കുട്ടികളെ വളർത്താൻ മാതാപിതാക്കൾ ഭയപ്പെടുന്ന ഇന്ത്യ; മതേതരത്വവും ജനാധിപത്യവും മക്കളെ പഠിപ്പിക്കാൻ രക്ഷിതാക്കൾക്ക് ഏഴു ഉപദേശങ്ങൾ
Opinion
കുട്ടികളെ വളർത്താൻ മാതാപിതാക്കൾ ഭയപ്പെടുന്ന ഇന്ത്യ; മതേതരത്വവും ജനാധിപത്യവും മക്കളെ പഠിപ്പിക്കാൻ രക്ഷിതാക്കൾക്ക് ഏഴു ഉപദേശങ്ങൾ
രോഹിത് കുമാർ
Monday, 13th January 2020, 10:20 pm
ഇന്ത്യയുടെ ജനാധിപത്യ-മതേതര മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ ഒരു രക്ഷിതാവിന് ധാരാളം കാര്യങ്ങള്‍ ചെയ്യാനുണ്ട്.

അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളിൽ ആശങ്കപ്പെട്ട്,  വളര്‍ന്നുവരുന്ന തങ്ങളുടെ കുട്ടികളുടെ ഭാവിയെക്കുറിച്ച് പരിഭ്രാന്തി പൂണ്ട ധാരാളം മാതാപിതാക്കളെ നഗരങ്ങളില്‍ ഞാന്‍ കണ്ടിട്ടുണ്ട്. വിഷലിപ്‌തമായ സമൂഹികാന്തരീക്ഷവും സാമ്പത്തികാരക്ഷിതാവസ്ഥയും കുമിഞ്ഞുകൂടുന്നു മാലിന്യ കൂമ്പാരങ്ങളും കൂപ്പുകുത്തുന്ന ജീവിത നിലവാരവുമൊക്കെയാണ് അവരെ അസ്വസ്ഥരാക്കുന്നത്.

ചുരുക്കിപ്പറഞ്ഞാല്‍ സ്വന്തം കുഞ്ഞുങ്ങളെ കാത്തിരിക്കുന്ന ഭാവികാലത്തെക്കുറിച്ച് ആശങ്കയുടെ കടലിരമ്പമാണ് അവരുടെ നെഞ്ചിനുള്ളിൽ. (ഇന്ത്യന്‍ ഗ്രാമങ്ങളിലെ രക്ഷിതാക്കളുടെ ആകുലതകൾ മറ്റൊരു പ്രതലത്തില്‍നിന്നു മാത്രമേ നോക്കിക്കാണാന്‍ കഴിയൂ.)

രാജ്യത്തെ വളരെ ചെറിയൊരു വിഭാഗം രക്ഷിതാക്കള്‍ മാത്രമാണ് തങ്ങളുടെ കുട്ടികളെ വിദേശത്തുവിട്ട് പഠിപ്പിക്കാൻ സാധിക്കുന്നത്. ബഹുഭൂരിപക്ഷത്തിന്റെയും വിദ്യാഭ്യാസം ഇന്ത്യയില്‍തന്നെയാണ്. ദേശീയ പൗരത്വ പട്ടികയും ദേശീയ ജനസംഖ്യാ രജിസ്റ്ററും പൗരന്മാരുടെ മേല്‍ അടിച്ചേല്‍പിക്കപ്പെടുന്ന, ഇതില്‍നിന്നൊന്നും ആര്‍ക്കും രക്ഷപെടാനാവില്ലെന്ന് കേന്ദ്രമന്ത്രിമാർ തന്നെ ആവര്‍ത്തിക്കുന്ന ഈ കാലത്ത് ഇവര്‍ നേരിടുന്ന പ്രതിസന്ധിയും വലുതാണ്.

ഇന്ത്യയുടെ മതേതരത്വവും ജനാതിപത്യ മൂല്യങ്ങളുമാണ് പൗരത്വ ഭേദഗതി നിയമത്തിലൂടെ ഇല്ലാതാകുന്നതെന്ന് സാമാന്യ ജനങ്ങൾക്കുപോലും ബോധ്യമാകുന്നുണ്ട്.

