ഷെഫീഖ് വധശ്രമക്കേസിൽ വിധി; ഒന്നാം പ്രതിക്ക് ഏഴ് വർഷം കഠിന തടവ്, രണ്ടാനമ്മക്ക് പത്ത് വർഷം കഠിന തടവ്
Kerala News
ഷെഫീഖ് വധശ്രമക്കേസിൽ വിധി; ഒന്നാം പ്രതിക്ക് ഏഴ് വർഷം കഠിന തടവ്, രണ്ടാനമ്മക്ക് പത്ത് വർഷം കഠിന തടവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th December 2024, 3:47 pm

കുമളി: ഷെഫീഖ് വധശ്രമക്കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ചു. കുട്ടിയുടെ പിതാവ് ഒന്നാം പ്രതി ഷെരീഫിന് ഏഴ് വർഷം തടവും രണ്ടാം പ്രതി അനീഷക്ക് പത്ത് വർഷം കഠിന തടവുമാണ് വിധിച്ചിരിക്കുന്നത്. ഷെരീഫ് 50 ,000 രൂപ പിഴയും നൽകണം. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി ഷെരീഫ് തടവ് ശിക്ഷ അനുഭവിക്കണം.

ജുവനൈൽ ജസ്റ്റിസ് ആക്ട് ഐ.പി.സി 326 ഉൾപ്പടെയുള്ള വകുപ്പുകൾ പ്രാകാരമാണ് ഇപ്പോൾ ഷെരീഫിന് ഏഴ് വർഷം കഠിന തടവ് വിധിച്ചിരിക്കുന്നത്. ഐ.പി.സി 307 വധശ്രമം ഉൾപ്പടെയുള്ള കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തിയിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് പത്ത് വർഷം കഠിന തടവ് ശിക്ഷ അനീഷക്ക് വിധിച്ചത്.

2013ലായിരുന്നു കേസിനാസ്പദമായ സംഭവം. നാലര വയസ് മാത്രം പ്രായമുണ്ടായിരുന്ന ഷഫീഖിനെ ക്രൂരമായി മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലാണ് കണ്ടെത്തുന്നത്. ആശുപത്രിയിലെത്തിച്ച കുട്ടിയുടെ ശരീരത്തില്‍ കണ്ട പാടുകള്‍ ചോദ്യം ചെയ്തപ്പോള്‍ അവ കുട്ടി സ്വയം ഉണ്ടാക്കിയതണ് എന്നായിരുന്നു പ്രതികള്‍ ഡോക്ടര്‍മാരെ അറിയിച്ചത്.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ക്രൂരമായ പീഡനത്തെ കുറിച്ച് കണ്ടെത്തിയത്. കുട്ടിക്ക് തനിച്ചുണ്ടാക്കാന്‍ സാധിക്കുന്ന പാടുകളല്ല അതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുകയായിരുന്നു. ഇതാണ് കേസില്‍ നിര്‍ണായകമായത്.

10 വര്‍ഷമായി കേരള സര്‍ക്കാരിന്റെ സംരക്ഷണത്തില്‍ അല്‍അസര്‍ മെഡിക്കല്‍ കോളജിന്റെ പ്രത്യേക പരിഗണനയില്‍ രാഗിണി എന്ന ആയയുടെ പരിചരണയിലാണ് ഷെഫീഖ് കഴിയുന്നത്.

Content Highlight: Seven years rigorous imprisonment for the first accused in the Shefiq murder attempt case, ten years rigorous imprisonment for the stepmother