കേരളത്തില്‍ ബി.ജെ.പി ഭരിക്കുന്ന പത്തില്‍ ഏഴ് സഹകരണ സംഘങ്ങളിലും ക്രമക്കേട്
Kerala News
കേരളത്തില്‍ ബി.ജെ.പി ഭരിക്കുന്ന പത്തില്‍ ഏഴ് സഹകരണ സംഘങ്ങളിലും ക്രമക്കേട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th September 2023, 8:30 pm

തിരുവനന്തപുരം: കേരളത്തില്‍ ബി.ജെ.പി നേതൃത്വം നല്‍കുന്ന 10ല്‍ ഏഴ് സഹകരണ സംഘങ്ങളും ക്രമക്കേട് കണ്ടെത്തിയ ലിസ്റ്റില്‍. സഹകരണ സംഘം രജിസ്ട്രാരുടെ റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച കണക്കുള്ളത്.

സംസ്ഥാനത്ത് 16,255 സഹകരണ സംഘങ്ങളാണ് സഹകരണ വകുപ്പിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ ആകെ നടത്തിയ ഓഡിറ്റിന്റെ പ്രാഥമിക റിപ്പോര്‍ട്ടാണ് സഹകരണ രജിസ്ട്രാര്‍ പുറത്തുവിട്ടിട്ടുള്ളത്.

ഊരുട്ടമ്പലം ഹൗസിങ്ങ് സൊസൈറ്റി, ചിത്തിര തിരുന്നാള്‍ ഫാര്‍മേഴ്‌സ് ബാങ്ക് തിരുവനന്തപുരം, ബാലരാമപുരം പഞ്ചായത്തിലെ റെസിഡന്‍സ് അസോസിയേഷന്‍ സൊസൈറ്റി, ആറാട്ടുപുഴ സര്‍വീസ് സഹകരണം, കാസര്‍ഗോട്ടെ മുഗു സര്‍വീസ് സഹകരണ ബാങ്ക്, കുമ്പള സര്‍വീസ് ബാങ്ക്, കുഡ്‌ലു സര്‍വീസ് ബാങ്ക് എന്നീ ബി.ജെ.പി ഭരിക്കുന്ന ബാങ്കുകളിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്.

ഈ സൊസൈറ്റികളില്‍ ഇ.ഡിയുടെ പരിശോധനയോ ഇടപെടലോ ഉണ്ടായില്ലെന്ന ആക്ഷേപവുമുണ്ട്.

അതേസമയം, ക്രമക്കേടുകള്‍ കണ്ടെത്തിയതില്‍ കൂടുതല്‍ സംഘങ്ങള്‍ യു.ഡി.എഫ് ഭരണസമിതികളെന്നാണ് സഹകരണ സംഘം രജിസ്ട്രാരുടെ റിപ്പോര്‍ട്ട്. ക്രമക്കേട് കണ്ടെത്തിയ 272 സഹകരണ സംഘങ്ങളില്‍ 202 സംഘങ്ങളും യു.ഡി.എഫ് നിയന്ത്രണത്തിലാണെന്ന് സഹകരണ രജിസ്ട്രാരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എല്‍.ഡി.എഫ് ഭരിക്കുന്ന 63 സഹകരണ സംഘങ്ങളിലാണ് ക്രമക്കേട് കണ്ടെത്തിയത്.

കരുവന്നൂര്‍ തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ സഹകരണ സംഘങ്ങള്‍ സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഒരു മാസം മുമ്പ് ഇതുസംബന്ധിച്ച ഒരു റിപ്പോര്‍ട്ട് സര്‍ക്കാര്‍ നേരത്തെ തന്നെ സമര്‍പ്പിച്ചിരുന്നു. ഇതിലെ ചില ഭാഗങ്ങള്‍ സംബന്ധിച്ച വിവരങ്ങളാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. റിപ്പോര്‍ട്ടിലെ പൂര്‍ണവിവരം പുറത്തുവന്നിട്ടില്ല.

 Content Highlight: Seven of the 10 cooperative societies led by the BJP in Kerala have found irregularities in the list