ഈ സാഹചര്യത്തില്‍ ന്യായാനുവര്‍ത്തിയായ ഒരു രക്ഷിതാവ് എന്താണ് ചെയ്യുക? നിങ്ങളുടെതന്നെ സര്‍ക്കാര്‍ നിങ്ങള്‍ക്കെതിരെ തിരിയുമ്പോള്‍ പ്രതികരിക്കാതിരിക്കുക എന്നത്  കുറ്റകരമായ നിസംഗതയാണ്. എന്നാല്‍, ഇന്ത്യയുടെ ജനാധിപത്യ-മതേതര മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ ഒരു രക്ഷിതാവിന് ധാരാളം കാര്യങ്ങള്‍ ചെയ്യാനുണ്ട്.

1. ഭരണഘടനയെ ആദരിക്കുക:

എപ്പോഴും എടുത്തുവായിക്കാവുന്ന, മറിച്ചുനോക്കാനാകുന്ന കയ്യകലത്തില്‍ നിങ്ങളുടെ ലിവിങ് റൂമിലെ മേശപ്പുറത്ത് ഇന്ത്യന്‍ ഭരണഘടനയുടെ കോപ്പി സൂക്ഷിക്കാം. ഈ ഭരണഘടനയെക്കുറിച്ച് നിങ്ങളുടെ കുട്ടികളോട് ചര്‍ച്ചകള്‍ നടത്തുക. ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും ഈ ‘ദേശീയ പുസ്തകം’ പ്രത്യേകമായി വിഭാവനം ചെയ്യുന്ന അവകാശങ്ങളെക്കുറിച്ചും ഉത്തരവാദിത്വങ്ങളെക്കുറിച്ചും അവരോട് നിരന്തരം സംസാരിക്കൂ.

(അന്തരിച്ച ചീഫ് ജസ്റ്റിസ് ലെയ്‌ലാ  സേതിന്റെ ‘നമ്മള്‍ ഇന്ത്യയുടെ കുഞ്ഞുങ്ങള്‍’ എന്ന പുസ്തകവും മറ്റും ഉള്‍പ്പെടുത്താവുന്നതാണ്. ഇതിലൂടെ കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്നതും പെട്ടന്ന് മനസിലാകുന്നതുമായ രീതിയില്‍ തമാശകളിലൂടെ ഭരണഘടനയുടെ ആമുഖത്തിന്റെ പ്രാധാന്യവും സത്തയും അവര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ കഴിയും.)

സത്യസന്ധമായി പറഞ്ഞാല്‍, ഭരണഘടന നമ്മള്‍ അവസാനമായി എടുത്തുനോക്കിയത് എന്നായിരിക്കുമെന്ന് നമ്മളില്‍ എത്രപേര്‍ക്ക് ഓര്‍മ്മയുണ്ടാവും. അതുകൊണ്ടുതന്നെ അതിനെ നമ്മളോട് ചേര്‍ത്തുനിര്‍ത്തുന്നത് എന്തുകൊണ്ടും ഉചിതമാണ്.

തല്‍പരരായ അതിഥികള്‍ക്കും ഭരണഘടനയുടെ പകര്‍പ്പ് സമ്മാനിക്കുന്നതും നല്ലതുതന്നെ. (അതത്ര വിലക്കൂടിയ പുസ്തകമല്ല. ഹരേ കൃഷ്ണ ഇസ്‌കോണിന്റെ പ്രവര്‍ത്തകര്‍ ഭഗവത് ഗീതയുടെ പകര്‍പ്പ് തെരുവീഥികളിലും ട്രാഫിക് സിഗ്‌നലുകളിലും വിതരണം ചെയ്യുന്നത് ശ്രദ്ധിച്ചിട്ടില്ലേ. അതുപോലെ തീര്‍ച്ചയായും താല്‍പര്യമുള്ളവരിലേക്ക് ഇന്ത്യന്‍ ഭരണഘടനയുടെ പകര്‍പ്പും നമുക്ക് എത്തിക്കാന്‍ കഴിയും.)

