അമരാവതി: ആന്ധ്രാപ്രദേശിലെ ആനകപ്പള്ളിയില്‍ റിയാക്ടര്‍ ഫാര്‍മ യൂണിറ്റിലുണ്ടായ സ്ഫോടനത്തില്‍ ഏഴ് തൊഴിലാളികള്‍ മരിച്ചു. സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ തീപിടത്തില്‍ നിരവധി തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബുധനാഴ്ച ഉച്ചയോടെയാണ് റിയാക്ടര്‍ ഫാര്‍മ യൂണിറ്റില്‍ സ്ഫോടനമുണ്ടായത്.
അച്യുതപുരത്തെ പ്രത്യേക സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എസന്‍ഷ്യ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലാണ് സ്ഫോടനമുണ്ടായത്. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ കേന്ദ്രമായ അച്യുതപുരത്തുണ്ടായ തീപിടിത്തത്തില്‍ മരിച്ച ഏഴ് പേരില്‍ രണ്ട് തൊഴിലാളികളെ മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. പുടി മോഹന്‍, എന്‍. ഹരിക എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
വലിയ മുഴക്കത്തോടെ നാട്ടുകാര്‍ സ്‌ഫോടന ശബ്ദം കേട്ടുവെന്ന് പ്രതികരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അനക്കപ്പള്ളിയില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നുമായി എത്തിച്ച ഡസന്‍ കണക്കിന് ഫയര്‍ എഞ്ചിനുകള്‍ ഉപയോഗിച്ചാണ് സ്ഥലത്തെ തീയണച്ചത്. സ്‌ഫോടനത്തെ തുടര്‍ന്ന് സംഭവസ്ഥലത്ത് പടര്‍ന്ന കനത്ത പുക രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിച്ചുവെന്ന് അധികൃതര്‍ പറഞ്ഞു.
പരിക്കേറ്റവര്‍ നിലവില്‍ ആനകപ്പള്ളിയിലെ എന്‍.ടി.ആര്‍ ജില്ലാ ആശുപത്രിയിലും വിശാഖപട്ടണത്തെ ആശുപത്രികളിലും ചികിത്സയിലാണ്. അച്യുതപുരം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പറയുന്നത് പ്രകാരം, രാമ്പിള്ളി മണ്ഡലത്തിലെ രണ്ട് തൊഴിലാളികളാണ് സ്ഫോടനത്തില്‍ മരിച്ചത്. നിരവധി തൊഴിലാളികള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സ്‌ഫോടനത്തെ തുടര്‍ന്ന് മരണപ്പെട്ടവരുടെ കുടുംബത്തിന് തക്കതായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് തൊഴിലാളികള്‍ കമ്പനിക്ക് മുന്നില്‍ തടിച്ചുകൂടി. അപകടത്തിന് കാരണമായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു. 1,000ത്തിലധികം തൊഴിലാളികള്‍ ജോലി ചെയ്യുന്ന കമ്പനി പ്രദേശത്തെ ഏറ്റവും വലിയ ഫാര്‍മ സ്ഥാപനങ്ങളില്‍ ഒന്നാണ്.
അതേസമയം അച്യുതപുരത്ത് ഉണ്ടാകുന്ന മൂന്നാമത്തെ റിയാക്ടര്‍ സ്‌ഫോടനമാണിത്. ജൂലൈ 17ന് വസന്ത കെമിക്കല്‍സ് എന്ന കമ്പനിയിലുണ്ടായ സ്‌ഫോടനത്തില്‍ ഒഡീഷയില്‍ നിന്നുള്ള 44 കാരനായ തൊഴിലാളി പൊള്ളലേറ്റ് മരിച്ചിരുന്നു.
Content Highlight: Seven workers were killed in an explosion at a Reactor Pharma unit in Andhra Pradesh’s Anakapalle