കോഴിക്കോട്: കക്കാടംപൊയിലില്‍ റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ വീണ് ഏഴ് വയസുകാരന്‍ മരിച്ചു. ഏദന്‍സ് ഗാര്‍ഡന്‍ എന്ന റിസോര്‍ട്ടിലാണ് അപകടം നടന്നത്. ഇന്നലെ (വെള്ളി) വൈകുന്നേരത്തോടെയാണ് സംഭവം.
മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി അഷ്മില്‍ ആണ് മരിച്ചത്. രക്ഷിതാക്കള്‍ നിസ്‌കരിക്കാന്‍ പോയ സമയത്താണ് അപകടം നടന്നിരിക്കുന്നത്.
നിസ്‌കാരം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ പൂളിന് സമീപത്തോ റിസോര്‍ട്ടിന്റെ മറ്റിടങ്ങളിലോ കുട്ടി ഉണ്ടായിരുന്നില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആഷ്മിലിനെ പൂളിൽ നിന്ന് കണ്ടെത്തിയത്.
പിന്നാലെ കൂടരഞ്ഞിയിലെ ഒരു സ്വകാര്യ ആശുപത്രിയിലും ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും കുട്ടിയെ എത്തിച്ചു. എന്നാല്‍ 10 മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
സംഭവത്തില്‍ പൊലീസ് കേസെടുത്തതായാണ് വിവരം. മലപ്പുറം അരീക്കോട് സ്റ്റേഷന്‍ പരിധിയിലാണ് റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നത്.നേരത്തെ കക്കാടംപൊയില്‍ അടക്കമുള്ള വിനോദസഞ്ചാര മേഖലകളില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍ കണ്ടെത്തിയിരുന്നു.
ഇക്കാരണത്താലാണ് ഏഴ് വയസുകാരന്റെ മരണത്തില്‍ പൊലീസ് കേസെടുത്തത്. നിലവില്‍ ഏദന്‍സ് ഗാര്‍ഡന്‍ റിസോര്‍ട്ടിന് ലൈസന്‍സുണ്ടോ എന്നതടക്കമുള്ള വിവരങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്.
Content Highlight: Seven-year-old dies after falling into swimming pool at Kakkadampoyil resort