കൊല്‍ക്കത്ത: ബംഗാളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടമായി നടത്താനുള്ള തീരുമാനം സംസ്ഥാനത്തെ തകര്‍ക്കുന്നതിനുള്ള ബി.ജെ.പി ഗൂഢാലോചനയാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.
തെരഞ്ഞെടുപ്പ് നീളുന്നതില്‍ തനിക്ക് പ്രശ്‌നമില്ലെന്നും എന്നാല്‍ ബംഗാളിലെ ജനങ്ങള്‍ ബി.ജെ.പിയ്ക്ക് മാപ്പ് നല്‍കില്ലെന്നും മമത പറഞ്ഞു. 2014ല്‍ അഞ്ച് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടത്തിയതെന്ന് മമത പറഞ്ഞു.
യു.പിയില്‍ 80 ഉം ബീഹാറില്‍ 40ഉം ബംഗാളില്‍ 42ഉം സീറ്റുകളാണുള്ളതെന്ന് മമത പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഈ മൂന്ന് സംസ്ഥാനങ്ങളാണ് പ്രധാന റോള്‍ നിര്‍വഹിക്കുകയെന്നും അവര്‍ പറഞ്ഞു.
ബംഗാളില്‍ തൃണമൂലിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ഇന്നാണ് പുറത്തു വിടുന്നത്. വൈകീട്ട് 3:30നാണ് പ്രഖ്യാപനമുണ്ടാവുക.
നിലവില്‍ 34 എം.പിമാരാണ് തൃണമൂലിനുള്ളത്. ഇവരില്‍ ബിഷ്ണുപൂര്‍ എം.പിയായ സൗമിത്രഖാന്‍ ബി.ജെ.പിയിലേക്ക് കൂറുമാറുകയും ബോല്‍പൂര്‍ എം.പിയായ അനുപം ഹസ്ര അച്ചടക്ക നടപടിയുടെ ഭാഗമായി പാര്‍ട്ടിയില്‍ നിന്ന് പുറത്തുമാണ്.