ഇടുക്കി: തൊടുപുഴയില്‍ ക്രൂരമായി മര്‍ദ്ദനത്തിനിരയായ കുട്ടി മരണത്തിന് കീഴടങ്ങി. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ഏഴുവയസുകാരന്‍ ചികിത്സയിലായിരുന്നു.
മര്‍ദ്ദനത്തില്‍ തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
11.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഒമ്പതാം ദിവസമാണ് മരണം സംഭവിച്ചത്. 28 ാം തിയതിയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മര്‍ദ്ദനമേറ്റ കുട്ടിയുടെ നാലു വയസ് പ്രായമുള്ള അനിയന്‍ സോഫയില്‍ മൂത്രമൊഴിച്ചെന്നാരോപിച്ചാണ് 35 കാരനായ അരുണ്‍ ആനന്ദ്(ഇയാള്‍ കുട്ടിയുടെ അമ്മയുടെ കൂടെ ഒരുമിച്ച് താമസിക്കുന്ന ആളാണ്) ക്രൂരത കാണിച്ചത്. ചോദിച്ചതിനു വ്യക്തമായ മറുപടി നല്‍കിയില്ലെന്നാരോപിച്ചായിരുന്നു ഏഴു വയസുകാരനെ നിലത്തിട്ട് ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തത്. വീണു കിടന്ന കുട്ടിയുടെ തലയില്‍ ഇയാള്‍ പലവട്ടം ചവിട്ടി. ചവിട്ടേറ്റാണ് തലയ്ക്കു പിന്നിലായി ആഴത്തില്‍ മുറിവുണ്ടായത്.
ഇളയ കുട്ടിയേയും മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ നാലുവയസുകാരന്റെ പല്ലുകള്‍ തകര്‍ന്നു. കാലുകളിലും മര്‍ദ്ദനത്തിന്റെ പാടുണ്ട്. ഈ കൂട്ടിയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശക്രാരം വല്യമ്മയുടെ താത്കാലിക സംരക്ഷണയില്‍ വിട്ടിരിക്കുകയാണ്. ഏഴു വയസുകാരനെ ആശുപത്രിയില്‍ എത്തിച്ചതും അമ്മയും അരുണും ചേര്‍ന്നായിരുന്നു.
താഴെ വീണ് തലയ്ക്ക് പരിക്കേറ്റതെന്നായിരുന്നു ഇവര്‍ ആശുപത്രിയില്‍ പറഞ്ഞത്. എന്നാല്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ആശുപത്രിയധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്തപ്പോള്‍ അമ്മയാണ് കാര്യങ്ങള്‍ പറഞ്ഞത്. അരുണ്‍ ക്രൂരമായി കുട്ടികളെ മര്‍ദ്ദിച്ചെന്ന് അമ്മ പറയുന്നുണ്ട്. അരുണിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്