| Saturday, 26th October 2024, 8:55 pm

കസ്റ്റഡിയിലിരിക്കെ ലോറന്‍സ് ബിഷ്ണോയിയുടെ അഭിമുഖം; ഏഴ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഡ്: കസ്റ്റഡിയിലിരിക്കെ അഭിമുഖം നല്‍കാന്‍ ലോറന്‍സ് ബിഷ്ണോയിക്ക് സൗകര്യമൊരുക്കിയതില്‍ ഏഴ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. പഞ്ചാബിലെ രണ്ട് ഡെപ്യൂട്ടി സൂപ്രണ്ട് റാങ്ക് ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

ഡി.എസ്.പിമാരായ ഗുര്‍ഷര്‍ സിങ് സന്ധു, സമ്മര്‍ വനീത്, സബ് ഇന്‍സ്‌പെക്ടര്‍മാരായ റീന, ജഗത്പാല്‍ ജംഗു, ഷഗന്‍ജിത് സിങ്, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ മുഖ്ത്യാര്‍ സിങ്, ഹെഡ് കോണ്‍സ്റ്റബിള്‍ ഓം പ്രകാശ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

2022ല്‍ ലോറന്‍സ് ബിഷ്ണോയിയുടെ അഭിമുഖം ഒരു സ്വകാര്യ ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്നു. അന്വേഷണം നടത്തിയ ഉന്നത നേതൃത്വം സംഭവം സ്ഥിരീകരിക്കുകയും ചെയ്തു.

ഖരാര്‍ സി.ഐ.എ.യുടെ കസ്റ്റഡിയിലിരിക്കെയാണ് സംഭവം. 2022 സെപ്റ്റംബര്‍ മൂന്ന്, നാല് തീയതികളില്‍ ലോറന്‍സ് ബിഷ്ണോയി ചാനലിന് വീഡിയോ അഭിമുഖം നല്‍കുകയായിരുന്നു. രണ്ട് അഭിമുഖങ്ങളാണ് ലോറന്‍സ് ബിഷ്ണോയി ചാനലിന് നല്‍കിയത്. ഗായകന്‍ സിദ്ധു മൂസ്‌വാലയുടെ ഒന്നാം ചരമവാര്‍ഷികം സംബന്ധിച്ചായിരുന്നു അഭിമുഖം.

2022 മെയ് 29 ന് അജ്ഞാതരായ അക്രമികള്‍ മൂസ്‌വാലയെ വെടിവച്ച് കൊല്ലുകയായിരുന്നു. പിന്നീട് കാനഡ ആസ്ഥാനമായുള്ള ഗോള്‍ഡി ബ്രാര്‍ എന്ന ഗുണ്ടാസംഘവും ലോറന്‍സ് ബിഷ്ണോയി സംഘത്തിലെ അംഗങ്ങളും കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

അഭിമുഖം നല്‍കിയത് വിവാദമായതോടെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘത്തെ രൂപീകരിക്കുകയായിരുന്നു. പ്രത്യേക ഡി.ജി.പി പ്രബോധ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു എസ്.ഐ.ടിയെ രൂപീകരിച്ചത്.

നിലവില്‍ പഞ്ചാബ് ആഭ്യന്തര സെക്രട്ടറി ഗുര്‍കിരാത് കിര്‍പാല്‍ സിങ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് ഏഴ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തത്. കസ്റ്റഡിയുടെ ഗൗരവം കണക്കിലെടുത്താണ് നടപടി.

അടുത്തിടെ എന്‍.സി.പി മുന്‍ എം.എല്‍.എ ബാബ സിദ്ദിഖിയെ വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍, ബിഷ്ണോയി സംഘം ഉത്തരവാദിത്തം ഏറ്റെടുത്തതോടെ ലോറന്‍സ് ബിഷ്ണോയിയുടെ പേര് വീണ്ടും ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. ഇയാള്‍ക്കെതിരെ രാജസ്ഥാന്‍, ദല്‍ഹി, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഖാലിസ്ഥാന്‍ നേതാവായ ഹര്‍ദീപ് സിങ് നിജ്ജര്‍ കൊല്ലപ്പെട്ടതില്‍ കാനേഡിയന്‍ സര്‍ക്കാര്‍ ലോറന്‍സ് ബിഷ്ണോയിക്കെതിരെ ആരോപണം ഉയര്‍ത്തിയിരുന്നു.

Content Highlight: Seven police officers suspended for facilitating custodial interview of Lawrence Bishnoi

We use cookies to give you the best possible experience. Learn more