| Sunday, 5th December 2021, 7:32 pm

മഹാരാഷ്ട്രയില്‍ 7 പേര്‍ക്ക് കൂടി ഒമിക്രോണ്‍; രാജ്യത്ത് ആകെ രോഗം ബാധിച്ചത് 12 പേര്‍ക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ ഏഴ് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയില്‍ മാത്രം ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി.

ശനിയാഴ്ചയായിരുന്നു മഹാരാഷ്ട്രയില്‍ ആദ്യത്തെ ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചിരുന്നത്.

ഞായറാഴ്ച രോഗം സ്ഥിരീകരിച്ച 7 പേരില്‍ നാല് പേര്‍ വിദേശയാത്ര കഴിഞ്ഞ് എത്തിയവരാണ്. മൂന്ന് പേര്‍ക്ക് ഇവരില്‍ നിന്നും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത് എന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.

അതേസമയം, ഇക്കാര്യം പ്രതീക്ഷിച്ചിരുന്നതായാണ് ആരോഗ്യവകുപ്പ് പറയുന്നത്. വിദേശയാത്ര കഴിഞ്ഞെത്തിയ 30 പേരില്‍ കൊവിഡ് ബാധ കണ്ടെത്തിയതിയതായി മഹാരാഷ്ട്ര ആരോഗ്യമന്ത്രി ശനിയാഴ്ച വ്യക്തമാക്കിയിരുന്നു.

ഇവരില്‍ നിന്നുമുള്ള ഏഴ് പേരുടെ പരിശോധനാ ഫലമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇനിയും പരിശോധനാഫലങ്ങള്‍ പുറത്ത് വരാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ടാക്ട് ട്രെയ്‌സിംഗ് അടക്കമുള്ള നടപടികള്‍ കൃത്യമായി നടപ്പിലാക്കിയതായാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ആദ്യം രോഗം ബാധിച്ച വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയിലണ്ടായിരുന്ന 35 പേരെ കണ്ടെത്തുകയും അവര്‍ക്ക് കൊവിഡ് പോലും ഇല്ല എന്ന് ഉറപ്പാക്കുകയും ചെയ്തിരുന്നു.

ഒമിക്രോണിനെ പ്രതിരോധിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നേരത്തെ തന്നെ ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. നവംബര്‍ 28 മുതല്‍ വിദേശത്ത് നിന്നും എത്തുന്ന യാത്രക്കാരെ കൃത്യമായി നിരീക്ഷിക്കുകയും നിര്‍ബന്ധിത ക്വാറന്റൈന്‍ അടക്കമുള്ള നടപടികളും സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നു.

രാജ്യത്താകെ 12 പേര്‍ക്കാണ് ഇതുവരെ ഒമിക്രോണ്‍ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം\

Content Highlight: Seven more Omicron cases in Maharashtra

We use cookies to give you the best possible experience. Learn more