മലപ്പുറം: ഏഴു വയസുകാരന്റെ മൂക്കിന് പകരം വയറില്‍ ശസ്ത്രക്രിയ. മഞ്ചേരി മെഡിക്കല്‍ കോളെജിലാണ് മൂക്കിലെ ദശയുടെ ഓപ്പറേഷന് വന്ന കുട്ടിയുടെ വയറില്‍ ഓപ്പറേഷന്‍ നടത്തിയത്.
കരുവാരകുണ്ട് തയ്യില്‍ മജീദ്-ജഹാന്‍ ദമ്പതിമാരുടെ മകന്‍ മുഹമ്മദ് ദാനിഷിനെയാണ് ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. തിരികെ വാര്‍ഡിലേക്ക് കൊണ്ടുവന്ന കുട്ടിയുടെ വയറ്റില്‍ സ്റ്റിച്ച് മാര്‍ക്ക് കണ്ട് രക്ഷിതാക്കള്‍ അധികൃതരോട് കാര്യം ആരാഞ്ഞതോടെ മുടന്തന്‍ ന്യായവുമായി രംഗത്തെത്തി.
കുട്ടിയെ ഓപ്പറേഷന്‍ തിയേറ്ററില്‍ എത്തിച്ചപ്പോള്‍ തന്നെ ഹെര്‍ണിയ കണ്ടെത്തിയെന്നും അതിനാലാണ് ഉടനടി ഓപ്പറേഷന്‍ നടത്തിയതെന്നും അധികൃതര്‍ പറഞ്ഞതായി രക്ഷിതാക്കള്‍ പറഞ്ഞു. തുടര്‍ന്ന് കുട്ടിക്ക് വീണ്ടും മൂക്കിന് ശസ്ത്രക്രിയ നടത്തുകയും ചെയ്തു.
എന്നാല്‍ വയറിലെ ശസ്ത്രക്രിയ നടത്തിയത് പ്രശ്നമാകുമെന്ന് കണ്ടതോടെ വീണ്ടും ശസ്ത്രക്രിയ നടത്തുകയായിരുന്നെന്നും. ഒരേ ദിവസം തന്നെ കുഞ്ഞിനെ രണ്ട് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതിനെ തുടര്‍ന്ന് കുഞ്ഞിന്റെ ആരോഗ്യനിലയില്‍ പ്രശ്‌നമുണ്ടെന്നും വയറിലെ ശസ്ത്രക്രിയക്ക് തങ്ങളുടെ അനുമതി വാങ്ങിയിട്ടില്ലെന്നും ദാനിഷിന്റെ രക്ഷിതാക്കള്‍ പറഞ്ഞു. സംഭവത്തില്‍ പരാതിയുണ്ടെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം വയറില്‍ ശസ്ത്രക്രിയ നടത്തേണ്ടിയിരുന്ന കുട്ടിയുടെ പേരും വയസുമായുള്ള സാമ്യമാണ് ദാനിഷിനെ ആളുമാറി ശസ്ത്രക്രിയക്ക് വിധേയനാക്കേണ്ടി വന്നതെന്നാണ് അധികൃതര്‍ പറഞ്ഞത്.
മണ്ണാര്‍ക്കാട് സ്വദേശികളായ ഉണ്ണികൃഷ്ണന്‍- കുഞ്ഞുലക്ഷ്മി ദമ്പതികളുടെ മകന്‍ ധനുഷിനായിരുന്നു യഥാര്‍ത്ഥത്തില്‍ വയറില്‍ ശസ്ത്രക്രിയ നടത്തേണ്ടിയിരുന്നത്. ഇതാണ് പേര് മാറി ദാനിഷിന് ശസ്ത്രക്രിയ നടത്തേണ്ടി വന്നതെന്നാണ് പറയുന്നത്. കഴിഞ്ഞ ജനുവരി 21 നാണ് ദാനിഷിനെ ആദ്യമായി ചികിത്സക്കായി ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ശസ്ത്രക്രിയക്കായി തിയ്യതി കുറിച്ചു നല്‍കുകയായിരുന്നു.
തുടര്‍ന്ന് രക്ഷിതാക്കള്‍ അധികൃതകര്‍ക്ക് പരാതി നല്‍കുകയും ആശുപത്രിക്കെതിരെ നടപടിയുമായി മുന്നോട്ട് പോകുമെന്നും ദാനിഷിന്റെ രക്ഷിതാക്കള്‍ വ്യക്തമാക്കി.
തുടര്‍ന്ന് ഡോക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ടിന് രക്ഷിതാക്കള്‍ പരാതി നല്‍കുകയും ചെയ്തു. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ മഞ്ചേരി മെഡിക്കല്‍ കോളജ് സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
ഗുരുതരമായ വീഴ്ചയെക്കുറിച്ച് വിശദമായി പരിശോധിച്ച് അടിയന്തരമായി റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് ഡി.എം.ഒയുടെ നിര്‍ദേശം. ഇതിന് പിന്നാലെ ആരോപണ വിധേയനായ ഡോക്ടറെ സസ്പെന്റ് ചെയ്ത് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ഉത്തരവിട്ടു. ഗുരുതര പിഴവാണ് സംഭവിച്ചതെന്ന് മന്ത്രി അഭിപ്രായപ്പെട്ടിരുന്നു. ചികില്‍സാ പിഴവില്‍ തുടര്‍ നടപടികള്‍ തീരുമാനിക്കാന്‍ ആശുപത്രി മാനേജ്മെന്റ് യോഗം ചേരുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും അറിയിച്ച മെഡിക്കല്‍ കോളേജ് സൂപ്രണ്ട് സംഭവത്തില്‍ ഡോക്ടര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും പിഴവ് സംഭവിച്ചെന്നാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ശ്രദ്ധിച്ചിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്ന പിഴവാണ് സംഭവിച്ചതെന്നാണ് ആശുപത്രി സൂപ്രണ്ട് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
സംഭവത്തില്‍ ആരോപണ വിധേയനായ ഡോക്ടര്‍ക്ക് പുറമേ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നേഴ്സ്, അനസ്തേഷ്യ ടെക്നീഷ്യന്‍ എന്നിവര്‍ക്കെതിരെയാണ് ആശുപത്രി സൂപ്രണ്ട് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്.
ഇവരുടെ ഭാഗത്തുനിന്നും ഗുരുതരമായ ജാഗ്രത ക്കുറവുണ്ടായതായി ഈ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഓപ്പറേഷന്‍ തിയ്യറ്ററില്‍ കൂടുതല്‍ ജാഗ്രതയും മുന്‍കരുതലും ശ്രദ്ധയും വേണമെന്നും. ആളു മാറി ശസ്ത്രക്രിയ നടത്തിയ 7 വയസുകാരന് എല്ലാ ചികിത്സയും പ്രത്യേക പരിഗണയോടെ നല്‍കുമെന്നും ആശുപത്രി സൂപ്രണ്ട് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.