മധുരൈ: ഏഴ് വയസുള്ള ബാലനുൾപ്പെടെ പട്ടിക ജാതി വിഭാഗത്തിലെ അഞ്ച് പേരെ മർദിച്ചതിന് തമിഴ്‌നാട്ടിൽ രണ്ട് പേർക്കെതിരെ കേസ്. മർദനമേറ്റ അജിത്, വിജയകുമാർ, ഗണപതികുമാർ, പെരിയസാമി, പെരിയസാമിയുടെ ഏഴ് വയസുകാരനായ കൊച്ചുമകൻ എന്നിവർ രാജാജി ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രതികളെന്ന് സംശയിക്കുന്ന ആർ. മാരിയെയും കെ. ശശികുമാറിനെയും പൊലീസ് അന്വേഷിക്കുകയാണ്.
നവംബർ 27ന് പെരുംകുടി മന്ദൈയിലെത്തിയ പ്രതികൾ അജിത്, വിജയകുമാർ, ഗണപതികുമാർ എന്നിവരോട് കണ്ണൻ എന്നയാളെ കുറിച്ച് അന്വേഷിച്ചു. ഇവർ തമ്മിൽ വാക്ക് തർക്കം ഉണ്ടാകുകയും പ്രതികൾ മൂവരെയും അരിവാൾ കൊണ്ട് ആക്രമിക്കുകയും ചെയ്തു.
ഇത് കണ്ട് വന്ന പെരിയസാമി പ്രശ്നത്തിൽ ഇടപെടാൻ ശ്രമിച്ചപ്പോൾ അദ്ദേഹത്തെയും കൊച്ചുമകനെയും പ്രതികൾ ആക്രമിച്ചു. പട്ടികജാതി, പട്ടികവർഗ നിയമപ്രകാരമുള്ള വിവിധ വകുപ്പുകളും ഐ.പി.സി സെക്ഷൻ 307ഉം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പെരുംകുടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതികളെ കണ്ടെത്താൻ രണ്ട് സ്പെഷ്യൽ ടീമുകളെ രൂപീകരിച്ചിട്ടുണ്ട്.
പ്രതികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ദളിത് അവകാശ സംഘടന വി.സി.കെ മേലൂരിൽ പ്രതിഷേധ പ്രകടനം നടത്തി. തമിഴ്നാട്ടിൽ വർധിച്ചു വരുന്ന ജാതീയ അതിക്രമങ്ങളെ അപലപിച്ചുകൊണ്ട് എവിഡൻസ് സംഘടനയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ എ. കതിർ വാർത്താ കുറിപ്പ് പുറത്തിറക്കി.
CONTENT HIGHLIGHT: Seven-year-old among five Dalits assaulted in Madurai, search on for two caste Hindu men