മുംബൈ: മുംബൈയിലെ ഇരുനില കെട്ടിടത്തിന് തീ പിടിച്ച് ഒരു കുടുംബത്തിലെ ഏഴ് പേർ മരണപ്പെട്ടു. ഇന്ന് പുലർച്ചെയാണ് സംഭവം ഉണ്ടായത്. കടയും താമസ സൗകര്യവും ഉണ്ടായിരുന്ന ഇരുനില കെട്ടിടത്തിലാണ് തീ പിടിത്തമുണ്ടായത്.
പുലർച്ചെ 5.20നാണ് ‘ലെവൽ വൺ’ കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. കടയായി ഉപയോഗിച്ചിരുന്ന കെട്ടിടത്തിൻ്റെ താഴത്തെ നിലയിലാണ് തീ പടർന്നത്. മുകൾ നില താമസ സ്ഥലമായിരുന്നു.
താഴത്തെ കടയിലെ ഇലക്ട്രിക് വയറിങ്ങും ഇൻസ്റ്റാളേഷനും തീപിടിച്ച് മുകളിലത്തെ നിലയിലേക്ക് പടരുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രാഥമിക നിഗമനത്തിൽ അപകടകാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് പൊലീസ് പറയുന്നത്. അപകടകാരണം ഉദ്യോഗസ്ഥർ അന്വേഷിക്കുമെന്ന് ഡി.സി.പി സോൺ ഹേംരാജ് സിംഗ് രജ്പുത് പറഞ്ഞു.
സിദ്ധാർത്ഥ് കോളനിയിലെ കെട്ടിടത്തിലാണ് അപകടം ഉണ്ടായത്. ഗുരുതരമായി പൊള്ളലേറ്റവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിൽ കുടുംബത്തിലെ ഏഴും പത്തും വയസുള്ള കുട്ടികൾ ഉൾപ്പെടെയാണ് മരണപ്പെട്ടത്. പാരീസ് ഗുപ്ത (7), മഞ്ജു പ്രേം ഗുപ്ത (30), അനിതാ ഗുപ്ത (39), പ്രേം ഗുപ്ത (30), നരേന്ദ്ര ഗുപ്ത (10) എന്നിവരാണ് കൊല്ലപ്പെട്ടത്. മരിച്ച മറ്റ് രണ്ട് പേരുടെ വിശദാംശങ്ങൾ ഇനിയും ഉദ്യോഗസ്ഥർ പുറത്ത് വിട്ടിട്ടില്ല.
Content Highlight: Seven of family killed in massive building fire in Mumbai’s Chembur