| Tuesday, 21st May 2019, 11:28 pm

മഞ്ചേരി മെഡിക്കല്‍ കോളെജില്‍ ഏഴുവയസുകാരന് മൂക്കിന് പകരം വയറില്‍ ശസ്ത്രക്രിയ; പേരിലെ സാമ്യം മൂലമെന്ന് അധികൃതര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: ആറുവയസുകാരന്റെ മൂക്കിന് പകരം വയറില്‍ ശസ്ത്രക്രിയ. മഞ്ചേരി മെഡിക്കല്‍ കോളെജിലാണ് മൂക്കിലെ ദശയുടെ ഓപ്പറേഷന് വന്ന കുട്ടിയുടെ വയറില്‍ ഓപ്പറേഷന്‍ നടത്തിയത്.

കരുവാരകുണ്ട് തയ്യില്‍ മജീദ്-ജഹാന്‍ ദമ്പതിമാരുടെ മകന്‍ മുഹമ്മദ് ദാനിഷിനെയാണ് ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. തിരികെ വാര്‍ഡിലേക്ക് കൊണ്ടുവന്ന കുട്ടിയുടെ വയറ്റില്‍ സ്റ്റിച്ച് മാര്‍ക്ക് കണ്ട് രക്ഷിതാക്കള്‍ അധികൃതരോട് കാര്യം ആരാഞ്ഞതോടെ മുടന്തന്‍ ന്യായവുമായി രംഗത്തെത്തി.

കുട്ടിയെ ഓപ്പറേഷന്‍ തിയേറ്ററില്‍ എത്തിച്ചപ്പോള്‍ ഹെര്‍ണിയ കണ്ടെത്തിയെന്നും അതിനാലാണ് ഓപ്പറേഷന്‍ നടത്തിയതെന്നും അധികൃതര്‍ പറഞ്ഞതായി രക്ഷിതാക്കള്‍ പറഞ്ഞു. തുടര്‍ന്ന് കുട്ടിക്ക് വീണ്ടും മൂക്കിന് ശസ്ത്ര്ക്രിയ നടത്തുകയും ചെയ്തു.

എന്നാല്‍ വയറിലെ ശസ്ത്രക്രിയ നടത്തിയത് പ്രശ്‌നമാകുമെന്ന് കണ്ടതോടെ വീണ്ടും ശസ്ത്രക്രിയ നടത്തുകയായിരുന്നെന്നും. ഒരേ ദിവസം തന്നെ കുഞ്ഞിനെ രണ്ട് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത് പരാതിപ്പെടുമെന്നും വയറിലെ ശസ്ത്രക്രിയക്ക് തങ്ങളുടെ അനുമതി വാങ്ങിയിട്ടില്ലെന്നും ദാനിഷിന്റെ രക്ഷിതാക്കള്‍ പറഞ്ഞു.

അതേസമയം വയറില്‍ ശസ്ത്രക്രിയ നടത്തേണ്ടിയിരുന്ന കുട്ടിയുടെ പേരും വയസുമായുള്ള സാമ്യമാണ് ദാനിഷിനെ ആളുമാറി ശസ്ത്രക്രിയക്ക് വിധേയനാക്കേണ്ടി വന്നതെന്നാണ് അധികൃതര്‍ പറയുന്നത്.

മണ്ണാര്‍ക്കാട് സ്വദേശികളായ ഉണ്ണികൃഷ്ണന്‍- കുഞ്ഞുലക്ഷ്മി ദമ്പതികളുടെ മകന്‍ ധനുഷിനായിരുന്നു യഥാര്‍ത്ഥത്തില്‍ വയറില്‍ ശസ്ത്രക്രിയ നടത്തേണ്ടിയിരുന്നത്. ഇതാണ് പേര് മാറി ദാനിഷിന് ശസ്ത്രക്രിയ നടത്തേണ്ടി വന്നതെന്നാണ് പറയുന്നത്.

അതേസമയം ആശുപത്രിക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അധികൃതകര്‍ക്ക് പരിതി നല്‍കുമെന്നും ദാനിഷിന്റെ രക്ഷതാക്കള്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more