് പര്യടനത്തിലെ ആദ്യ ടി-20 മത്സരത്തിന് മുമ്പായി മരിച്ചുജീവിച്ച് ബംഗ്ലാദേശ് താരങ്ങള്‍. ആദ്യ ടി-20 നടക്കുന്ന സ്റ്റേഡിയത്തിലേക്കെത്താനുള്ള യാത്രയാണ് ബംഗ്ലാദേശ് താരങ്ങളെ ശാരീരികമായും മാനസികമായും ഒരുപോലെ തളര്‍ത്തിയിരിക്കുന്നത്.

ഇരുവരും തമ്മിലുള്ള ആദ്യ മത്സരം നടക്കുന്നത് ഡൊമനിക്കയിലാണ്. സെന്റ് ലൂസിയയില്‍ നിന്നും ഏകദേശം അഞ്ച് മണിക്കൂര്‍ യാത്ര ചെയ്താല്‍ മാത്രമാണ് താരങ്ങള്‍ക്ക് ഡൊമനിക്കയിലെ സ്‌റ്റേഡിയത്തിലെത്താന്‍ സാധിക്കൂ. എന്നാല്‍ സെന്റ് ലൂസിയ മുതല്‍ ഡൊമനിക്ക വരെയുള്ള 180 കിലോമീറ്ററോളം ബംഗ്ലാദേശ് താരങ്ങള്‍ സഞ്ചരിച്ചതാവട്ടെ കപ്പലിലും.

കടലിലൂടെ സഞ്ചാരം പരിചിതമല്ലാത്ത മിക്ക ബംഗ്ലാ താരങ്ങള്‍ക്കും കടല്‍ച്ചൊരുക്ക് (സീ സിക്ക്‌നെസ്) പിടിപെടുകയായിരുന്നു. പ്രക്ഷുബ്ധമായ അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെയായിരുന്നു താരങ്ങളുടെ യാത്രയെന്ന് ബംഗ്ലാദേശ് പത്രമായ പ്രോഥോം അലോ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

യാത്രയ്ക്കിടെ കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമായെന്നും രണ്ട് മീറ്ററിലധികം വരുന്ന തിരമാലകളില്‍ പെട്ട് കപ്പല്‍ ആടിയുലഞ്ഞെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ബംഗ്ലാ സ്‌ക്വാഡിലെ പലതാരങ്ങലും ആദ്യമായിട്ടായിരുന്നു കപ്പലില്‍ സഞ്ചരിക്കുന്നത്. കപ്പല്‍ യാത്രയുടെ ശാരീരികവും മാനസികവുമായ എല്ലാ ബുദ്ധിമുട്ടുകളും തരണം ചെയ്ത് വേണം വിന്‍ഡീസിനെതിരായ പരമ്പര കളിക്കാന്‍.

ബംഗ്ലാ താരങ്ങളായ ഷൊറിഫുള്‍ ഇസ്‌ലാമും നഫീസ് ഇഖ്ബാലുമാണ് ഏറ്റവുമധികം പെട്ടുപോയത്. യാത്രയിലുടനീളം ഛര്‍ദ്ദിയും തലചുറ്റലുമായി മറ്റ് താരങ്ങളും ഏറെ പണിപ്പെട്ടിരുന്നു.

‘ഞങ്ങളാണ് ഇവിടെ രോഗം ബാധിച്ച് മരിച്ച് വീഴാന്‍ പോവുന്നത്, അവര്‍ക്കൊന്നും നഷ്ടപ്പെടാനില്ല,’ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു താരം പറഞ്ഞു.

‘ഞാന്‍ ഒരുപാട് രാജ്യങ്ങളില്‍ പര്യടനം നടത്തിയിട്ടുണ്ട്. ഇങ്ങനെ ഒരു അനുഭവം ഇതാദ്യമാണ്. ഇത്തരത്തിലൊരു സാഹചര്യത്തിലൂടെ ഞങ്ങള്‍ ഒരാള്‍ പോലും ഇതുവരെ കടന്നുപോയിട്ടില്ല.

കളിക്കുന്ന കാര്യം മറന്നേക്കൂ, കപ്പലില്‍ വെച്ച് ഞങ്ങള്‍ക്കെന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ സ്ഥിതി എന്താകുമായിരുന്നു. എന്റെ ജീവിതത്തിലെ തന്നെ മേശം പര്യടനമാണ് ഇത്,’ മറ്റൊരു താരം പറഞ്ഞു.

മൂന്ന് ടി20യും മൂന്ന് ഏകദിനവുമാണ് ബംഗ്ലാദേശിന്റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലുള്ളത്. എന്നാല്‍ ഈ സംഭവത്തോടെ എത്ര താരങ്ങള്‍ കളിക്കാന്‍ ഫിറ്റാവും എന്ന സംശയമാണ് ബംഗ്ലാദേശിനുള്ളത്.

 

Content Highlight:  Several Bangladesh cricketers fall sick and vomit during sailing ahead of opening T20I against West Indies