ഓസീസ് ക്രിക്കറ്റ് ടീമിനൊപ്പം നീണ്ട 13 വര്‍ഷം ചെലവഴിച്ചതിന് ശേഷം 31കാരിയായ മെഗ് ലാനിങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒമ്പത് വര്‍ഷത്തോളം ഓസ്‌ട്രേലിയന്‍ വനിതാ ടീമിന്റെ ക്യാപ്റ്റനായിരുന്നു മെഗ് ലാനിങ്. പുരുഷ ക്രിക്കറ്റര്‍മാരടക്കം കൊതിക്കുന്ന ഏഴോളം ഐതിഹാസിക നേട്ടങ്ങളാണ് താരത്തിന്റെ പേരിലുള്ളത്.
ഏറ്റവും കൂടുതല്‍ ഐ.സി.സി ടൈറ്റിലുകള്‍ സ്വന്തമാക്കിയ ക്യാപ്റ്റന്‍ എന്ന ഖ്യാതിയാണ് ഒന്നാമത്തേത്. അഞ്ച് തവണയാണ് മെഗ് ലാനിങ്ങിന്റെ ക്യാപ്റ്റന്‍സിയില്‍ ഓസ്‌ട്രേലിയ ഐ.സി.സി ടൈറ്റിലുകള്‍ പേരിലാക്കിയത്.
ലാനിങ്ങിനെക്കാള്‍ ഒരു ടൈറ്റില്‍ കുറവാണ് റിക്കി പോണ്ടിങ്ങിന്. നാല് തവണയാണ് അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഓസ്‌ട്രേലിയ ഐ.സി.സി ട്രോഫി സ്വന്തമാക്കിയത്. മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയുടേ നേതൃത്വത്തിലാകട്ടെ മൂന്ന് തവണയാണ് ദേശീയ ടീം ഐ.സി.സി ചാമ്പ്യന്മാരായത്.
ഒ.ഡി.ഐ മത്സരങ്ങളിലെ തുടര്‍ച്ചയായ വിജയങ്ങളാണ് അടുത്തത്. 26 ഏകദിന മത്സരങ്ങളില്‍ മെഗ് ലാനിങ്ങിന്റെ ടീം തോല്‍വിയറിഞ്ഞിരുന്നില്ല. ഇതില്‍ 24 മത്സരങ്ങളും ലാനിങ് ആയിരുന്നു നയിച്ചിരുന്നത്. ഒ.ഡി.ഐയില്‍ 21 തുടര്‍ ജയങ്ങളുമായി ഓസീസിന്റെ പുരുഷ ടീമാണ് രണ്ടാം സ്ഥാനത്ത്.
ഏകദിന മത്സരങ്ങളില്‍ തന്നെ മികച്ച വിജയശതമാനവും ലാനിങ്ങിന് സ്വന്തം. ലാനിങ് നയിച്ച 78 ഒ.ഡി.ഐ മത്സരങ്ങളില്‍ 88.46 ശതമാനമാണ് വിന്‍ പേഴ്‌സെന്റേജ്. തീര്‍ന്നില്ല, ടി20 മത്സരങ്ങളിലും ഈ റെക്കോഡ് ലാനിങ്ങിന്റെ പേരില്‍ തന്നെ. 100 ടി20കളില്‍ ഓസ്‌ട്രേലിയയെ നയിച്ച താരം 76 ശതമാനത്തോടെ വിജയിച്ചിട്ടുണ്ട്.
ഓസീസിന്റെ വനിതാ-പുരുഷ ക്രിക്കറ്റ് ചരിത്രത്തില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് ലാനിങ്. 2014ല്‍ തന്റെ 21ാം വയസിലാണ് ലാനിങ് ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ അമരത്തെത്തുന്നത്.
അന്താരാഷ്ട്ര സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഓസ്‌ട്രേലിയന്‍ താരവും ലാനിങ് തന്നെ. 2011ല്‍ തന്റെ 18ാം വയസില്‍ തന്നെ ലാനിങ് ആദ്യ സെഞ്ച്വറി അക്കൗണ്ടിലാക്കി. ഏകദിന ക്രിക്കറ്റില്‍ കൂടുതല്‍ സെഞ്ച്വറി നേടിയ വനിതാ താരം കൂടിയായ ലാനിങ്ങിന്റെ പേരില്‍ 15 സെഞ്ച്വറികളാണുള്ളത്.
ഈ റെക്കോഡുകള്‍ക്ക് പുറമെ ടി20 മത്സരങ്ങളില്‍ കുറഞ്ഞ തവണ മാത്രം ഡക്ക് ആയ താരമെന്ന പ്രത്യേകത കൂടിയുണ്ട് ലാനിങ്ങിന്. കരിയറിലെ 132 ഇന്നിങ്‌സുകളില്‍ 121ലും മെഗ് ലാനിങ് ഡക്ക് രജിസ്റ്റര്‍ ചെയ്തിട്ടില്ല.
ഏകദിന ക്രിക്കറ്റില്‍ 2011ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു അരങ്ങേറ്റം. 2013ല്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റിലും അരങ്ങേറി. ട്വന്റി20 ക്രിക്കറ്റില്‍ 2010ല്‍ ന്യൂസിലന്‍ഡിനെതിരെയായിരുന്നു മെഗ് ലാനിങ്ങിന്റെ അരങ്ങേറ്റം.
Content Highlights: Seven sensational records of Meg Lanning