കോഴിക്കോട്: കോഴിക്കോട് സൗത്ത് കടപ്പുറത്ത് ഏഴ് പേര്‍ക്ക് മിന്നലേറ്റു. കടലില്‍ നിന്ന് വള്ളം കരയ്ക്ക് അടുപ്പിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഏഴുപേരെയും കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഷറഫ്, അനില്‍, ഷെരീഫ്, മനാഫ്, സുബൈര്‍, സലിം, അബ്ദുല്‍ ലത്തീഫ് എന്നിവര്‍ക്കാണ് ഇടിമിന്നലേറ്റത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി.
വ്യാഴാഴ്ച രണ്ട് മണിയോടെ കോഴിക്കോട് നഗരത്തിലും മറ്റും വലിയ രീതിയില്‍ ഇടിയും മിന്നലുമുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് ഈ ഏഴ് പേര്‍ക്ക് ഇടിമിന്നലേറ്റത്. ഈ സമയം ഇവര്‍ കടലിലായതിനാലും ജില്ലയില്‍ മഴ മാറി നില്‍ക്കുന്ന സാഹചര്യമായതിനാലുമാണ് അപകടത്തിന്റെ ആഘാതം വര്‍ധിച്ചത്.
കേരളത്തില്‍ കാലാവര്‍ഷമെത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് സംഭവം. ശക്തമായ ഇടിമിന്നല്‍ ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശം നല്‍കിയിരുന്നു.