2. ഭരണഘടനയുടെ ആമുഖം വീടിന്റെ ചുമരുകളില്‍ ഫ്രെയിം ചെയ്ത് വെക്കാം:

പലപ്പോഴും നമ്മള്‍ നിരന്തരം കാണുന്ന വാക്കുകള്‍ നമ്മുടെ ഉപബോധ മനസില്‍ അതിവേഗം പതിയാറുണ്ട്. നിങ്ങളുടെ വീട്ടിലെത്തുന്ന സന്ദര്‍ശകര്‍ ഭരണഘടനയുടെ ആമുഖം ഫ്രെയിം ചെയ്തുവെച്ചത് കാണുന്നത് ഒരു മികച്ച സംഭാഷണത്തിന്റെ തുടക്കത്തിന് കാരണമായേക്കാം. ആളുകള്‍ സാധാരണയായി ദൈവങ്ങളുടെയും ആചാര്യന്മാരുടെയും തീര്‍ത്ഥാടന സ്ഥലങ്ങളുടെയും ചിത്രങ്ങളും ചില ഉദ്ധരണികളും വീടിന്റെ ചുമരുകളില്‍ ഫ്രെയിം ചെയ്തുവെക്കാറുണ്ട്.

നമ്മുടെ മതേതര ജനാധിപത്യത്തിന്റെ ഹൃദയവും ആത്മാവും ഉള്‍ക്കൊള്ളുന്ന ആമുഖത്തിന്റെ ചിത്രമോ അതിലെ വാക്കുകളോ പ്രദര്‍ശിപ്പിക്കുന്നതില്‍ ആരും മടിക്കേണ്ടതില്ല. (ഏറ്റവും കുറഞ്ഞത് നമ്മുടെ ഭരണഘടന വീണ്ടും സുരക്ഷിതമാകുന്നത് വരെയെങ്കിലും.)

3. സാധാരണ നിങ്ങള്‍ ചെയ്യാറുള്ളതിനെക്കാളും വിപുലമായി എല്ലാ മത ആഘോഷങ്ങളെയും പരിഗണിക്കുക:

നിങ്ങള്‍ വ്യക്തിപരമായി മത വിശ്വാസിയായിരിക്കാം, അല്ലായിരിക്കാം. എന്നിരുന്നാലും മറ്റുള്ളവരുടെ വിശ്വാസത്തെയും സംസ്‌കാരത്തെയും ബഹുമാനിക്കുകയും അവരുടെ ആഘോഷങ്ങളില്‍ പങ്കുചേരുകയും വേണം. ഇതിലൂടെ നിങ്ങളുടെ കുട്ടികളുടെ മനസുകളിലേക്ക് വളരെ ശക്തമായ ചില കാര്യങ്ങള്‍ ഉറപ്പിക്കാനാവും.

ഉദാഹരണത്തിന്, നിങ്ങള്‍ ഒരു ഹിന്ദുവാണെന്ന് കരുതുക. നിങ്ങള്‍ ഒരു മുസ്‌ലിം കുടുംബത്തോടൊപ്പം ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത് നോക്കൂ. അല്ലെങ്കില്‍, ഒരു സിഖ് കുടുംബത്തോടൊപ്പം ഗുരുദ്വാരകളില്‍ സന്ദര്‍ശനം നടത്തൂ. ഇവയെല്ലാം നിങ്ങളുടെ കുഞ്ഞുങ്ങളെ ഒരു സമ്മിശ്ര മത സങ്കല്‍പത്തിലേക്ക് നയിക്കും. കൂടാതെ, വിശ്വാസങ്ങളെ ബഹുമാനിക്കുന്നതിനുള്ള ഒരുപാട് വഴികള്‍ അവര്‍ക്കുമുന്നില്‍ തെളിയുകയും ചെയ്യും.

