ബെംഗളൂരു: കനത്ത മഴയെ തുടര്‍ന്ന് ബെംഗളൂരുവില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് മൂന്ന് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 12 തൊഴിലാളികള്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബെംഗളൂരു നഗരത്തിലെ ഹെന്നൂര്‍ മേഖലയിലാണ് കെട്ടിടം തകര്‍ന്നുവീണത്. രക്ഷാപ്രവര്‍ത്തനം നട
ക്കുന്നതായും രണ്ട് പേരെ രക്ഷപ്പെടുത്തിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസ് വൃത്തങ്ങള്‍ അറിയിക്കുകയായിരുന്നു.
അഗ്നിശമനസേനയുള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതായും മറ്റ് ഏജന്‍സികളുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതായും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കെട്ടിടം തകര്‍ന്നുവീഴുമ്പോള്‍ ടൈല്‍ തൊഴിലാളികളും കോണ്‍ക്രീറ്റ് തൊഴിലാളികളും പ്ലംബര്‍മാരുമായിരുന്നു കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം.
കെട്ടിടത്തിന്റെ ബേസ്‌മെന്റ് ദുര്‍ബലമായതാണ് ഏഴുനില കെട്ടിടം തകരാന്‍ കാരണമായതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
ഏഴുനിലയുള്ള കെട്ടിടം തകര്‍ന്ന് വീഴുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കെട്ടിടത്തിന് ഏഴുനിലകള്‍ക്കൊന്നും അനുമതി ലഭിച്ചിരുന്നില്ലെന്നും നാല് നിലകള്‍ക്ക് മാത്രമേ അനുമതി ഉണ്ടായിരുന്നുള്ളൂവെന്നും അധികൃതര്‍ പറയുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
അനധികൃതമായാണ് കെട്ടിടം നിര്‍മിച്ചതെന്നും നിര്‍മാണ നിയമങ്ങളുടെ ലംഘനമാണ് ഹെന്നൂരിലെ ഏഴുനില കെട്ടിടം തകര്‍ന്നുവീഴാന്‍ കാരണമായതെന്നും അധികൃതര്‍ പറയുന്നുണ്ട്.
Content Highlight: Seven-storey building under construction collapses in Bangalore; Three people have died and many others are reported to be trapped