4. ഇന്ത്യക്കാരെല്ലാം തുല്യരാണെന്ന് നിങ്ങള്‍ വിശ്വസിക്കാനുള്ള വ്യക്തിപരമായ കാരണങ്ങള്‍ കുട്ടികളോട് വിവരിക്കാം:

ഞാന്‍ 1970ലേക്കൊന്ന് തിരിഞ്ഞുനോക്കുകയാണ്. എന്റെ അച്ഛന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. ലാംബ്രട്ട എന്ന വളരെ പഴയ സ്‌കൂട്ടറായിരുന്നു കാര്‍ വാങ്ങുന്നതുവരെ ആച്ഛന്റെ പക്കലുണ്ടായിരുന്നത്. അന്നൊക്കെ അച്ഛന്റെ ആ സ്‌കൂട്ടറിന്റെ പുറകിലിരുന്നൊന്ന് പോകാനാവുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ വലിയ കാര്യമായിരുന്നു. അച്ഛന്‍ ഓഫീസില്‍നിന്നും തിരിച്ചുവരാന്‍ ഞാനും എന്റെ സഹോദരനും കാത്തുനില്‍ക്കും. കാരണം അദ്ദേഹം തിരിച്ചുവന്നാല്‍ ഞങ്ങളെയുംകൊണ്ട് സമീപത്തുതന്നെയുള്ള പാര്‍ക്കുവരെ കൊണ്ടുപോകും.

ഞങ്ങളെ മാത്രമല്ല അച്ഛന്‍ ഇങ്ങനെ സ്‌കൂട്ടറില്‍ കയറ്റുക. മറിച്ച്, അവിടെ ഇസ്തിരിയിടുന്ന ആളുടെയും കോളനി സെക്യൂരിറ്റിയുടെയും കുട്ടികളെ അച്ഛന്‍ വണ്ടിയില്‍ കയറ്റാറുണ്ടായിരുന്നു.

അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം കുഞ്ഞുങ്ങളെല്ലാം കുഞ്ഞുങ്ങളാണ്. അവരെല്ലാം ആരുടെ കുട്ടികളാണ് എന്നത് അദ്ദേഹത്തിന്റെ പരിഗണനയിലെവിടെയും വരാറുണ്ടായിരുന്നില്ല. അതുമാത്രമല്ല, സമൂഹത്തില്‍ അവഗണിക്കപ്പെടുന്നവരെയും തുല്യ പ്രാധാന്യത്തോടെ കാണണമെന്ന ആശയം ചെറിയ കുട്ടികളായിരിക്കെ ഞങ്ങളുടെ മനസില്‍ പതിയാന്‍ ഇത് ധാരാളമായിരുന്നു.

നമ്മളെല്ലാം മനുഷ്യരാണ് എന്നതാണ് ഒന്നാമത്തെ പരിഗണനയാവേണ്ടതെന്നും എല്ലാവരെയും ബഹുമാനിക്കണമെന്നും സാമൂഹിക സാമ്പത്തിക നിലയും മതവുമെല്ലാം പിന്നീടേ വരുന്നുള്ളൂ എന്നുമുള്ള ഉറച്ച ബോധ്യത്തോടുകൂടിയായിരുന്നു ഞാന്‍ വളര്‍ന്നത്.

നിങ്ങളുടെ കുട്ടികള്‍ നിങ്ങളെ നിരീക്ഷിക്കും. നിങ്ങളില്‍ നിന്നാണ് അവരുടെ ബോധ്യങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യുക.

5. സംഭാഷണത്തിന്റെ കല നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കൂ:

ട്വിറ്റര്‍, ഫെയ്‌സ്ബുക്ക്, സ്‌നാപ്ചാറ്റ്, ഇന്‍സ്റ്റാഗ്രാം, വാട്‌സ്ആപ്പ് എന്നിവയുടെ ഏറ്റവും മോശമായ ദൂഷ്യഫലങ്ങളിലൊന്ന്, ആളുകളുടെ കൂടിച്ചേരലുകളെയും പരസ്പരം കേള്‍ക്കലിനെയും നശിപ്പിക്കുന്നു എന്നതാണ്.  സംഭാഷണം ശാരീരിക സാന്നിധ്യവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ്. സോഷ്യല്‍മീഡിയാ സംഭാഷണങ്ങളില്‍ ഇല്ലാതെ പോകുന്നതും ഇതാണ്.

ശരീരഭാഷയും സംസാരത്തിന്റെ ടോണും നമുക്ക് സോഷ്യല്‍ മീഡിയയിലൂടെയുള്ള സംസാരങ്ങളില്‍നിന്ന് അനുഭവിക്കാനാവില്ല. കൂടാതെ, സോഷ്യല്‍മീഡിയാ സംഭാഷണങ്ങളില്‍ യഥാര്‍ത്ഥ സംസാരം ഇല്ലാതെപോകുന്നു എന്നുമുണ്ട്.

അര്‍ത്ഥവത്തായ സംഭാഷണമെന്നാല്‍ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുക എന്നല്ല. മറിച്ച് മറ്റുള്ളവരെ കേള്‍ക്കുകയും മനസിലാക്കുകയും കൂടിയാണ്. നമ്മള്‍ നമ്മുടെ കുട്ടികളെ സംസാരിത്തിന്റെ കല പഠിപ്പിക്കുകയാണെങ്കില്‍, നമ്മള്‍ അവര്‍ക്കും രാജ്യത്തിനും വേണ്ടിയുള്ള സേവനമാണ് ചെയ്യുന്നത്. കാരണം, അടുത്ത തലമുറയ്ക്കുവേണ്ടി മര്യാദയും ആഴവും ആധികാരികതയുമാണ് നമ്മള്‍ പഠിപ്പിക്കുന്നത്.

6. സംവാദത്തിന്റെ കല നിങ്ങളുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കുക:

അഭിപ്രായ വ്യത്യാസങ്ങളും സംവാദങ്ങളും ചോദ്യങ്ങള്‍ ചോദിക്കുന്നതും പുതിയ കാര്യമല്ലെന്നും അത് മൂവായിരം വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും അവരെ പറഞ്ഞ് പഠിപ്പിക്കണം. ഇന്ത്യന്‍ ചരിത്രം ഗൗതമ ബുദ്ധന്‍ മുതല്‍ തുളസീദാസ് വരെയും, അമീര്‍ ഖുസ്രോ മുതല്‍ രാജാ റാം മോഹന്‍ റോയ് വരെയും സാവിത്രി ഭായ് ഫൂലെ മുതല്‍ ബി.ആര്‍ അംബേദ്കര്‍ വരെയും അവരുടെ കാലത്തെ അടിച്ചമര്‍ത്തലുകളെ നേരിടുകയും വിപ്ലവകരമായ പുതിയ രീതികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ടെന്ന് അവരോട് പറയണം.

കുടുംബങ്ങളിലെയും സമൂഹത്തിലെയും ചെറുപ്പക്കാരും അബലരെന്ന് കാലങ്ങളായി വിശേഷിപ്പിക്കപ്പെടുന്നവരും മിണ്ടാതിരിക്കേണ്ടവരും അനുസരണയുള്ളവരുമായിരിക്കണമെന്നാണ് വ്യവസ്ഥിതി കാലങ്ങളായി കൊണ്ടുനടക്കുന്ന ശീലം. എന്നാല്‍ ജനാധിപത്യമാകട്ടെ, ഇതില്‍നിന്നും വിഭിന്നമായി സമൂഹത്തിലെ എല്ലാവര്‍ക്കും ഉച്ചത്തില്‍ സംസാരിക്കാനും ചോദ്യം ചെയ്യാനുമുള്ള അവകാശം നല്‍കുന്നു.

രക്ഷിതാക്കള്‍ എന്ന നിലയ്ക്ക് നമ്മള്‍ ചെയ്യേണ്ടത്, കുട്ടികളോട് സംവദിക്കാനും ചോദ്യം ചെയ്യാനും ആവശ്യപ്പെടുക എന്നതാണ്. എന്നാലാകട്ടെ, ഇപ്പോള്‍ മിക്ക ടി.വി ചാനലുകളിലും കാണുന്ന ആക്രോശമല്ല യഥാര്‍ത്ഥ സമവാദമെന്ന് അവരെ ഓര്‍മ്മിപ്പിക്കുകയും വേണം.

ആധികാരികതയോടെയും ബഹുമാന്യതയോടെയും അവര്‍ക്ക് പറയാനുള്ളത് അവതരിപ്പിക്കേണ്ടത് എങ്ങനെയാണെന്ന് കുട്ടികള്‍ക്ക് പഠിപ്പിച്ച് കൊടുക്കണം. കൂടാതെ, വ്യത്യസ്ത അഭിപ്രായങ്ങളെ എങ്ങനെയാണ് നമ്മള്‍ സമീപിക്കുന്നത് എന്നത് കണ്ടും മനസിലാക്കിയുമുള്ള അവരുടെ ബോധ്യപ്പെടലാണ് ഏറ്റവും നല്ലത്.

7. റിച്ചാര്‍ഡ് ആറ്റൺബറോയുടെ  ഗാന്ധി എന്ന സിനിമ കുടുംബമൊന്നിച്ചിരുന്ന് കാണാം:

ഗാന്ധിയുടെ പ്രാധാന്യം കുറച്ച് കാണിക്കാനും ഗാന്ധിയില്‍നിന്ന് അകലാനുമുള്ള സംഘ്പരിവാര്‍ പദ്ധതി അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തി നില്‍ക്കുകയാണ്. എന്നാല്‍, അദ്ദേഹത്തിന്റെ പ്രാധാന്യം അത്രവേഗം വിസ്മരിക്കപ്പെടുന്നതല്ല. രാജ്യവ്യാപകമായി നടക്കുന്ന എന്‍.ആര്‍.സി/ എന്‍.പിആര്‍/ സി.എ.എ പ്രതിഷേധങ്ങള്‍ അക്രമാസക്തമാകാത്തത് അദ്ദേഹത്തിന്റെ ആശയങ്ങള്‍ ഇന്നും ഈ മണ്ണില്‍ ജീവിക്കുന്നു എന്നതിന്റെ വ്യക്തമായ ഉദാഹരണങ്ങളാണ്.

എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്ന അദ്ദേഹത്തിന്റെ ആശയം മനസിലാക്കാന്‍ മറ്റൊന്നും കാണേണ്ടതില്ല. അഹിംസാ മുറകളാര്‍ന്ന സമരങ്ങളുടെ സമ്പുഷ്ടമായ ചരിത്രമാണ് നമ്മുടെ നാടിനുണ്ടായിരുന്നതെന്ന് നമ്മുടെ കുട്ടികള്‍ക്ക് കാണിച്ചുകൊടുക്കാന്‍ ആ ചിത്രം ധാരാളമാണ്. (നിങ്ങളുടെ പരിസരങ്ങളിലെ കമ്മ്യൂണിറ്റി ഹാളുകളിലും സ്‌കൂളുകളിലും ഈ ചിത്രം പ്രദര്‍ശിപ്പിക്കാവുന്നതാണ്.)

മതേതര ഇന്ത്യയുടെ സത്ത സ്വതന്ത്രമായി നിലനിര്‍ത്താന്‍ തീര്‍ച്ചയായും ഒരു രക്ഷിതാവിന് ഇതിലുമേറെ കാര്യങ്ങള്‍ ചെയ്യാനാകുമെന്ന് ഉറപ്പാണ്. ഇനിയും കൂടുതല്‍ നാം ചെയ്യണം. പുതിയവ കണ്ടെത്തണം. ഒരു രക്ഷിതാവിന്റെ സ്വാധീനത്തിന്റെ പരിധി കണ്ണുകൊണ്ട് കാണാനാവുന്നതിനേക്കാള്‍ എത്രയോ വലുതാണ്.

(ദി വയർ ലേഖനത്തിന്റെ  സ്വതന്ത്ര പരിഭാഷ. മൊഴിമാറ്റം: നിമിഷ ടോം)

രോഹിത് കുമാർ
Rohit Kumar is an educator with a background in positive psychology and psychometrics.